വാഷിംഗ്ടണ്‍: പ്രശസ്ത കാർട്ടൂൺ രചയിതാവ് സ്‌കോട്ട് ആഡംസിന്റെ ദില്‍ബെര്‍ട്ട് കാര്‍ട്ടൂണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കൻ പത്രങ്ങള്‍. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ ആഡംസ് 'വിദ്വേഷ സംഘം' എന്ന് വിളിക്കുകയും കറുത്ത വര്‍ഗക്കാരുടെ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വെളുത്ത വര്‍ഗക്കാരോട് യൂട്യൂബ് വീഡിയോയിലൂടെ ആഹ്വാനം ചെയ്തതിനെയും തുടര്‍ന്നുമാണ് വിലക്ക്.
ബോസ്റ്റണ്‍ ഗ്ലോബ്, ലോസ് ആഞ്ചലസ് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ നിരവധി അമേരിക്കന്‍ പത്രങ്ങളാണ് വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ആഡംസിന്റെ ദില്‍ബെര്‍ട്ട് ഒഴിവാക്കിയത്. 43 ഓളം സംസ്ഥാനങ്ങളിലായി 300 ലധികം പ്രാദേശിക മാധ്യമങ്ങള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ അമേരിക്കന്‍ പ്രസാധകരായ യുഎസ്എ ടുഡേ നെറ്റ്‌വർക്കും ഉടന്‍ തന്നെ വിലക്കേര്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
'അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെ ഞങ്ങള്‍ ബഹുമാനിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ഞങ്ങളുടെ സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ മൂല്യങ്ങളുമായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പൊരുത്തപ്പെടുന്നില്ല' എന്ന് യുഎസ് ടുഡേ നെറ്റ്‌വർക്ക് ഗ്രൂപ്പിന്റെ പ്രസാധകന്‍ ഗ്രാനറ്റ് വ്യക്തമാക്കി.
മാത്രമല്ല ആളുകള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയ സ്‌കോട്ട് ആഡംസിന്റെ ദില്‍ബര്‍ട്ട് കാര്‍ട്ടൂണുകള്‍ക്ക് വാഷിങ്ടണ്‍ പോസ്റ്റ് വിലക്കേര്‍പ്പെടുത്തുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കി. കാര്‍ട്ടൂണ്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വായനക്കാരാണ് ഓഫീസില്‍ ബന്ധപ്പെട്ടതെന്നും അവര്‍ വിശദീകരിച്ചു.
ആഡംസിന്റെ കാര്‍ട്ടൂണുകള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ജനരോഷം ശക്തമായിരുന്നു. നേരത്തെ അമേരിക്കയിലെ വൈവിധ്യങ്ങളെ കുറിച്ച് അവതരിപ്പിച്ച ആഡംസ്, ഇപ്പോള്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരെ രംഗത്തെത്തുന്നുവെന്നാണ് ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.