ഇസ്ലാമാബാദ്: ഇറ്റലിക്കു സമീപം അഭയാര്‍ത്ഥികളെ കയറ്റിയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച 62 പേരില്‍ 24 പേര്‍ പാകിസ്ഥാന്‍ സ്വദേശികള്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച തെക്കന്‍ ഇറ്റാലിയന്‍ തീരത്തിന് സമീപത്തെ പാറകളിലിടിച്ചാണ് വന്‍ ദുരന്തമുണ്ടായത്.
'ഇറ്റാലിയന്‍ തീരത്തുണ്ടായ ബോട്ടപകടത്തില്‍ 24 പാകിസ്താനികള്‍ മരിച്ചെന്ന റിപ്പോര്‍ട്ട് ആശങ്കാജനകമാണ്. വസ്തുതകള്‍ പരിശോധിച്ച ശേഷം എത്രയും വേഗം മൃതദേഹങ്ങള്‍ രാജ്യത്തെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്' -ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
അപകടത്തില്‍ പെട്ട 81 പേരെ രക്ഷിച്ചതായി അധികൃതര്‍ പറഞ്ഞു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെയും വഹിച്ചുകൊണ്ട് ബോട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് തുര്‍ക്കിയില്‍ നിന്ന് യാത്ര ആരംഭിച്ചത്. തെക്കന്‍ ഇറ്റാലിയന്‍ പട്ടണമായ ക്രോട്ടോണിന് സമീപം തീരമണയാനുള്ള ശ്രമത്തിനിടെയാണ് തടി ബോട്ട് പാറക്കെട്ടുകളില്‍ ഇടിച്ചത്.
മരിച്ചവരില്‍ ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞടക്കം 12 കുട്ടികളെങ്കിലും ഉണ്ടെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 20 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 30 പേരെ കാണാതായതായി സംശയിക്കുന്നു. 200 ലധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് അനുമാനം.
യൂറോപ്പിലേക്ക് കുടിയേറ്റക്കാരെ കടത്തുന്നതിന് മനുഷ്യക്കടത്ത് സംഘം ഏറ്റവുമധികം ഉപയോഗിക്കുന്ന റൂട്ടാണ് തുര്‍ക്കിയിലേത്. കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന ലാന്‍ഡിങ് പോയിന്റുകളിലൊന്നാണ് ഇറ്റലി.
യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളില്‍നിന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് ഇപ്പോഴും യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് തുടരുകയാണ്. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റലി വഴിയാണ് ഏറെപ്പേരും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്
യുണൈറ്റഡ് നേഷന്‍സ് മിസിങ് മൈഗ്രന്റ്‌സ് പ്രോജക്റ്റ് 2014 മുതല്‍ സെന്‍ട്രല്‍ മെഡിറ്ററേനിയനില്‍ 17,000-ത്തിലധികം മരണങ്ങളും തിരോധാനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം 220-ലധികം പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തതായാണ് കണക്കുകള്‍.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനി, അപകടകരമായ യാത്രാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന മനുഷ്യക്കടത്തുകാര്‍ ഇത്തരം ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്നതാണെന്ന് വിമര്‍ശിച്ചു. മെച്ചപ്പെട്ട യുറോപ്യന്‍ ജീവിതം' എന്ന മായികസ്വപ്നം അഭയാര്‍ഥികള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മെലാനി പറഞ്ഞു. ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ച് കുടിയേറ്റത്തിനെതിരേ ശക്തമായ പ്രതിഷേധം ജോര്‍ജിയ മെലാനി മുന്‍പും പ്രകടിപ്പിച്ചിട്ടുണ്ട്.
രഹസ്യമായി നടത്തുന്ന ഇത്തരം കുടിയേറ്റ ബോട്ട് യാത്രകള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജോര്‍ജിയ മെലാനി യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.