ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനി മാര്‍ച്ച് രണ്ടിന് ഇന്ത്യയിലെത്തും; നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനി മാര്‍ച്ച് രണ്ടിന് ഇന്ത്യയിലെത്തും; നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനി വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും. വിദേശകാര്യ മന്ത്രാലയം സഹ-ആതിഥേയത്വം വഹിക്കുന്ന റെയ്‌സിന ഡയലോഗില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ജോര്‍ജിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. ഉപപ്രധാനമന്ത്രി അന്റോണിയോ തജാനിയും ഉന്നത വ്യവസായ പ്രതിനിധി സംഘവും മെലാനിയെ അനുഗമിക്കും.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയുടെ സന്ദര്‍ശനം ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. 2018 ഒക്ടോബറില്‍ അന്നത്തെ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഇന്ത്യ സന്ദര്‍ശിച്ചതിന് ശേഷം ഒരു മുതിര്‍ന്ന ഇറ്റാലിയന്‍ നേതാവ് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്.

ജിയോ പൊളിറ്റിക്‌സ്, ജിയോ ഇക്കണോമിക്‌സ് എന്നിവയെക്കുറിച്ചുള്ള രാജ്യത്തെ പ്രധാന സമ്മേളനമായ റെയ്‌സിന ഡയലോഗില്‍ അവര്‍ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകയും ആയിരിക്കും. മാര്‍ച്ച് 3,4 തീയതികളിലാണ് റെയ്സിന ഡയലോഗ് സമ്മേളനം നടക്കുന്നത്.

'ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷയും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തും, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കും, ശാസ്ത്ര-സാങ്കേതിക രംഗത്തെ സഹകരണത്തിന് തന്ത്രപരമായ മാര്‍ഗനിര്‍ദേശം നല്‍കും' - മന്ത്രാലയം പറഞ്ഞു.

മാര്‍ച്ച് രണ്ടിന് രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ മെലാനിക്ക് ആചാരപരമായ സ്വീകരണം നല്‍കും. അതിനു ശേഷമായിരിക്കും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതേ ദിവസം തന്നെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയും കൂടിയാണിത്.

കത്തോലിക്കാ വിശ്വാസവും സുവിശേഷ നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന മെലാനിയുടെ ശക്തമായ നിലപാടുകള്‍ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. സ്വവര്‍ഗ ലൈംഗികത, ഭ്രൂണഹത്യ, അനിയന്ത്രിതമായ കുടിയേറ്റം എന്നിവയെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് ഇവര്‍.
പൊതുവേദികളിലും തന്റെ ക്രൈസ്തവ വിശ്വാസ നിലപാടുകള്‍ മെലാനി ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.