കീവ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സ്വന്തം വിശ്വസ്ഥരാൽ കൊല്ലപ്പെടുമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂസ്‍വീക്ക് പുറത്തിറക്കിയ ഇയർ എന്ന ഡോക്യുമെന്ററിയിലാണ് സെലെൻസ്കിയുടെ പരാമർശം.
പുടിന്റെ നേതൃത്വം ഉടൻ ദുർബലമായിത്തുടങ്ങുമെന്നും വിശ്വസ്തർ തന്നെ അദ്ദേഹത്തിനെതിരെ നീക്കങ്ങൾ നടത്തുമെന്നും സെലൻസ്കി അവകാശപ്പെടുന്നു. റഷ്യയ്ക്കുള്ളിൽ നിന്നുതന്നെയാവും പുടിന്റെ ഭരണത്തിനെതിരായ നീക്കങ്ങൾ തുടങ്ങുക
‘‘പുടിൻ ഭരണത്തിന്റെ പാളിച്ചകൾ റഷ്യ തിരിച്ചറിയുന്ന നിമിഷം ഉണ്ടാകും. അക്രമികൾ തന്നെ അക്രമിയെ വിഴുങ്ങും. കൊലയാളിയെ കൊല്ലാൻ അവർ കാരണം കണ്ടെത്തും. എന്നാൽ അത് ഏപ്പോഴാണെന്ന് എനിക്കറിയില്ല’’ സെലെൻസ്കി പറഞ്ഞു.
റഷ്യ - ഉക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ പുടിന്റെ വിശ്വസ്തരിൽ നിരാശ പടരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സെലൻസ്കിയുടെ പരാമർശം. യുദ്ധമുന്നണിയിലുള്ള റഷ്യൻ സൈനികർ പരാതി ഉന്നയിക്കുന്നതിന്റെയും കരയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പുടിന്റെ വിശ്വസ്തർക്കിടയിൽ നിരാശ പടർന്നു തുടങ്ങിയതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തിരുന്നു.
മാത്രമല്ല ക്രിമിയ ഉൾപ്പെടെ ഉക്രെയ്നിന്റെ ഭാഗമായിരുന്ന എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കുമെന്നും സെലെൻസ്കി പറഞ്ഞു. ഡോൺബാസ് മേഖലയിൽ ഉക്രെയ്ൻ സംയുക്ത സേനയുടെ കമാൻഡറായ എഡ്വേഡ് മൊസ്കലിയോവിനെ പുറത്താക്കിയതായിയും അദ്ദേഹം അറിയിച്ചു. എന്നാൽ 2022 മാർച്ച് മുതൽ ഈ പദവിയിലുള്ള മൊസ്കലിയോവിനെ പുറത്താക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.