'മരണയാത്ര'ക്ക് പ്രതികള്‍ ഈടാക്കിയത് ഏഴു ലക്ഷത്തോളം രൂപ
80 അഫ്ഗാനികള്‍ മരിച്ചതായി താലിബാന്‍ സര്‍ക്കാര്‍
റോം: ഇറ്റലിയില്‍ കടലില്‍ ബോട്ട് തകര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 65 അഭയാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പാകിസ്ഥാന്‍ പൗരന്മാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. മനുഷ്യക്കടത്തിനാണ് രണ്ട് പാകിസ്ഥാന്‍ പൗരന്മാരെയും ഒരു തുര്‍ക്കി സ്വദേശിയെയും ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. കടല്‍ മാര്‍ഗം അനധികൃതമായി കുടിയേറ്റക്കാരെ ഇറ്റലിയില്‍ എത്തിക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറ്റലിയുടെ ആഭ്യന്തര മന്ത്രി മറ്റിയോ പിയാന്റെദോസി മുന്നറിയിപ്പ് നല്‍കിയിരുന്നു.
തടികൊണ്ടു നിര്‍മിച്ച ബോട്ടില്‍ 200 പേരോളം ഉണ്ടായിരുന്നു. അവരില്‍ ഭൂരിഭാഗവും അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സൊമാലിയ, സിറിയ, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 പേരെ രക്ഷപെടുത്തിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
ഇന്നു രാവിലെയും രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. മരണസംഖ്യ 100 കവിയുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മോശം കാലാവസ്ഥയെ അവഗണിച്ചാണ് അഭയാര്‍ത്ഥികള്‍ ബോട്ടില്‍ തുര്‍ക്കിയിലെ ഇസ്മിറില്‍ നിന്ന് ഇറ്റലിയിലെ കാലാബ്രിയയിലേക്കു യാത്ര ചെയ്തത്. പിടിയിലായ മൂന്ന് പേരും ബോട്ടിലുണ്ടായിരുന്നു. തീരമണയാന്‍ ശ്രമിക്കുന്നതിനിടെ, പ്രക്ഷുബ്ദമായ കാലാവസ്ഥയില്‍ പാറയില്‍ ഇടിച്ചാണ് കപ്പല്‍ മുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
അപകടം പിടിച്ച യാത്രയ്ക്കായി അഭയാര്‍ത്ഥികളില്‍നിന്ന് 8,000 യൂറോ വീതം (ഏഴു ലക്ഷത്തോളം രൂപ) പിടിയിലായവര്‍ ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു.
അതേസമയം, ബോട്ട് ദുരന്തത്തില്‍ കുട്ടികളടക്കം 80 അഫ്ഗാന്‍ പൗരന്മാര്‍ മരിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വത്തിലുള്ള വിദേശകാര്യ മന്ത്രാലയം പറയുന്നു. എന്നാല്‍ 65 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പെട്ടികളില്‍ ക്രോട്ടോണിലെ ഒരു സ്പോര്‍ട്സ് ഹാളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കൈക്കുഞ്ഞ് ഉള്‍പ്പെടെ 12 കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
വിവിധ ഏജന്‍സികളുടെ കണക്കനുസരിച്ച്, 2014 മുതല്‍ മധ്യ മെഡിറ്ററേനിയന്‍ കടലില്‍ 20,000-ത്തിലധികം ആളുകള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.