സസ്‌പെന്‍സുകള്‍ക്ക് അവസാനം; ത്രിപുരയിലും നാഗാലാന്‍ഡിലും കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി: മേഘാലയയില്‍ എന്‍പിപി വലിയ ഒറ്റക്കക്ഷി

സസ്‌പെന്‍സുകള്‍ക്ക് അവസാനം; ത്രിപുരയിലും നാഗാലാന്‍ഡിലും കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി: മേഘാലയയില്‍ എന്‍പിപി വലിയ ഒറ്റക്കക്ഷി

ന്യൂഡല്‍ഹി: ലീഡ് നില മാറി മറിഞ്ഞെങ്കിലും ത്രിപുരയില്‍ ബിജെപി ഭരണം ഉറപ്പിച്ചു. കേവല ഭൂരിപക്ഷം കടന്ന് ലീഡ് നില ഉയര്‍ത്തിയ ബിജെപി 34 സീറ്റുകളിലാണ് ഇപ്പോള്‍ മുന്നേറുന്നത്.

തുടര്‍ഭരണം ഉറപ്പിച്ചതോടെ അഗര്‍ത്തലയിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. മുഖ്യ പ്രതിപക്ഷമായ ഇടതുമുന്നണി 12 സീറ്റിലും ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് നാലിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്.

ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തി ആദിവാസി മേഖലയില്‍ തിപ്ര മോത തേരോട്ടം നടത്തി. 12 ഇടത്താണ് തിപ്ര മോത ലീഡ് ഉയര്‍ത്തുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബിജെപി ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, ഒരു ഘട്ടത്തില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം ബിജെപിയെ മറികടന്ന് മുന്നേറിയത് ഇടത് കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

25 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തരത്തിലാണ് ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം മുന്നേറിയത്. എന്നാല്‍ വീണ്ടും ബിജെപി ലീഡ് ഉയര്‍ത്തുകയായിരുന്നു.

മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 60 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 26 ഇടത്താണ് എന്‍പിപി മുന്നിട്ട് നില്‍ക്കുന്നത്. എന്‍പിപിയുടെ മുന്‍ സഖ്യകക്ഷിയായ ബിജെപി അഞ്ചിടത്താണ് ലീഡ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് അഞ്ച്, ത്രിണമൂല്‍ കോണ്‍ഗ്രസ് അഞ്ച് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ ലീഡ് നില.

നാഗാലാന്‍ഡിലും ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കി. 60 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40 ഇടത്താണ് ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ ബിജെപി മാത്രം 14 ഇടത്താണ് ലീഡ് ചെയ്യുന്നത്. എന്‍പിഎഫ് മൂന്നിടത്ത് മാത്രമാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് എവിടെയും ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.