മമതയ്ക്ക് മനംമാറ്റം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം: പറഞ്ഞാലും അങ്ങനെ പോകില്ലെന്ന പ്രതീക്ഷയില്‍ പ്രതിപക്ഷം

മമതയ്ക്ക് മനംമാറ്റം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം: പറഞ്ഞാലും അങ്ങനെ പോകില്ലെന്ന പ്രതീക്ഷയില്‍ പ്രതിപക്ഷം

കൊല്‍ക്കത്ത: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.

ബിജെപിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യും. സിപിഎമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയെ പിന്തുണയ്ക്കുക ആണെന്നും മമത പറഞ്ഞു.

ഇത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയായി കരുതാമെങ്കിലും തൃണമൂലിനെ തങ്ങള്‍ക്കൊപ്പം തന്നെ നിര്‍ത്താമെന്നാണ് മുഖ്യ പ്രതിപക്ഷ നേതാക്കളുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നൂറില്‍ താഴെ സീറ്റുകളില്‍ ഒതുക്കാമെന്ന് കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് ഗതിവേഗം കൂട്ടാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കായി പാര്‍ട്ടി ഇത്തവണ വാശി പിടിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യമുണ്ടാകണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. മമത തന്നെ മുന്‍കൈയെടുത്ത് ഇത്തരത്തില്‍ പല ചര്‍ച്ചകളും നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ പെട്ടന്നുള്ള മലക്കം മറിച്ചില്‍. ഇത് വെറും സമ്മര്‍ദ്ദ തന്ത്രം മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.