ഓസ്ട്രേലിയയിലെ ബ്രിസ്ബനില്‍ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണം; രണ്ട് മാസത്തിനിടെ ഇത് നാലാമത്തെ സംഭവം

ഓസ്ട്രേലിയയിലെ ബ്രിസ്ബനില്‍ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണം; രണ്ട് മാസത്തിനിടെ ഇത് നാലാമത്തെ സംഭവം

സിഡ്‌നി: ഓസ്ട്രേലിയയില്‍ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ബ്രിസ്ബനിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് മതതീവ്രവാദികളുടെ ആക്രമണമുണ്ടായത്. ഖാലിസ്ഥാന്‍ ഭീകര സംഘടനയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതെന്നാണ് വിലയിരുത്തല്‍. രണ്ട് മാസത്തിനിടെ ഓസ്ട്രേലിയയില്‍ ഇത് നാലാമത്തെ സംഭവമാണിത്.

ശനിയാഴ്ച രാവിലെ പ്രാര്‍ഥനയ്ക്ക് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ക്ഷേത്രത്തിന്റെ ചുവരുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയെ അധിക്ഷേപിച്ചുകൊണ്ടുള്ള എഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയിരിക്കുകയാണ്. ക്ഷേത്രത്തിലെ പൂജാരിമാരാണ് തന്നോട് വിവരം പറഞ്ഞതെന്നും പൊലീസിനോട് വിശദവിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ക്ഷേത്രം പ്രസിഡന്റ് സതീന്ദര്‍ ശുക്ലയെ ഉദ്ധരിച്ച് ദ ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.  

ബ്രിസ്ബനിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് നേരെ പാകിസ്ഥാനിലെ ലാഹോര്‍ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ഭീഷണി സന്ദേശം വന്നിരുന്നു. ഓസ്ട്രേലിയയിലെ ഹിന്ദുക്കളെ ഭയപ്പെടുത്താനുള്ള സിഖ് ഫോര്‍ ജസ്റ്റിസിന്റെ നീക്കമാണ് ഈ അതിക്രമങ്ങളെന്ന് ഹിന്ദു ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ സാറ എല്‍ ഗേറ്റ്സ് പറഞ്ഞു. ഈ കുറ്റകൃത്യം ആഗോളതലത്തില്‍ സിഖ് ഫോര്‍ ജസ്റ്റിസ് പിന്തുടരുന്ന മാതൃകയിലുള്ളതാണ്. ഓസ്ട്രേലിയന്‍ ഹിന്ദുക്കളെ ഭയപ്പെടുത്താനാണ് ശ്രമം. കുപ്രചരണങ്ങളും നിയമവിരുദ്ധമായ പ്രവര്‍ത്തികളും സൈബര്‍ ഭീഷണിപ്പെടുത്തലുമൊക്കെയാണ് അവരുടെ ശൈലി എന്നും സാറ ഗേറ്റ്‌സ് പ്രതികരിച്ചു.

ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുകയും വിഷയം ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26