മിന്‍സ്‌ക്: സമാധാനത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എയ്ല്‍സ് ബിയാലിയറ്റ്‌സ്‌കിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ബെലാറസ് കോടതി. രാജ്യത്ത് സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിന്റെ പേരിലാണ് നടപടി. ബിയാലിയറ്റ്‌സ്‌കിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.
കോടതി വിധിയെ അപലപിച്ച നൊബേല്‍ കമ്മിറ്റി അദ്ദേഹത്തിനെ എത്രയും വേഗം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
ജനാധിപത്യ അനുകൂല പ്രവര്‍ത്തകനായ ബിയാലിയറ്റ്സ്‌കി, സ്വേച്ഛാധിപത്യ രാജ്യത്തെ ഏറ്റവും പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പായ വിയസ്നയുടെ സ്ഥാപകനാണ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം 2021 ലാണ് ബിയാലിയാറ്റ്സ്‌കി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷമായി വിചാരണ തടവുകാരായി കഴിയുകയായിരുന്നു.
2020 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അലക്‌സാണ്ടര്‍ ലുകാഷെങ്കോയെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെലാറസില്‍ പ്രക്ഷോഭം ആരംഭിച്ചത്.
ശിക്ഷ അന്യായമാണെന്നും വിധി ഭയാനകമാണെന്നും ബെലാറസില്‍ നിന്ന് നാടുകടത്തപ്പെട്ട പ്രതിപക്ഷ നേതാവ് വിയാറ്റ്‌ലാന സിഖാനൗസ്‌കയ പ്രതികരിച്ചു. 'ഈ ലജ്ജാകരമായ അനീതിക്കെതിരെ പോരാടാനും അവരെ മോചിപ്പിക്കാനും നാം പരിശ്രമിക്കണം' - വിയാറ്റ്‌ലാന സിഖാനൗസ്‌കയ ട്വിറ്ററില്‍ കുറിച്ചു.
കുറ്റം നിഷേധിച്ച ബിയാലിയറ്റ്‌സ്‌കിക്ക് 12 വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. പോളണ്ട് പ്രധാനമന്ത്രിയും ശിക്ഷയെ അപലപിച്ച് രംഗത്തെത്തി. 'ഇന്നത്തെ വിധി ബെലാറസ് കോടതിയുടെ സമീപകാലത്തെ മറ്റൊരു അതിരുകടന്ന തീരുമാനമാണ്. അധികാരികള്‍ അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ശ്രമിച്ചു, പക്ഷേ ബെലാറസിലെ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് ബിയാലിയറ്റ്സ്‌കി ഒരിക്കലും പിന്‍വാങ്ങിയില്ല'- മാറ്റിയൂസ് മൊറാവിയെസ്‌കി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഏകാധിപത്യ ഭരണാധികാരിയായ അലക്സാണ്ടര്‍ ലുക്കാഷെങ്കോവിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി 1996-ല്‍ സ്ഥാപിച്ചതാണ് വിയസ്ന. സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തെ ക്രൂരമായി അടിച്ചമര്‍ത്തിയ ലുക്കാഷെങ്കോയുടെ നടപടിക്കെതിരെ പ്രതികരിച്ചു കൊണ്ടായിരുന്നു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.
പോലീസ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിയസ്ന പിന്തുണ നല്‍കി. രാഷ്ടീയ തടവുകാരെ ശാരീരികമായി പീഡിപ്പിക്കുന്നതിനെതിരെ സംഘടന നിയമ പോരാട്ടവും നടത്തി. 35000ലധികം പ്രതിഷേധിക്കാരെ ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
കഴിഞ്ഞ ഒക്ടോബറിലാണ് മനുഷ്യാവകാശം, ജനാധിപത്യം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബിയാലിയാറ്റ്‌സ്‌കിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. യുദ്ധ ഭൂമിയിലടക്കം നടത്തിയ പ്രവര്‍ത്തനങ്ങളും നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലും ഉക്രെയ്‌നിന്റെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമായി ചേര്‍ന്നായിരുന്നു ബിയാലിയറ്റ്‌സ്‌കിയുടെ പ്രവര്‍ത്തനം.
നൊബേല്‍ സമ്മാനം വിതരണസമയം ബിയാലിയറ്റ്സ്‌കി ജയിലിലായിരുന്നു. അദ്ദേഹത്തിനുവേണ്ടി ഭാര്യയാണ് പുരസ്‌കാരം സ്വീകരിച്ചത്. ബെലാറഷ്യന്‍ സാഹിത്യ പണ്ഡിതനും സ്‌കൂള്‍ അദ്ധ്യാപകനും മ്യൂസിയം ഡയറക്ടറുമായ ബിയാലിയാറ്റ്‌സ്‌കി 1980 മുതല്‍ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.