ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ പരിപാടിക്കിടെ ക്രിസ്തുവിനെ അധിക്ഷേപിച്ച് സ്വവര്‍ഗാനുരാഗിയായ ഹാസ്യതാരം; ജപമാലയുമായി യുവാക്കളുടെ പ്രതിഷേധം

ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ പരിപാടിക്കിടെ ക്രിസ്തുവിനെ അധിക്ഷേപിച്ച് സ്വവര്‍ഗാനുരാഗിയായ ഹാസ്യതാരം; ജപമാലയുമായി യുവാക്കളുടെ പ്രതിഷേധം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ടെലിവിഷന്‍ പരിപാടിക്കിടെ ക്രിസ്തുവിനെ അധിക്ഷേപിച്ച് ഹാസ്യ താരം നടത്തിയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. ചാനല്‍ ടെന്നില്‍ ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്ത 'ദ പ്രൊജക്റ്റ്' എന്ന സമകാലിക പരിപാടിക്കിടെയാണ് അതിഥിയായെത്തിയ ഹാസ്യതാരവും സ്വവര്‍ഗാനുരാഗിയുമായ റൂബന്‍ കെയ് ക്രൂശിതനായ യേശുവിനെ സംബന്ധിച്ച് ദ്വയാര്‍ത്ഥ പ്രയോഗമുള്ള പരാമര്‍ശം നടത്തിയത്. പരാമര്‍ശം കേട്ട് ഒപ്പമുള്ള സഹ താരങ്ങള്‍ ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രേക്ഷകരില്‍നിന്നും ക്രൈസ്തവ വിശ്വാസികളില്‍നിന്നും വലിയ തോതിലുള്ള വിമര്‍ശനം നേരിട്ടതിനെത്തുടര്‍ന്ന് പരിപാടിയുടെ അവതാരകര്‍ ക്ഷമാപണവുമായി രംഗത്തെത്തി.


ഹാസ്യനടന്‍, ഷോ ഗേള്‍ എന്നിങ്ങനെ ഓസ്ട്രേലിയയില്‍ അറിയപ്പെടുന്ന കലാകാരനാണ് റൂബന്‍ കേയ്. ജന്മം കൊണ്ട് പുരുഷനാണെങ്കിലും സ്റ്റേജ് ഷോകളില്‍ സ്ത്രീകളുടെ വേഷത്തിലാണ് എത്തുന്നത്. സ്വവര്‍ഗാനുരാഗിയാണ് റൂബന്‍ എന്നാണ് ഇയാളെക്കുറിച്ചുള്ള വ്യക്തി വിവരണങ്ങള്‍ വെളിപ്പെടുത്തുന്നത്.


റൂബന്‍ കെയ്

പരിപാടിയിലെ പരാമര്‍ശത്തിനെതിരേ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നത്. കത്തോലിക്ക സഭയുടെ സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷറും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

ചാനല്‍ ടെന്‍ മേധാവി ബെവര്‍ലി മക്ഗാര്‍വിയെ അഭിസംബോധന ചെയ്ത് അയച്ച കത്തില്‍, ചാനലില്‍ സംപ്രേഷണം ചെയ്ത മാപ്പപേക്ഷ നിര്‍ബന്ധിതവും ആത്മാര്‍ത്ഥതയില്ലാത്തതുമാണെന്ന് ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.

കിംഗ് സ്ട്രീറ്റില്‍ ജപമാല റാലിയുമായി പ്രതിഷേധം തീര്‍ത്ത് യുവാക്കള്‍

അതേസമയം റൂബന്‍ പ്രതിനിധീകരിക്കുന്ന എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന് പ്രാമുഖ്യമുള്ള ന്യൂടൗണിലെ കിംഗ് സ്ട്രീറ്റില്‍ ഒരു സംഘം യുവാക്കള്‍ ജപമാലയുമായി പ്രാര്‍ത്ഥിച്ചുകൊണ്ട് മാര്‍ച്ച് നടത്തിയത് ശ്രദ്ധേമായി. പരിപാടിയിലെ പരാമര്‍ത്തിനെതിരേയുള്ള സമാധാനപരമായ പ്രതിഷേധമായിരുന്നു മുപ്പതോളം പേരടങ്ങുന്ന യുവാക്കള്‍ നടത്തിയത്.


നിരവധി ബാറുകളും പബ്ബുകളുമുള്ള കിംഗ് സ്ട്രീറ്റിലെ ഫുട്പാത്തിലൂടെ തലയ്ക്ക് മുകളില്‍ ജപമാലകള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് യുവാക്കള്‍ മാര്‍ച്ച് ചെയ്തത് ക്രിസ്തുവിനോടുള്ള വിശ്വാസത്തെ പ്രഘോഷിക്കുന്നതായിരുന്നു. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ 'ക്രിസ്ത്യന്‍ ലൈവ്സ് മാറ്റര്‍' എന്ന ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിലും പങ്കിട്ടു. സ്വവര്‍ഗാനുരാഗികളുടെ വലിയ ആഘോഷമായ വേള്‍ഡ് പ്രൈഡിന്റെ സ്ഥിരം വേദിയായ കിംഗ് സ്ട്രീറ്റിലെ ജപമാലയേന്തിയുള്ള പ്രാര്‍ത്ഥനാനിര്‍ഭരമായ പ്രകടനം രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്.

അതേസമയം, പ്രകടനത്തിന് അനുമതിയില്ലെന്ന് ആരോപിച്ച് പോലീസ് രംഗത്തെത്തുകയും യുവാക്കളെ രാത്രിയോടെ പിരിച്ചുവിടുകയും ചെയ്തു.

ചാനല്‍ മേധാവിയെ ഈസ്റ്റര്‍ ഞായര്‍ കത്തീഡ്രലിലേക്ക് ക്ഷണിച്ച് ആര്‍ച്ച് ബിഷപ്പ്

ക്രൈസ്തവ വിശ്വാസം എന്താണെന്നു മനസിലാക്കാന്‍, ദുഃഖവെള്ളിയാഴ്ചയോ ഈസ്റ്റര്‍ ഞായറാഴ്ചയോ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ചാനല്‍ ടെന്നിന്റെ മേധാവിയെയും അതിന്റെ പ്രധാന പരിപാടിയായ ദ പ്രൊജക്റ്റിന്റെ നിര്‍മ്മാതാക്കളെയും സിഡ്‌നി സെന്റ് മേരീസ് കത്തീഡ്രലിലേക്ക് ആര്‍ച്ച് ബിഷപ്പ് ക്ഷണിച്ചു.


സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍

രാജ്യത്തുടനീളമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് തങ്ങള്‍ മൂലം വലിയ മാനസിക വിഷമം ഉണ്ടായിട്ടും അവതാരകര്‍ക്കതു നിസാരം പോലെയാണ് ക്ഷമാപണം കേട്ടാല്‍ തോന്നുക. ഈസ്റ്റര്‍ കാലയളവിന്റെ പ്രാധാന്യത്തെക്കുറിച്ചോ മാഹാത്മ്യത്തെക്കുറിച്ചോ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിവില്ലായിരുന്നു - ആര്‍ച്ച് ബിഷപ്പ് കത്തില്‍ പറഞ്ഞു,

ക്രിസ്തുവിനെ അധിപേക്ഷിച്ചുള്ള പരാമര്‍ശത്തിനെതിരേ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും ക്ഷമാപണത്തിന്റെ വീഡിയോ ക്ലിപ്പ് ചാനല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്നതും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഒരു വാര്‍ത്താ പരിപാടിയിലൂടെ ഓസ്ട്രേലിയക്കാരില്‍ പകുതിയിലധികം പേരുടെ വിശ്വാസങ്ങളെ നിശിതമായി പരിഹസിക്കുന്നത് അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.