യാത്രയ്ക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമം; തടഞ്ഞ ജീവനക്കാരന്റെ കഴുത്തില്‍ കുത്തി; യാത്രക്കാരന്‍ അറസ്റ്റില്‍

യാത്രയ്ക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമം; തടഞ്ഞ ജീവനക്കാരന്റെ കഴുത്തില്‍ കുത്തി; യാത്രക്കാരന്‍ അറസ്റ്റില്‍

ലോസ് ഏഞ്ചല്‍സ്: പറക്കുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച ക്യാബിന്‍ ക്രൂ അംഗത്തെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മസാച്യുസെറ്റ്സ് സ്വദേശിയായ 33 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫ്രാന്‍സിസ്‌കോ സെവേറോ ടോറസ് (33) ആണ് അറസ്റ്റിലായത്. ബോസ്റ്റണിലെ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ടോറസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ യുഎസ് ജില്ലാ കോടതി മജിസ്‌ട്രേറ്റ് ജഡ്ജിക്കു മുമ്പാകെ ഹാജരാക്കി. വിചാരണ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും. ലാന്‍ഡിംഗിന് 45 മിനിറ്റ് മുമ്പ് വിമാനത്തിന്റെ ഒരു വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതായി ജീവനക്കാര്‍ക്ക് കോക്പിറ്റില്‍ അലാറം ലഭിച്ചു. പരിശോധനയില്‍ എമര്‍ജന്‍സി ഡോറിന്റെ പൂട്ട് സ്ഥാനം മാറിക്കിടക്കുന്നതായി കണ്ടെത്തി. വാതിലിനടുത്തുള്ള ടോറസ് ആണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്ന് അറ്റന്‍ഡന്റ് ക്യാപ്റ്റനോട് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത് താനാണെന്നതിന് എന്തെങ്കിലും തെളിവുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വിമാനം എത്രയും വേഗം ലാന്‍ഡ് ചെയ്യണമെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ക്യാപ്റ്റനെ അറിയിച്ചു. താമസിയാതെ, ടോറസ് തന്റെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ക്രൂ അംഗങ്ങള്‍ക്കരികില്‍ എത്തി. തുടര്‍ന്ന് വാക്കുതര്‍ക്കത്തിനിടെ കൂര്‍ത്ത മെറ്റല്‍ സ്പൂണ്‍ ഉപയോഗിച്ച് ജീവനക്കാരന്റെ കഴുത്തില്‍ മൂന്ന് തവണ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി.

വിമാനം ബോസ്റ്റണിലെത്തിയ ഉടന്‍ തന്നെ ടോറസിനെ കസ്റ്റഡിയിലെടുത്തു. ടേക്ക്ഓഫിന് മുമ്പ് ഡോര്‍ ഹാന്‍ഡില്‍ എവിടെയാണെന്ന് ടോറസ് സഹയാത്രികനോട് ചോദിച്ചതായും ടോറസ് അവിടേക്ക് പോകുന്നതായി കണ്ടതായും ആരോപണമുണ്ട്. അഞ്ച് വര്‍ഷം തടവും 250,000 യുഎസ് ഡോളര്‍ പിഴയും ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണ് ഇയാള്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് വിമാനക്കമ്പനി ടോറസിന് വിമാന യാത്രകളില്‍നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.