തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് വീതം ആശുപത്രികളിലും ജില്ല ലാബുകളിലും അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ സംവിധാനവും ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകളും സജ്ജമാക്കുന്നു. ഇതിനായി 253.8 കോടി സർക്കാർ അനുവദിച്ചു. ക്രിട്ടിക്കല്‍ കെയര്‍ സംവിധാനത്തിന് 253.8 കോടിയുടെയും ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്ക് 12.5 കോടി രൂപയുടെയും അനുമതിയാണ് കിട്ടിയിരിക്കുന്നത്.
ഇതിൽ 60 ശതമാനം കേന്ദ്ര വിഹിതമാണ്. 40 ശതമാനം സംസ്ഥാന വിഹിതവും. നടപടിക്രമങ്ങള്‍ പാലിച്ച് സമയബന്ധിതമായി പദ്ധതി യാഥാർഥ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
2023-24 വര്‍ഷത്തിൽ കോട്ടയം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, കാസര്‍കോട് ടാറ്റ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിനും വയനാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്കുമാണ് അനുമതി. 2024-25 വര്‍ഷത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി നെടുങ്കണ്ടം എന്നിവിടങ്ങളില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകളും സ്ഥാപിക്കും.
2025-26 വര്‍ഷത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ്, ആലപ്പുഴ മെഡിക്കല്‍ കോളജ്, പാലക്കാട് ജില്ല ആശുപത്രി, കല്‍പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകളും സ്ഥാപിക്കും.
ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന് ഒമ്പത് ആശുപത്രികള്‍ക്ക് 23.75 കോടി വീതവും പാലക്കാട് ജില്ല ആശുപത്രിക്ക് 40.05 കോടിയുമാണ് അനുവദിച്ചത്. 50 കിടക്കകളുള്ള അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റാണ് സജ്ജമാക്കുന്നത്. പാലക്കാട് ജില്ല ആശുപത്രിയില്‍ 100 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്ക് 1.25 കോടി വീതം നൽകും. എന്‍എച്ച്എം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.