ചൈനയില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് സര്‍ക്കാര്‍ ആപ്പില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി; കൂടുതല്‍ നിയന്ത്രണത്തിന് നീക്കമെന്ന് സൂചന

ചൈനയില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് സര്‍ക്കാര്‍ ആപ്പില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി; കൂടുതല്‍ നിയന്ത്രണത്തിന് നീക്കമെന്ന് സൂചന

ബീജിങ്: ചൈനയിലെ ഒരു പ്രവിശ്യയില്‍ എല്ലാ മതവിശ്വാസികളുടെയും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി ഭരണകൂടം. ദേവാലയങ്ങള്‍, ബുദ്ധക്ഷേത്രം, മോസ്‌ക് എന്നിവിടങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് മുന്‍കൂട്ടി ഭരണകൂടത്തില്‍ നിന്ന് അനുവാദം വാങ്ങാനാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. 'സ്മാര്‍ട്ട് റിലീജിയന്‍' എന്ന സര്‍ക്കാര്‍ ആപ്പിലാണ് പേരു രജിസ്റ്റര്‍ ചെയ്യേണ്ടത്. അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ചൈനഎയ്ഡാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹെനാന്‍ പ്രോവിന്‍സിലാണ് ഈ നിയമം അവതരിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള പ്രദേശമാണിത്. ജനസംഖ്യയില്‍ ചൈനയില്‍ മൂന്നാം സ്ഥാനവും ഹെനാനാണ്. ഇവിടെത്തെ ക്രൈസ്തവരില്‍ ഭൂരിപക്ഷവും പ്രൊട്ടസ്റ്റന്റുകാരാണ്

അപേക്ഷ നല്‍കുന്ന വ്യക്തിയുടെ പേര്, ഫോണ്‍ നമ്പര്‍, വ്യക്തിഗതമായ വിവരങ്ങള്‍, ഐഡി നമ്പര്‍, ജനനത്തീയതി തുടങ്ങിയവയെല്ലാം നല്‍കണം. സ്മാര്‍ട്ട് റിലീജിയന്‍ എന്ന ആപ്പ് വഴിയാണ് പേരു രജിസ്ട്രര്‍ ചെയ്യേണ്ടത്.

രാജ്യത്തെ അഞ്ച് മതങ്ങളില്‍ ഒന്നായി ചൈനീസ് സര്‍ക്കാര്‍ കത്തോലിക്കാ സഭയെ സാങ്കേതികമായി അംഗീകരിക്കുന്നുണ്ട്. വത്തിക്കാനോട് വിശ്വസ്തത പുലര്‍ത്തുന്ന ഭൂഗര്‍ഭ കത്തോലിക്കാ പള്ളിയും നിലവിലുണ്ട്. ഇതിലെ വിശ്വാസികള്‍ പല വിധത്തില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്.

സര്‍ക്കാര്‍ അംഗീകൃത കത്തോലിക്കാ പള്ളികള്‍ക്ക് താരതമ്യേന കൂടുതല്‍ ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിലും, ചൈനീസ് ദേശീയതയും പാര്‍ട്ടിയോടുള്ള സ്‌നേഹവും ഉള്‍പ്പെടെ പരസ്യമായി പ്രകടിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. കത്തോലിക്കാ മതപഠനത്തിന്റെ ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള അവകാശവും ഭരണകൂടത്തിനുണ്ട്. എല്ലാ വിഭാഗം മത വിശ്വാസികളും ചൈനയില്‍ സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

വിശ്വാസികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് മതങ്ങളെ കൂടുതല്‍ നിയന്ത്രിക്കാനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് ആപ്പിന്റെ വികസനവും വ്യാപനവും എന്ന് ചൈനഎയ്ഡ് ആരോപിച്ചു. ഈ അധിക നടപടികള്‍ കൊണ്ടുവരുന്നത് മതാനുഷ്ഠാനങ്ങളില്‍ നിന്ന് ആളുകളെ അകറ്റുമെന്ന ആശങ്കയും സംഘടന പ്രകടിപ്പിച്ചു. ഈ നടപടികള്‍ വിശ്വാസികളുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള ശ്രമമാണ് - ചൈനഎയ്ഡ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.