വത്തിക്കാൻ സിറ്റി : വികലാംഗരുടെ അന്താരാഷ്ട്ര ദിനം ആഘോഷിച്ച ഫ്രാൻസിസ് മാർപാപ്പ, വികലാംഗരായ എല്ലാ കത്തോലിക്കർക്കും കൂദാശകൾ സ്വീകരിക്കാൻ അവകാശമുണ്ടെന്നും വികലാംഗരെ സ്വാഗതം ചെയ്യാനും പരിശീലനം നൽകാനും ഇടവകകൾ ശ്രമിക്കണമെന്നും നിർദ്ദേശിച്ചു. എല്ലാറ്റിനുമുപരിയായി, ഇടവകയിലെ കെട്ടിടങ്ങൾ വികലാംഗരായ അംഗങ്ങൾക്ക് സ്വതന്ത്രമായും ബുദ്ധിമുട്ടില്ലാതെയും കൈകാര്യം ചെയ്യാൻ പാകത്തിലുള്ളതുമായിരിക്കണം . ആവശ്യമെങ്കിൽ അംഗവൈകല്യമുള്ളവരുടെ സൗകര്യത്തിനായി കെട്ടിടങ്ങളുടെ ഘടന മാറ്റണമെന്നും പാപ്പാ ആവശ്യപ്പെട്ടു . വൈകല്യമുള്ളവരോടും അവരുടെ കുടുംബങ്ങളോടും ഐക്യദാർഢ്യം പുലർത്തണമെന്നും സേവന മനോഭാവം പുലർത്താൻ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നും ഡിസംബർ മൂന്നിന്നലെ മാർപ്പാപ്പയുടെ സന്ദേശത്തിൽ പറയുന്നു.
സഭയെ സംബന്ധിച്ചിടത്തോളം മതപരമായ വിദ്യാഭ്യാസ പരിപാടികൾ വൈകല്യമുള്ളവർക്ക് ലഭ്യമായിരിക്കണമെന്നും ഓരോ സെമിനാരിയനെയും പുരോഹിതനെയും വേദോപദേശകരെയും വൈകല്യങ്ങളെക്കുറിച്ച് ബോധവത്കരിക്കണമെന്നും മാർപാപ്പ പറഞ്ഞു. "സഭയിലെ മറ്റെല്ലാ അംഗങ്ങളെയും പോലെ അംഗവൈകല്യമുള്ളവർക്കും കൂദാശകൾ സ്വീകരിക്കാനുള്ള അവകാശം ഞാൻ ശക്തമായി സ്ഥിരീകരിക്കുന്നു. ഇടവകയിലെ എല്ലാ ആരാധനാക്രമങ്ങളിലും അവർക്കും പങ്കെടുക്കാവുന്നതാണ്. അങ്ങനെ അവരുടെ സഹോദരീസഹോദരന്മാർക്കൊപ്പം ഓരോരുത്തർക്കും അവരുടെ വിശ്വാസം ആഴത്തിലാക്കാനും വിശ്വാസം ആഘോഷിക്കാനും വിശ്വാസത്തിൽ ജീവിക്കാനും കഴിയും.” മാർപാപ്പ സ്ഥിരീകരിച്ചു. "സഭയിലെ എല്ലാ അംഗങ്ങളെയും പോലെ, തങ്ങളെ മിഷനറി ശിഷ്യന്മാർ എന്ന് വിളിക്കുന്നതായി അവരും അറിഞ്ഞിരിക്കണം"പാപ്പാ പറഞ്ഞു. “വാസ്തവത്തിൽ, വൈകല്യമുള്ളവരുടെ സജീവമായ പങ്കാളിത്തം വേദോപദേശ പ്രവർത്തനത്തെയും ഇടവകാംഗങ്ങളുടെ മുഴുവൻ ജീവിതത്തെയും വളരെയധികം സമ്പന്നമാക്കും” മാർപാപ്പ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26