ബീജിങ്: തുടര്‍ച്ചയായ മൂന്നാം വട്ടവും ചൈനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഷി ജിന്‍പിങ്. ആജീവനാന്തം അധികാരത്തില്‍ തുടരുക എന്ന തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് അടുത്ത അഞ്ച് വര്‍ഷത്തെ ടേം വീണ്ടും ഷിക്ക് ലഭിക്കുന്നത്. ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ നടന്ന വോട്ടെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ മൂവായിരത്തോളം അംഗങ്ങള്‍ ഏകകണ്ഠമായാണ് ഷി ജിന്‍പിങ്ങിനെ തിരഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് മറ്റൊരു സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നില്ലെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ആയതിന് പിന്നാലെ ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ ചെയര്‍മാനായും ഷി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ പാര്‍ലമെന്റ് ചെയര്‍ ആയി ഷാവോ ലെജി, പുതിയ വൈസ് പ്രസിഡന്റായി ഹാന്‍ ഷെങ് എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ഇരുവരും നേരത്തെ സ്ഥാനം പിടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങ്ങിന് ശേഷം ആദ്യമായിട്ടാണ് ഒരു വ്യക്തി തുടര്‍ച്ചയായി മൂന്നാം തവണയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുന്നത്. സൈന്യത്തിന്റെ പൂര്‍ണ ചുമതല വഹിക്കുന്ന സെന്‍ട്രല്‍ മിലിറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പദവിയും ഷിക്കാണ്. രാജ്യത്തിന്റെ പരമ പ്രധാനമായ എല്ലാ ചുമതലകളുടേയും നേതാവ് ഷി ആയിരിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള പരിധി 2018ല്‍ ഷി ജിന്‍പിങ് എടുത്ത് കളഞ്ഞിരുന്നു. അന്നുണ്ടാക്കിയ നിയമപ്രകാരം സ്വയം വിരമിക്കുകയോ മരിക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നത് വരെ ഷി ജിന്‍പിങ്ങിന് ചൈന ഭരിക്കാന്‍ സാധിക്കും.
2012-ല്‍ അധികാരമേറ്റതു മുതല്‍, എതിരാളികളെ മാറ്റിനിര്‍ത്തുകയും ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്റെ അനുയായികളെ നിറയ്ക്കുകയും ചെയ്ത നേതാവായിരുന്നു ഷി ജിന്‍പിങ്.
സിറോ കോവിഡ് നയം ചൈനയില്‍ നടപ്പാക്കിയതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധം ഷിക്കെതിരെ ഉണ്ടായിരുന്നു. പ്രതിഷേധക്കാരില്‍ പലരെയും തടവിലാക്കുന്ന സ്ഥിതിയുമുണ്ടായി. സിറോ കോവിഡ് നയം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്‌ക്കേല്‍പ്പിച്ച തിരിച്ചടികളെ മറികടക്കുക എന്നതാണ് ഷി ജിന്‍പിങ്ങിന് മുന്നില്‍ ഇനിയുള്ള വെല്ലുവിളി.
അതേസമയം, ചൈനയില്‍ കുടുംബ വാഴ്ച ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷിയുടെ അധികാര പ്രഖ്യാപനമെന്ന വാദം ചൈനയിലെ പ്രമുഖര്‍ തള്ളുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ചൈനയെ മാറ്റുകയെന്ന വലിയ ലക്ഷ്യത്തില്‍ മാത്രമാണ് നിലവില്‍ ഷീ ശ്രദ്ധിക്കുന്നതെന്നു നേതാക്കള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.