കാണ്‍പൂര്‍: തീവ്ര ഹിന്ദുത്വ വാദികളുടെ അക്രമങ്ങളും ഭീഷണികളും പതിവായതോടെ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ബ്രോഡ്വെല്‍ ക്രിസ്ത്യന്‍ ഹോസ്പിറ്റല്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ കീഴില്‍ ഫത്തേപൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ ആശുപത്രിയ്ക്ക് 114 വര്‍ഷത്തെ പഴക്കമുണ്ട്.
മതപരിവര്‍ത്തന ആരോപണം ഉന്നയിച്ചാണ് രോഗീ ശുശ്രൂഷയില്‍ സാധാരണക്കാരുടെ അഭയ കേന്ദ്രമായ ഈ ആതുരാലയത്തിനെതിരെ തീവ്ര ഹിന്ദുത്വ വാദികള്‍ അക്രമങ്ങള്‍ അഴിച്ചു വിടുന്നത്.
ന്യൂനപക്ഷ പ്രസ്ഥാനം ആയതിനാല്‍ ലജ്ജാകരമായ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മത തീവ്രവാദികളും മുന്‍ വിധിയോടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുമാണ് ആശുപത്രിയുടെ ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണക്കാരെന്നും ബ്രോഡ്വെല്‍ ക്രിസ്ത്യന്‍ ഹോസ്പിറ്റലിന്റെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ചുമതല വഹിക്കുന്ന സുജിത്ത് വര്‍ഗീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പെസഹാ വ്യാഴാഴ്ച ക്രൈസ്തവരും ആശുപത്രിയിലെ ജീവനക്കാരും കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന സമയത്ത് നൂറോളം വരുന്ന ഹൈന്ദവ മത തീവ്രവാദികള്‍ ആയുധങ്ങളുമായി കടന്നു കയറുകയും ജയ് ശ്രീറാം ഏറ്റു വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തോടെയാണ് വിവിധ പ്രശ്‌നങ്ങളുടെ തുടക്കം.
പിന്നാലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അവര്‍ പൂട്ടിയിടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൈസ്തവരെ കസ്റ്റഡിയിലെടുത്ത് പ്രാര്‍ത്ഥനയുടെ ഇടയില്‍ 90 പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 35 ക്രൈസ്തവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം വിലക്കുന്ന ഉത്തര്‍പ്രദേശില്‍ 2021 ല്‍ പാസാക്കിയ മതസ്വാതന്ത്ര്യ നിയമം ലംഘിച്ചു എന്നതടക്കമുളള കുറ്റങ്ങളാണ് ക്രൈസ്തവര്‍ക്ക് മേല്‍ ചുമത്തപ്പെട്ടത്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായെന്ന് തീവ്ര ഹിന്ദുത്വ വാദികള്‍ ആരോപിക്കുന്ന ആളുകളോട് അന്വേഷിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലായെന്ന് സുജിത്ത് വര്‍ഗീസ് പറഞ്ഞു.
പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാവരുടെയും ആധാര്‍ കാര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ ക്രിസ്ത്യാനികളല്ലാത്ത ആരെയും കണ്ടെത്താനായില്ല. എന്നാല്‍ ഇതിന് പിന്നാലെ എല്ലാ വശത്തെ ഗേറ്റുകളും പൂട്ടിയിട്ടും മതപരിവര്‍ത്തനത്തിന് വിധേയരായ 90 പേര്‍ പുറകിലെ ഗേറ്റിലൂടെ രക്ഷപ്പെട്ടുവെന്ന വാദമാണ് ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയത്.
പിന്നീട് ഒക്ടോബര്‍ 13 ന് പൊലീസ് ആശുപത്രിയില്‍ അതിക്രമിച്ചു കയറി പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശിക്കാന്‍ വിലക്കുള്ള ലേബര്‍ റൂമില്‍ അടക്കം പ്രവേശിച്ച് ജീവനക്കാരെ ചോദ്യം ചെയ്തു. പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഇക്കഴിഞ്ഞ ജനുവരി രണ്ടിനും പതിനെട്ടിനും ആശുപത്രി ഓഫീസില്‍ പ്രവേശിച്ച പൊലീസ് ഏതാനും ഹാര്‍ഡ് ഡിസ്‌കുകളും രജിസ്റ്ററുകളും പിടിച്ചെടുത്തു. മതപരിവര്‍ത്തനം നടത്താന്‍ പ്രേരണ നല്‍കിയെന്ന ആരോപണമുന്നയിക്കാന്‍ ചില രേഖകള്‍ പോലീസ് തന്നെ അവിടെ കൊണ്ടുവന്നിരിന്നുവെന്നും സുജിത്ത് വര്‍ഗീസ് വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.