പരിശുദ്ധ സിംഹാസനത്തില്‍ എത്തിയിട്ട് ഇന്ന് പത്ത് വര്‍ഷം; ലോകത്തിന് പ്രത്യാശയേകി ഫ്രാന്‍സിസ് പാപ്പ

പരിശുദ്ധ സിംഹാസനത്തില്‍ എത്തിയിട്ട് ഇന്ന് പത്ത് വര്‍ഷം; ലോകത്തിന് പ്രത്യാശയേകി ഫ്രാന്‍സിസ് പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ പരിശുദ്ധ സിംഹാസനത്തില്‍ ഇന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാക്കും. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പിന്‍ഗാമിയായി ആഗോള കത്തോലിക്ക സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ തന്റെ വ്യത്യസ്ഥമായ ചിന്താ ധാരകളിലൂടെയും പ്രവര്‍ത്തന ശൈലിയിലൂടെയും ലോകത്തെ അത്ഭുതപ്പെടുത്തി.

ദരിദ്രരോടുള്ള പക്ഷം ചേരല്‍ സഭയുടെ ദൗത്യമായി പ്രഖ്യാപിച്ചതാണ് അതില്‍ ഏറെ ശ്രദ്ധേയമായത്. 'തെരുവുകളിലെ രോദനം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല' എന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം ലോകത്തിന് സമ്മാനിക്കുന്ന പ്രത്യാശ വളരെ വലുതാണ്.

ലോകത്ത് ധാരാളം ഭക്ഷിക്കാനുള്ളപ്പോള്‍ കോടിക്കണക്കിന് കുഞ്ഞുങ്ങള്‍ വിശന്നു കരയുന്നതാണ് അദേഹത്തെ ദുഖിപ്പിക്കുന്നത്. എല്ലാവരുടെയും വിശപ്പകറ്റാനുള്ള വസ്തുക്കള്‍ ലോകത്തുണ്ട്. എന്നാല്‍ ചിലര്‍ അത് അമിതമായി വെട്ടിപ്പിടിച്ചിരിക്കുന്നത് ബഹുഭൂരിപക്ഷത്തിനും ദുരിതം വിതയ്ക്കുന്നുവെന്ന് പാപ്പ ഒരിക്കല്‍ തുറന്നടിച്ചു.

പ്രഖ്യാപനം മാത്രമല്ല, മാതൃകയായി ധീരമായ തുടര്‍ നടപടികളും അദേഹം കൈക്കൊണ്ടു. പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള കെട്ടിടങ്ങളുടെ ഉപയോഗത്തില്‍ പാപ്പ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് അതിന്റെ അവസാനത്തെ ഉദാഹരണമാണ്.

കര്‍ദിനാള്‍മാര്‍, ഡിക്കസ്റ്ററികളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍ തുടങ്ങിയ ഉന്നത വ്യക്തികള്‍ ഇതുവരെ അനുഭവിച്ചു പോന്ന പ്രത്യേക പരിഗണനകള്‍ നിര്‍ത്തലാക്കി. ഇതനുസരിച്ച് ഇതുവരെ അവര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ താമസം അടക്കമുള്ള സൗകര്യങ്ങള്‍ ഇനി മുതല്‍ ലഭിക്കില്ല. ദരിദ്രര്‍ക്കായുള്ള സേവനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനും സഭയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് നിയന്ത്രണമെന്ന് അദേഹം വ്യക്തമാക്കി.


വിമോചന ദൈവശാസ്ത്രം ശക്തമായി സ്വാധീനം ചെലുത്തിയ ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയില്‍ നിന്നാണ് പാപ്പയുടെ വരവ്. പക്ഷേ, വിമോചന ദൈവശാസ്ത്രത്തിന്റെ വക്താക്കളായ സഭാംഗങ്ങളുമായി ഒരു കാലത്തും അദ്ദേഹം സഹകരിച്ചിട്ടില്ല. സഭ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ വിശ്വാസങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അദേഹം തുടര്‍ന്നു വരുന്നത്. അതേസമയം ലോകത്തിനു മുന്നില്‍ കണ്ണടച്ചു നില്‍ക്കാനും അദ്ദേഹം തയ്യാറല്ല.

ചരിത്രത്തില്‍ സഭ ചെയ്ത തെറ്റുകള്‍ക്ക് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞിരുന്നു. ഇതില്‍ നിന്ന് മുന്നോട്ടു പോയി വര്‍ത്തമാന കാലത്തെ ശുദ്ധീകരിക്കുക എന്ന ദൗത്യമാണ് ഫ്രാന്‍സിസ് പാപ്പ ഏറ്റെടുത്തിരിക്കുന്നത്. ആഗോളവല്‍ക്കരണവും നവ ഉദാരവല്‍ക്കരണവും വിനാശം വിതച്ച ലോകത്തിന്റെ വിമോചനത്തിനായി നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് പാപ്പയുടെ ഈ നിലപാടുകള്‍.

പരിശുദ്ധ സിംഹാസനത്തില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാലയളവില്‍ സഞ്ചരിച്ച ദൂരവും വാര്‍ത്തകളില്‍ ഇടം നേടുന്നു. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും അതൊന്നും വകവയ്ക്കാതെ ഏതാണ്ട് 2,55,000-മൈലുകളാണ് എണ്‍പത്താറുകാരനായ പാപ്പ സഞ്ചരിച്ചത്. ഇത് ചന്ദ്രനിലേക്കുള്ള ദൂരത്തിലും അധികമാണ്. 2,38,855 മൈല്‍ ആണ് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാല്‍പ്പതോളം അന്താരാഷ്ട്ര സന്ദര്‍ശനങ്ങളാണ് അദേഹം നടത്തിയത്. ഇതില്‍ 10 ആഫ്രിക്കന്‍ രാജ്യങ്ങളും 18 ഏഷ്യന്‍ രാജ്യങ്ങളും 20 യൂറോപ്യന്‍ രാജ്യങ്ങളും 12 അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടും. ഓസ്‌ട്രേലിയ മാത്രമാണ് പാപ്പ സന്ദര്‍ശിക്കാത്ത ഏക ഭൂഖണ്ഡം.

2019 ഫെബ്രുവരിയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദര്‍ശിച്ചത് വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അറേബ്യന്‍ ഉപദ്വീപിലേക്കുള്ള ഒരു മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. ഇവിടെ വച്ച് മനുഷ്യ സാഹോദര്യത്തിനും ലോക സമാധാനത്തിനും ആഹ്വാനം ചെയ്തു കൊണ്ടുള്ള ഒരു രേഖ മുസ്ലിം നേതാക്കന്മാരുമായി ചേര്‍ന്ന് മാര്‍പാപ്പ ഒപ്പിട്ടു.

രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയ ചരിത്രം നിലനില്‍ക്കുന്ന അബ്രഹാമിന്റെ ജന്മനാട് നിലനില്‍ക്കുന്ന ഇറാഖിലേക്ക് ചരിത്ര പ്രസിദ്ധമായ ഒരു സന്ദര്‍ശനം 2021 മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തി. ഇറാക്ക് സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ എന്ന നിലയില്‍ പീഡനമനുഭവിക്കുന്ന ക്രിസ്തീയ സമൂഹത്തിന് വലിയ ആശ്വാസമേകുന്നതായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം.

2021 ഒക്ടോബര്‍ 30ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വത്തിക്കാനിലെത്തി മാര്‍പാപ്പയെ വ്യക്തിപരമായി കാണുകയും ഭാരത സന്ദര്‍ശനത്തിനായി ക്ഷണിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി വത്തിക്കാന്‍ ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. സന്ദര്‍ശനം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ 2015 ല്‍ കരുണയുടെ വര്‍ഷം എന്ന പേരില്‍ ഒരു അസാധാരണ ജൂബിലിക്ക് തുടക്കം കുറിച്ച ഫ്രാന്‍സിസ് പാപ്പ കുടുംബം, യുവജനങ്ങള്‍, ആമസോണ്‍, സിനഡാലിറ്റി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നാല് സൂനഹദോസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ മൂന്ന് ചാക്രിക ലേഖനങ്ങളും അഞ്ച് ശ്ലൈഹീക ലേഖനങ്ങളും പാപ്പ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സഭയുടെ ചരിത്രത്തില്‍ ആദ്യമായി യൗസേപ്പിതാവിനായി ഒരു വര്‍ഷം സമര്‍പ്പിച്ച് സഭയൊന്നാകെ പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം നല്‍കിയതും ഫ്രാന്‍സിസ് പാപ്പയാണ്. 2020 ഡിസംബര്‍ എട്ട് മുതല്‍ 2021 ഡിസംബര്‍ എട്ട് വരെയുള്ള ഒരു വര്‍ഷക്കാലം 'യൗസേപ്പിന്റെ വര്‍ഷം' എന്ന് 'പിതാവിന്റെ ഹൃദയത്തോടെ' എന്ന അപ്പസ്‌തോലിക എഴുത്തിലൂടെ മാര്‍പാപ്പ പ്രഖ്യാപിച്ചു.

കര്‍ദിനാള്‍ കോളജിലെ നിലവിലെ 233 കര്‍ദിനാള്‍മാരില്‍ 111 പേരെ ഫ്രാന്‍സിസ് പാപ്പയാണ് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്. 911 പേരെ വിശുദ്ധരായി പ്രഖ്യാപിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വിശുദ്ധ പദവി സമ്മാനിച്ച മാര്‍പാപ്പമാരില്‍ ഒരാളായും ഫ്രാന്‍സിസ് പാപ്പ ചരിത്രത്തില്‍ ഇടം നേടി. ഇതില്‍ 812 പേര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ തുറമുഖത്ത് വെച്ച് തുര്‍ക്കികളാല്‍ കൊല ചെയ്യപ്പെട്ട ഒട്രാന്റോ രക്തസാക്ഷികളാണ്.