കണ്ണൂര്‍: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും മത്സരിച്ചപ്പോള്‍ പോര്‍വിളിയും തമ്മില്‍ത്തല്ലും. ഒടുവില്‍ മൂന്ന് സ്റ്റേഷനുകളിലെ പൊലീസിന്റെ കാവലില്‍ സംസ്‌കാരം നടന്നു. കണ്ണൂര്‍ ഇരിട്ടി കുയിലൂരിലെ മരണ വീട്ടില്‍ ഇന്നലെയുണ്ടായത് സാംസ്‌കാരിക കേരളത്തിന് മാനക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ്.
ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി. പ്രജിത്ത് (40) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരത്തുള്ള സഹോദരന്റെ വരവിനായി വൈകിട്ട് ഏഴുവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചു. സഹോദരന്‍ അന്തിമോപചാരം അര്‍പ്പിച്ച് മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.
മുന്‍പ് ബി.ജെ.പി ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാല്‍ പ്രജിത്തിന്റെ കുടുംബം സി.പി.എം അനുഭാവികളാണ്. മൃതദേഹം വീട്ടില്‍നിന്നെടുക്കുമ്പോള്‍ ശാന്തിമന്ത്രം ചൊല്ലാന്‍ പ്രജിത്തിന്റെ സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും കൈയില്‍ പൂക്കള്‍ കരുതിയിരുന്നു.
ഇവര്‍ ശാന്തിമന്ത്രം ചൊല്ലുന്നതിനിടെ സി.പി.എം അനുകൂലവിഭാഗം മൃതദേഹം സംസ്‌കരിക്കാനെടുത്തതോടെ പിടിവലിയായി. പിടിവലിക്കിടയില്‍ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു. പിന്നാലെ പോര്‍വിളിയുമായി മറുവിഭാഗവുമെത്തി.
ചിതയില്‍ കിടത്തിയ മൃതദേഹത്തിനുചുറ്റും സംസ്‌കരിക്കാനെത്തിച്ച വിറകുമായി പോര്‍വിളിയും ഉന്തും തള്ളുമായി. ചിലര്‍ക്ക് മര്‍ദനമേറ്റു. ഇതിനിടെ ഇരിക്കൂര്‍ എസ്‌ഐ ദിനേശന്റെ നേതൃത്വത്തില്‍ ഇരിട്ടി, ഉളിക്കല്‍, കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനുകളില്‍നിന്നായി മുപ്പതിലധികം പൊലീസുകാരും സ്ഥലത്തെത്തി.
മൃതദേഹത്തിനടുത്തുനിന്ന് എല്ലാവരെയും മാറ്റിയ ശേഷം ഐവര്‍മഠം അധികൃതരെയും ബന്ധുക്കളെയും മാത്രം നിര്‍ത്തി. തുടര്‍ന്ന് പൊലീസ് കാവലിലാണ് മൃതദേഹം സംസ്‌കരിച്ചത്. രാത്രി 10ഓടെ മൃതദേഹം കത്തിത്തീര്‍ന്ന ശേഷമാണ് പൊലീസ് പിന്‍വാങ്ങിയത്.
സംഭവത്തില്‍ ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച വൈകിട്ട് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇരുവിഭാഗത്തിന്റെയും യോഗം വിളിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.