ഇന്ത്യയില്‍ നിന്നുള്ള രഞ്ജിത് സിങ് ഡിസാലെയ്ക്ക് ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് 2020 അവാര്‍ഡ്

ഇന്ത്യയില്‍ നിന്നുള്ള രഞ്ജിത് സിങ് ഡിസാലെയ്ക്ക് ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് 2020 അവാര്‍ഡ്

സോളാപ്പൂര്‍: അക്ഷര മുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് അറിവിന്റെ അക്ഷയ ഖനി പകര്‍ന്നു നല്‍കിയ ഇന്ത്യന്‍ അധ്യാപകന്‍ രഞ്ജിത് സങ് ഡിസാലെയ്ക്ക് യുനെസ്‌കോയുടെ 2020 ലെ ആഗോള അധ്യാപക അവാര്‍ഡ്.  ഏഴു കോടി രൂപയാണ് (ഒരു മില്യണ്‍ അമേരിക്കന്‍ ഡോളര്‍) അവാര്‍ഡ് തുക.

മഹാരാഷ്ട്രയിലെ സോളാപൂര്‍ പരിതേവാടിയില്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി  നല്‍കിയ സംഭവനകള്‍ക്കും ഇന്ത്യയിലെ പുസ്തകങ്ങളില്‍ ക്യൂ.ആര്‍ കോഡ് പതിപ്പിക്കാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് ആഗോള അംഗീകാരം.

രഞ്ജിത് സിങിന്  ഒപ്പം ഉണ്ടായിരുന്ന മറ്റു ഫൈനലിസ്റ്റുകള്‍ക്ക് സമ്മാനത്തുകയുടെ പകുതി പങ്കുവെക്കുമെന്നും അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി. മറ്റ് ഒമ്പത് ഫൈനലിസ്റ്റുകള്‍ക്ക് 55,000 യുഎസ് ഡോളര്‍ വീതമാണ് ലഭിക്കുക . ഗ്ലോബല്‍ ടീച്ചര്‍ പ്രൈസിന്റെ ആറ് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അവാര്‍ഡ് ജേതാവ് മറ്റ് ഫൈനലിസ്റ്റുകളുമായി സമ്മാന തുക പങ്കിടുന്നത്.

തൊഴിലില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ ഒരു മികച്ച അധ്യാപകനെ അംഗീകരിക്കുന്നതിനോടൊപ്പം സമൂഹത്തില്‍ അധ്യാപകര്‍ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് എല്ലാവരെയും ബോധവത്ക്കരിക്കുന്നതിനുമാണ് ആഗോള അധ്യാപക അവാര്‍ഡ് ആരംഭിച്ചത്.  

ആദ്യമായാണ് വെര്‍ച്വല്‍ ചടങ്ങില്‍ ഈ അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്. ലണ്ടനിലെ നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്ത വെര്‍ച്വല്‍ ചടങ്ങിലാണ്  ഹാസ്യ നടനും എഴുത്തുകാരനും അവതാരകനുമായ സ്റ്റീഫന്‍ ഫ്രൈ  അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 മഹാമാരി സമയത്ത് അസാധാരണ ശ്രമങ്ങള്‍ നടത്തിയ ഒരു അധ്യാപകന് 'കോവിഡ് ഹീറോ'അംഗീകാരവും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 45,000 ഡോളറിന്റെ കോവിഡ് ഹീറോ അവാര്‍ഡ് സ്വന്തമാക്കിയത് യുകെയിലെ കണക്ക് ടീച്ചര്‍ ജാമി ഫ്രോസ്റ്റ് ആണ്.

തൊഴിലില്‍ മികച്ച സംഭാവന നല്‍കിയ അധ്യാപകര്‍ക്കുള്ളതാണ് ആഗോള അധ്യാപക അവാര്‍ഡ്. ലോകത്തെ 140 രാജ്യങ്ങളില്‍ നിന്നുള്ള 1200 അപേക്ഷകളില്‍നിന്നും ആണ് ഈ വര്‍ഷത്തെ മികച്ച 10 പേരെ തിരഞ്ഞെടുത്തത്. ഇന്ത്യ, അമേരിക്ക,  ദക്ഷിണാഫ്രിക്ക, ബ്രിട്ടണ്‍, ഇറ്റലി, നൈജീരിയ, മലേഷ്യ, ബ്രസീല്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഫൈനലിസ്റ്റുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.