നിക്കരാഗ്വേയില്‍ കത്തോലിക്ക സഭയ്ക്കക്കെതിരേ വീണ്ടും പ്രതികാര നടപടി; വത്തിക്കാന്‍ എംബസി അടച്ചുപൂട്ടാന്‍ ഉത്തരവ്

നിക്കരാഗ്വേയില്‍ കത്തോലിക്ക സഭയ്ക്കക്കെതിരേ വീണ്ടും പ്രതികാര നടപടി; വത്തിക്കാന്‍ എംബസി അടച്ചുപൂട്ടാന്‍ ഉത്തരവ്

മനാഗ്വേ: നിക്കരാഗ്വേയില്‍ ബിഷപ്പിനെ തടവിലാക്കിയതിനു പിന്നാലെ വത്തിക്കാന്‍ എംബസിക്കെതിരേയും സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പ്രതികാര നടപടി. ഏകാധിപതിയായ ഡാനിയല്‍ ഒര്‍ട്ടേഗ മനാഗ്വേയിലെ വത്തിക്കാന്‍ എംബസിയും വത്തിക്കാനിലെ നിക്കരാഗ്വേ എംബസിയും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായി മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നിക്കരാഗ്വേ ഭരണകൂടത്തെ ഫ്രാന്‍സിസ് പാപ്പ, സ്വേച്ഛാധിപത്യത്തോട് ഉപമിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് നിക്കരാഗ്വേ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നത്. എംബസികള്‍ അടച്ചുപൂട്ടുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം എന്നേക്കും അവസാനിച്ചുവെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും എന്നിരുന്നാലും നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യപടിയായിട്ട് വേണം ഈ നടപടിയെ കണക്കാക്കാനെന്നും വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തന്റെ പേപ്പല്‍ പദവിയിലെ പത്താം വാര്‍ഷികത്തിന് മുന്നോടിയായി ലാറ്റിനമേരിക്കന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭരണകൂട ഭീകരതയ്ക്കിരയായി ജയിലില്‍ കഴിയുന്ന ബിഷപ്പ് അല്‍വാരസിന്റെ വിഷയം ചൂണ്ടിക്കാട്ടി ഒര്‍ട്ടേഗയുടെ ഭരണകൂടത്തെ സ്വേച്ഛാധിപത്യമായി പാപ്പ വിശേഷിപ്പിച്ചത്. 1917-ലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തോടും 1935-ലെ ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യത്തോടും ഉപമിച്ചായിരുന്നു പരാമര്‍ശം.

ബിഷപ്പിന്റെ ജയില്‍വാസം തന്നെ അഗാധമായി വേദനിപ്പിച്ചതായി മാര്‍പ്പാപ്പ കഴിഞ്ഞ മാസം ഞായറാഴ്ച്ച സന്ദേശത്തിനിടെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജീവനക്കാര്‍ ഇല്ലെന്നു പറയാവുന്ന അവസ്ഥയിലാണ് ഇരു എംബസികളും. മനാഗ്വേയിലെ വത്തിക്കാന്‍ എംബസിയില്‍ നയതന്ത്രപ്രതിനിധി മാത്രമാണ് ഉണ്ടായിരുന്നത്. റോമിലെ നിക്കരാഗ്വേന്‍ എംബസിയില്‍ ആരും തന്നെ ഇല്ല.

2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയവരെ അടിച്ചമര്‍ത്തിയപ്പോള്‍ സഭ എതിര്‍പ്പുമായി രംഗത്തിറങ്ങി. എന്നാല്‍ സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമമായിട്ടാണ് ഒര്‍ട്ടേഗ ഈ പ്രതിഷേധങ്ങളെ കാണുന്നത്.

സമീപ വര്‍ഷങ്ങളില്‍ ഒരു ബിഷപ്പും വൈദികരും ഉള്‍പ്പെടെ നിരവധി കത്തോലിക്കാ നേതാക്കളെ ഭരണകൂടം തടങ്കലില്‍ വയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാ സഭയുടെ കീഴിലുള്ള റേഡിയോ, ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളെ രാജ്യത്തുനിന്നു പുറത്താക്കി.

സര്‍ക്കാരിന്റെ വിമര്‍ശകനായിരുന്ന ബിഷപ്പ് സില്‍വിയോ ബയേസ് വധഭീഷണിയെത്തുടര്‍ന്ന് അമേരിക്കയില്‍ പ്രവാസിയായി തുടരുകയാണ്. രാജ്യദ്രോഹം, ദേശീയ അഖണ്ഡതയെ തകര്‍ക്കല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍ തുടങ്ങിയ വ്യാജ ആരോപണത്തിന്റെ പേരില്‍ ഒര്‍ട്ടേഗയുടെ വിമര്‍ശകനും മതഗല്‍പ്പ രൂപതാ ബിഷപ്പുമായ റോളാന്‍ഡോ അല്‍വാരസിനെ 26 വര്‍ഷത്തേ തടവുശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്തുവന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.