ജക്കാര്‍ത്ത: വിദ്യാര്‍ഥികളില്‍ അച്ചടക്കം ശീലമാക്കാന്‍ ഇന്തോനേഷ്യയില്‍ സ്‌കൂളുകളില്‍ സമയക്രമം പരിഷ്‌കരിച്ച് പരീക്ഷണം. ഇന്തോനേഷ്യന്‍ നഗരമായ ഈസ്റ്റ് നുസ തെങ്കാരയിലെ സ്‌കൂളുകളിലാണ് പുതിയ പരീക്ഷണം. അവിത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസ് തുടങ്ങുന്ന സമയത്തിലാണ് മാറ്റം വരുത്തിയത്. രാവിലെ ഏഴ് മണിക്കും എട്ട് മണിക്കും തുടങ്ങിയിരുന്ന സ്‌കൂള്‍ സമയം പുലര്‍ച്ചെ 5.30-ലേക്കു മാറ്റി.
ഗവര്‍ണര്‍ വിക്ടര്‍ ലൈസേകൊഡറ്റിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ മാസം മുതലാണ് പരിഷ്‌കാരം സ്‌കൂളുകളില്‍ നടപ്പാക്കിത്തുടങ്ങിയത്. കുട്ടികളില്‍ അച്ചടക്കം ശീലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് അധികൃതരുടെ വാദം.
എന്നാല്‍ നടപടിക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഉറക്കം നഷ്ടപ്പെട്ട കുട്ടികള്‍ യാന്ത്രികമായാണ് സ്‌കൂളുകളിലേക്കു പോകുന്നത്. പുതിയ പരിഷ്‌കാരം വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പുതിയ നിയമം അനുസരിച്ച് 5.30-ന് തുടങ്ങി 3.30 വരെയാണ് പഠന സമയം.
'ഇത് വളരെ ബുദ്ധിമുട്ടാണ്, ഇരുട്ടായിരിക്കുമ്പോള്‍ തന്നെ അവര്‍ക്ക് വീട് വിടണം. തനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല... ഇരുട്ടത്ത് സ്‌കൂളില്‍ പോകുന്നത് അവരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്' - 16 വയസുകാരന്റെ അമ്മ എ.എഫ്.പിയോടു പറഞ്ഞു.
ഗവര്‍ണറുടെ നടപടിക്കെതിരെ നിരവധി സംഘടനകളും രംഗത്തെത്തി. യാതൊരു പഠനത്തിനും വിധേയമാക്കാതെ നടപ്പാക്കിയ പരിഷ്‌കാരം ഉടനെ പിന്‍വലിക്കണമെന്ന് ഇന്തോനേഷ്യന്‍ ബാല സംരക്ഷണ കമ്മിഷന്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ ഈ പരിഷ്‌കാരം കൊണ്ടു സാധിക്കില്ലെന്ന് നുസ സെന്‍ഡാന സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിദഗ്ധനായ മാര്‍സെല്‍ റോബോട്ട് പറഞ്ഞു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പെരുമാറ്റത്തില്‍ മാറ്റം വരുത്തുകയും ചെയ്യും. അവര്‍ കുറച്ച് മണിക്കൂറുകള്‍ മാത്രമേ ഉറങ്ങുകയുള്ളൂ. ഇത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യും - അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.