• Mon Mar 31 2025

ന്യൂസിലന്‍ഡിലെ കെര്‍മാഡെക് ദ്വീപില്‍ ഭൂകമ്പം; 7.1 തീവ്രത ജനവാസമില്ലാത്ത മേഖലയില്‍ സുനാമി മുന്നറിയിപ്പ്

ന്യൂസിലന്‍ഡിലെ കെര്‍മാഡെക് ദ്വീപില്‍ ഭൂകമ്പം; 7.1 തീവ്രത ജനവാസമില്ലാത്ത മേഖലയില്‍ സുനാമി മുന്നറിയിപ്പ്

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ കെര്‍മാഡെക് ദ്വീപില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വടക്കന്‍ ന്യൂസിലന്‍ഡില്‍ വ്യാഴാഴ്ചയാണ് സംഭവം. തുര്‍ക്കിയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് അടുത്തെത്തുന്ന തീവ്രതയാണ് രേഖപ്പെടുത്തിയത്.

യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ദ്വീപിന് 300 കിലോമീറ്റര്‍ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമീപമുള്ള ജനവാസമില്ലാത്ത മേഖലയില്‍ സുനാമി ആഞ്ഞടിക്കാമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, ന്യൂസിലന്‍ഡിന് സുനാമി ഭീഷണിയാവില്ലെന്ന് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി പറഞ്ഞു. സുനാമി ഭീഷണിയില്ലെന്ന് ഓസ്‌ട്രേലിയയും അറിയിച്ചു.

ന്യൂസിലന്‍ഡ് ഭൂകമ്പങ്ങളുടെ സജീവ കേന്ദ്രം കൂടിയാണ്. ലോകത്തെ രണ്ട് സുപ്രധാന ടെക്ടോണിക് പ്ലേറ്റുകള്‍ക്ക് മുകളിലാണ് ന്യൂസിലന്‍ഡ് സ്ഥിതി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.