മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകരും നവ-നാസികളും തമ്മില്‍ സംഘര്‍ഷം. ഇന്ന് ഉച്ചയോടെ വിക്ടോറിയ പാര്‍ലമെന്റ് ഹൗസിന് സമീപമാണ് മുപ്പതോളം വരുന്ന നവ-നാസികളും നൂറോളം ട്രാന്‍സ്ജെന്‍ഡര്‍ അനുകൂലികളും ഏറ്റുമുട്ടിയത്. ഇതേ തുടര്‍ന്ന് ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.
ബ്രിട്ടണിലെ വിവാദ വ്യക്തിയും ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധ അവകാശ പ്രവര്‍ത്തകയുമായ കെല്ലി-ജെയ് കീന്‍ നേതൃത്വം നല്‍കിയ, ലെറ്റ് വിമന്‍ സ്പീക്ക് എന്ന പരിപാടി നഗരത്തില്‍ നടന്നിരുന്നു. സ്ത്രീകളുടെ അവകാശ പ്രവര്‍ത്തകയെന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ അഭിപ്രായങ്ങള്‍ക്കാണ് അവര്‍ ഏറെയും അറിയപ്പെടുന്നത്. പാര്‍ലമെന്റ് ഹൗസിന് സമീപം നടന്ന പരിപാടിയില്‍ ഇവര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധ വിവാദ വീക്ഷണങ്ങള്‍ പങ്കുവച്ചിരുന്നു. ഇതേച്ചൊല്ലിയാണ് ട്രാന്‍സ്ജെന്‍ഡര്‍ അവകാശ സമരക്കാരും നവ നാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
നിലവില്‍ ഓസ്ട്രേലിയയില്‍ പര്യടനത്തിലാണ് കെല്ലി-ജെയ് കീന്‍. യു.കെയിലെ തീവ്ര വലതുപക്ഷ പ്രവര്‍ത്തകയാണിവര്‍. ഇവര്‍ സ്റ്റാന്‍ഡിംഗ് ഫോര്‍ വിമന്‍ എന്ന ഗ്രൂപ്പിന്റെ സ്ഥാപകയാണ്. നാനൂറോളം പേരാണ് കീനിന്റെ മെല്‍ബണിലെ പരിപാടിയില്‍ പങ്കെടുത്തത്.
മെല്‍ബണില്‍ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകരും നവ-നാസികളും തമ്മിലുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്ന പോലീസ്
പരിപാടിയെതുടര്‍ന്ന് ഇന്ന് ഉച്ചയോടെ തീവ്ര വലതുപക്ഷ സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് മൂവ്മെന്റില്‍ നിന്നുള്ള നവ നാസികള്‍ ട്രാന്‍സ്ജെന്‍ഡറുകളെ അധിക്ഷേപിക്കുന്ന ബോര്‍ഡുകളുമായി വിക്ടോറിയ പാര്‍ലമെന്റിന് സമീപമുള്ള സ്പ്രിംഗ് സ്ട്രീറ്റിലൂടെ മാര്‍ച്ച് നടത്തിയിരുന്നു. കറുത്ത വസ്ത്രമണിഞ്ഞെത്തിയ ഇവര്‍ പാര്‍ലമെന്റിന്റെ പടികളില്‍ നിരന്നുനിന്ന് നാസി സല്യൂട്ടും നല്‍കി. ഇതിനു പിന്നാലെ സംഘര്‍ഷമുണ്ടായി. ഇതോടെ സ്പ്രിംഗ് സ്ട്രീറ്റില്‍ ഇരു ദിശകളിലുമുള്ള ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് സംഘര്‍ഷം ശമിപ്പിക്കാന്‍ പോലീസ് ഇടപെടുകയായിരുന്നു. സംഭവത്തില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതു വ്യക്തമല്ല.
ഈ ആഴ്ച സിഡ്നിയിലും അഡ്ലെയ്ഡിലും കെല്ലി-ജെയ് കീനിന് പരിപാടികളുണ്ടായിരുന്നു. ന്യൂസിലന്‍ഡിലേക്ക് പോകുന്നതിന് മുമ്പ് കീന്‍ ചൊവ്വാഴ്ച ഹോബാര്‍ട്ടിലേക്കും വ്യാഴാഴ്ച കാന്‍ബറയിലേക്കും പോകും. പെര്‍ത്തിലും ബ്രിസ്ബനിലും ഇവരുടെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കെല്ലി-ജെയ് കീനിന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയയിലെ ഗ്രീന്‍സ് എംപി സ്റ്റീഫന്‍ ബേറ്റ്‌സ് ഇമിഗ്രേഷന്‍ മന്ത്രിക്ക് ജനുവരിയില്‍ കത്തെഴുതിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26