ബംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ച് മത്സരിക്കും. കന്നടക്കാർ പുതുവത്സര ദിനമായി ആഘോഷിക്കുന്ന ‘ഉഗാദി’ ദിനമായ മാർച്ച് 22ന് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി 125 സ്ഥാനാർഥികളുടെ ആദ്യ പട്ടികക്ക് അംഗീകാരം നൽകി. 61 സിറ്റിങ് എം.എൽ.എമാരാണ് ആദ്യ പട്ടികയിൽ ഇടം പിടിച്ചത്.
ജനതാദൾ എസ് 93 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി പ്രഖ്യാപനം നടത്തിയിട്ടില്ല. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും അഴിമതിയുടെ തലസ്ഥാനമാക്കി കർണാടകയെ ബി.ജെ.പി മാറ്റിയെന്നും ആരുമായും സഖ്യത്തിനില്ലെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. ആകെയുള്ള 224 സീറ്റിൽ 150 ൽ വിജയിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം.
116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്നാണ് ഈയടുത്ത് സ്വകാര്യ ഏജൻസിയായ ലോക് പോൾ നടത്തിയ സർവേ ഫലം. അഴിമതിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം ബി.ജെ.പിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും സർവേയിൽ പറയുന്നു.
പ്രമുഖ ബി.ജെ.പി നേതാക്കളടക്കം പാർട്ടിയിൽ ചേർന്നതും കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. പ്രധാനമന്ത്രി മോദിയെ നിരന്തരം സംസ്ഥാനത്ത് എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് ബി.ജെ.പി. ഈവർഷം ഇതുവരെ ആറുതവണ മോദി സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഭാരത് ജോഡോ യാത്രക്ക് കർണാടകയിൽ ലഭിച്ച വൻ വരവേൽപ്പിന് ശേഷം രാഹുൽ ഗാന്ധി 20ന് സംസ്ഥാനത്ത് എത്തുന്നുണ്ട്. ബെളഗാവിയിൽ നടക്കുന്ന സംസ്ഥാന യുവജന റാലിയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്നുള്ള തിരഞ്ഞെടുപ്പ് റാലികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകും. മേയിലായിരിക്കും തിരഞ്ഞെടുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v