ബഹറിൻ: എമിരറ്റസ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ തൊണ്ണൂറ്റി രണ്ടു വർഷങ്ങളുടെ ധന്യതയാർന്ന ജീവിതത്തിന്റെ പരിസമാപ്തി അനുസ്മരിച്ചുകൊണ്ട് ആദരാജ്ഞലികൾ അർപ്പിക്കുവാൻ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ബഹറിൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേക യോഗം ചേർന്നു. 2023 മാർച്ച് പതിനെട്ടാം തീയതി വൈകുന്നേരം 08:00 മണിക്ക് ഓൺലൈനായി ആണ് ഒരുമിച്ചത്.
കോ-ഓർഡിനേറ്റർ ഷിനോയ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോസഫ് വി. മാത്യൂസ് അനുശോചന സന്ദേശം അവതരിപ്പിച്ചു. സീറോ മലബാർ സഭയിൽ വിശ്വാസത്തിന്റെ ധീരപോരാളിയായിരുന്നു ദിവംഗതനായ മാർ ജോസഫ് പവ്വത്തിൽ എന്ന് ശ്രീ. ഷിനോയ് പുളിക്കൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സഭ വിശ്വാസ - രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട അവസരങ്ങളിലെല്ലാം ധീരമായി നയിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ആരാധനാക്രമ പരിഷ്കരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കർക്കശമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
അറുപതിലേറെ വർഷങ്ങൾ ദൈവ ജനത്തേയും തിരുസ്സഭയേയും നയിച്ച പിതാവ്, അതിരൂപതയിലെ കുടുംബങ്ങൾക്കെല്ലാം കുടുംബനാഥനെപ്പോലെയായിരുന്നു എന്ന് സെക്രട്ടറി ശ്രീ. ജോസഫ് വി.മാത്യൂസ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജീവിതരേഖ എല്ലാവർക്കും സുപരിചിതമാണ്. അതിരൂപതാ മെത്രാൻ എന്ന നിലയിൽ തന്റെ അജഗണങ്ങളുടെ ആധ്യാത്മിക-ഭൗതിക കാര്യങ്ങളിൽ ബദ്ധശ്രദ്ധനായിരുന്നതോടൊപ്പം കെസിബിസിയുടെയും സിബിസിഐ യുടെയും അധ്യക്ഷനെന്ന നിലയിൽ സഭയ്ക്കാകെ കരുത്തു പകരുവാനും ശ്രദ്ധിച്ചു. സീറോ മലബാർ സഭയെ തനിമയിലും തെളിമയിലും നയിക്കാൻ, അതിന്റെ വ്യക്തിത്വവും അന്തസ്സും വീണ്ടെടുക്കാൻ അദ്ദേഹം പ്രദർശിപ്പിച്ച തീക്ഷ്ണത സമാനതകളില്ലാത്തതാണ്. ശ്ലൈഹിക പാരമ്പര്യവും പൗരസ്ത്യ ആധ്യാത്മികതയുടെ ചൈതന്യവും നിലനിർത്തി മാർത്തോമ്മാ നസ്രാണി സഭയെ സജീവവും തീക്ഷ്ണവുമായി അദ്ദേഹം നയിച്ചു. അദ്ദേഹത്തിന്റെ സാമ്പത്തിക - സാമൂഹിക -- രാഷ്ട്രീയ നിലപാടുകൾ പൊതുസമൂഹം വളരെ താല്പര്യത്തോടെയാണ് വീക്ഷിച്ചിരുന്നത്. അനുശോചന പ്രസംഗത്തെത്തുടർന്ന് സെക്രട്ടറി അവതരിപ്പിച്ച അനുശോചന സന്ദേശം കമ്മിറ്റി അംഗീകരിച്ചു.
ബഹറിനിലെ പ്രവാസി സമൂഹം ഹൃദയപൂർവ്വം, പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് പിതാവിന് ആദരപൂർവ്വം 'നല്ലിടയന് നന്ദി' എന്ന ഡിജിറ്റൽ ഫലകം കോ-ഓർഡിനേറ്റർ അനാച്‌ഛാദനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.