ആലപ്പുഴ: കോണ്‍ഗ്രസിന്റെ ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് ജി.സജിനിയെയും വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാറിനെയും അവിശ്വാസത്തിലൂടെ പുറത്താക്കി കോണ്‍ഗ്രസ്. ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുത്ത് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎം ഉള്‍പ്പടെയുള്ള പ്രതിപക്ഷം പിന്തുണച്ചതോടെ പാസായി.
ധാരണപ്രകാരം സജിനി അധികാരം ഒഴിയാന്‍ കൂട്ടാക്കാഞ്ഞത് മൂലമുണ്ടായ ചേരിതിരിവാണ് ഇവരുടെയും പുറത്താക്കലിലെത്തിയത്. ഇതോടെ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമായേക്കുമെന്ന സ്ഥിയിലാണ്.
13 അംഗ ഭരണസമിതിയില്‍ 10 പേര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. നാല് കോണ്‍ഗ്രസ് അംഗങ്ങളും മൂന്ന് സി.പി.എം അംഗങ്ങളും രണ്ട് സി.പി.ഐ അംഗങ്ങളും ഒരു സി.പി.എം സ്വതന്ത്രയുമാണ് അനുകൂലിച്ചത്. സജിനിയും എസ്.സുരേഷ് കുമാറും മാത്രമാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. ഇരുവരെയും പിന്തുണയ്ക്കുന്ന ഭരണകക്ഷി അംഗം പ്രസന്നാ സുരേഷ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുമില്ല.
ആദ്യ രണ്ട് വര്‍ഷം ജി.സജിനിയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഇപ്പോഴത്തെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദ്മശ്രീ ശിവദാസനും പ്രസിഡന്റ് സ്ഥാനം പങ്കുവെക്കാമെന്ന ധാരണയുണ്ടായിരുന്നു. കൂടാതെ ആദ്യ മൂന്ന് വര്‍ഷം എസ്. സുരേഷ് കുമാറും അടുത്ത രണ്ട്‌വര്‍ഷം ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. അനീഷും വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടാനുമുള്ള തീരുമാനവും എടുത്തിരുന്നു.
ഇതുപ്രകാരം ഡിസംബര്‍ 31 നകം ഇരുവരും സ്ഥാനമൊഴിയണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ അവരതിനു തയ്യാറായില്ല. പാര്‍ട്ടി തീരുമാനം അനുസരിക്കാഞ്ഞതിന്ന് ജി.സജിനിയെയും എസ്.സുരേഷ് കുമാറിനെയും പ്രസന്നാ സുരേഷിനെയും ഇവരെ അനുകൂലിച്ച രണ്ടു ബൂത്ത് പ്രസിഡന്റുമാരെയും പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നു നീക്കിയിരുന്നു. തുടര്‍ന്നാണ് അവിശ്വാസം വന്നത്.
ഇതോടെ ചിങ്ങോലിയിലെ ഭരണം ഇടതുപക്ഷത്തേക്കു ചായുമെന്ന സൂചനയാണുള്ളത്. പുറത്താക്കപ്പെട്ട പ്രസിഡന്റ് സജിനിയുടെയും വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാറിന്റെയും നിലപാട് ഇതില്‍ നിര്‍ണായകമാകും. 13 അംഗ ഭരണസമിതിയില്‍ 12 പേര്‍ ഇടത് പക്ഷത്തിനുണ്ട്. ഒരാളുടെ മാത്രം ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് അധികാരത്തിലെത്തിയത്. പുറത്താക്കപ്പെട്ടവര്‍ ഇടത് പക്ഷത്തെ പിന്തുണയ്ക്കുകയോ തിരഞ്ഞെടുപ്പില്‍ വിട്ട് നില്‍ക്കുകയോ ചെയ്താല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.