മെക്‌സികോ: യേശുക്രിസ്തുവുമായി സംവദിക്കാമെന്ന് കപട വാഗ്ദാനം നല്‍കി ഓണ്‍ലൈനിലൂടെ വില്‍ക്കപ്പെടുന്ന 'ഹോളി സ്പിരിറ്റ് ബോര്‍ഡ്' എന്ന ഗെയിം ബോര്‍ഡ് ആരും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കത്തോലിക്ക പുരോഹിതന്‍.
ആമസോണില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന ബോര്‍ഡ് ഗെയിമിനെതിരേയാണ് മെക്‌സിക്കന്‍ പുരോഹിതനായ ഫാ. ഏണെസ്റ്റോ മരിയ കാരോ രംഗത്തെത്തിയിരിക്കുന്നത്. ഗെയിം അപകടകാരിയും സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഡിജിറ്റല്‍ ഇവാഞ്ചലൈസേഷനെക്കുറിച്ച് യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് ഹോളി സ്പിരിറ്റ് ബോര്‍ഡ് എന്ന ഗെയിം ബോര്‍ഡിനു പിന്നിലെ അപകടത്തെക്കുറിച്ച് ഫാ. ഏണെസ്റ്റോ മരിയ കാരോ വ്യക്തമാക്കിയത്.
'ക്രിസ്ത്യന്‍ റിലീജിയസ് ടോക്കിംഗ് ബോര്‍ഡ്' എന്നാണ് ആമസോണില്‍ ഗെയിം ബോര്‍ഡിന് നല്‍കിയിരിക്കുന്ന വിശേഷണം. 30 ഡോളറാണ് വില. യേശുക്രിസ്തുവുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ നിങ്ങളെ അനുവദിക്കുമെന്ന വാഗ്ദാനവും നല്‍കുന്നു. പക്ഷേ ഇത് ഓജോ ബോര്‍ഡിന്റെ മറ്റൊരു രൂപമാണ്. യേശുക്രിസ്തു ഒരിക്കലും ഈ രീതിയില്‍ സംസാരിക്കുകയില്ല. പിശാചുക്കള്‍ മാത്രമേ ഇത്തരം ബോര്‍ഡുകളോട് പ്രതികരിക്കുകയുള്ളൂ എന്ന് ഫാ. ഏണെസ്റ്റോ പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിലാണ് ഇതു വില്‍പനയ്ക്കുള്ളത്.
ആമസോണില്‍ ഗെയിമിനെക്കുറിച്ചുള്ള വിവരണം ഇങ്ങനെയാണ് - 'ഹോളി സ്പിരിറ്റ് ബോര്‍ഡിന് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയും. മറ്റ് സ്പിരിറ്റ് ബോര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി, ഇത് ഒരിക്കലും ദുഷ്ട പ്രേതങ്ങളുമായോ പിശാചുക്കളുമായോ ബന്ധപ്പെടുന്നില്ല. അതിനാല്‍ സുരക്ഷിതത്വബോധത്തോടെ നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം.'
അതേസമയം, ദൈവം ഒരിക്കലും ദുരൂഹമായ രീതിയില്‍ നമുക്കു മറുപടി നല്‍കില്ല. ഈ ബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടാവുകയാണെങ്കില്‍ അത് പിശാചാണെന്നു ദയവായി മനസിലാക്കണമെന്നും പുരോഹിതന്‍ മുന്നറിയിപ്പ് നല്‍കുന്നു. മോണ്ടെറി രൂപതയിലെ ഭൂതോച്ചാടകന്‍ എന്ന നിലയിലും ഏറെ പ്രശസ്തനാണ് ഈ വൈദികന്‍.
'വിശ്വാസികളെ കബളിപ്പിക്കാനുള്ള പിശാചിന്റെ തന്ത്രം മാത്രമാണിത്. ദൈവത്തിന്റെ നാമം ഉപയോഗിച്ച് വിശ്വാസികളിലേക്കു വഴി തുറക്കാനുള്ള അവന്റെ തന്ത്രം. സാത്താന്‍ നുണകളുടെ പിതാവാണെന്ന് നാം ഓര്‍ക്കണം, ഒരു സ്പിരിറ്റ് ബോര്‍ഡിന്റെ ഫലമായി ലഭിക്കുന്ന ഏത് പ്രതികരണവും സ്വര്‍ഗത്തില്‍ നിന്നല്ല, അതു നരകത്തില്‍ നിന്നാണ് വരുന്നതെന്ന് ഓര്‍ക്കണം.
പിശാച് എപ്പോഴും പുതിയ തന്ത്രങ്ങള്‍ തേടുന്നു. നമ്മെ അവരുടെ നെറ്റ്വര്‍ക്കുകളിലേക്ക് എത്തിക്കാനുള്ള പുതിയ വഴികളില്‍ ഒന്നാണ് ഈ ബോര്‍ഡ്. നിങ്ങളുടെ ജീവിതത്തെ ആശയക്കുഴപ്പത്തിലാക്കാനും സംശയം സൃഷ്ടിക്കാനും മാത്രമേ ഇതുപകരിക്കൂ. അതുകൊണ്ട് ഹോളി സ്പിരിറ്റ് ബോര്‍ഡ് ആരും ഉപയോഗിക്കരുത്' - വൈദികന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ ഉല്‍പ്പന്നത്തിന്റെ വില്‍പന ആമസോണ്‍ ഉടനടി അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആമസോണ്‍ പോലൊരു ഓണ്‍ലൈന്‍ സൈറ്റിലൂടെ ഇതു വില്‍ക്കപ്പെടുമ്പോള്‍ ഗെയിമിനു വിശ്വാസ്യതയേറുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആമസോണിന്റെ കസ്റ്റമര്‍ റിവ്യൂ വിഭാഗത്തില്‍ കൊടുത്തിരിക്കുന്ന അവലോകനങ്ങളും ഗെയിമിനെ പിന്തുണയ്ക്കുന്നതാണ്.
എന്നാല്‍ അതിലെ ഒരു നെഗറ്റീവ് റിവ്യൂ ശ്രദ്ധേയമാണ്. 'ദയവായി ഈ വിഡ്ഢിത്തത്തില്‍ വീഴരുത്. ഇത് ശുദ്ധമായ തിന്മയാണ്. കര്‍ത്താവുമായി ആശയവിനിമയം നടത്താന്‍ ഇത്തരം വിലകുറഞ്ഞ ഗിമ്മിക് ആവശ്യമില്ലെന്ന് ഏതൊരു ക്രിസ്ത്യാനിക്കും അറിയാം. ഇത് നിങ്ങളുടെ വീടിനെ തിന്മയ്ക്ക് വിധേയമാക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല. ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിച്ച ആമസോണിനെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയും ഈ ഗെയിം കളിക്കില്ല. ആത്മീയ ജീവിതത്തില്‍ നിങ്ങള്‍ ദൈവത്തിനായി കാത്തിരിക്കാന്‍ പഠിക്കണം. അല്ലാതെ പെട്ടെന്നുള്ള സംതൃപ്തിക്കല്ല മുന്‍ഗണന കൊടുക്കേണ്ടത്. അതിന് ഈ ഓജ ബോര്‍ഡ് ഉത്തരമല്ല- ഇങ്ങനെ പോകുന്നു റിവ്യൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.