രാജ്യദ്രോഹിയെന്ന് വിളിച്ചത് രക്തസാക്ഷിയുടെ മകനെ; ഭീരുവായ പ്രധാനമന്ത്രിക്ക് ജനം മറുപടി നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി

രാജ്യദ്രോഹിയെന്ന് വിളിച്ചത് രക്തസാക്ഷിയുടെ മകനെ; ഭീരുവായ പ്രധാനമന്ത്രിക്ക് ജനം മറുപടി നല്‍കുമെന്ന്  പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20,000 കോടി നിക്ഷേപിച്ചതാരാണെന്ന് വ്യക്തമാകണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം ആവര്‍ത്തിച്ച് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.

രാജ്യത്തിന്റെ സമ്പത്ത് അദാനിയടക്കം കൊള്ള ചെയ്യുന്നതിനെ ചോദ്യം ചെയ്യേണ്ട സമയമായെന്ന് പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു. രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്റെ കുടുംബത്തില്‍ പലരും ഈ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരാണ്. ഈ നാടിന്റെ പതാകയിലും ഇവിടുത്തെ മണല്‍ തരികളില്‍ പോലും എന്റെ അച്ഛന്റെയും മുത്തശിയുടെയും രക്തത്തിന്റെ കണികകളുണ്ട്. രാജ്യത്തിന് വേണ്ടി ഇനിയും ശബ്ദിക്കും. ഇനിയും പ്രവര്‍ത്തിക്കും. ഞങ്ങളെ ഭയപ്പെടുത്തിക്കളയാമെന്ന വ്യാമോഹം ബിജെപി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയെയാണ് എട്ട് വര്‍ഷത്തേക്ക് അയോഗ്യനാക്കി പാര്‍ലമെന്റിന് പുറത്താക്കിയത്. രാഹുല്‍ രാജ്യത്തെയും പിന്നാക്ക വിഭാഗത്തെയും അപമാനിച്ചുവെന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഹാര്‍വാര്‍ഡില്‍ നിന്നും കേംബ്രിഡ്ജില്‍ നിന്നും ബിരുദമെടുത്ത രാഹുലിനെ പപ്പുവെന്ന് വിളിച്ച് അപമാനിച്ചു.

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ഒരു രക്തസാക്ഷിയുടെ മകനെയാണ് അവര്‍ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതെന്ന് ഓര്‍ക്കണം. രക്തസാക്ഷിയായ പിതാവിനെ പല തവണ പാര്‍ലമെന്റില്‍ അപമാനിച്ചു. അവര്‍ക്കെതിരെയൊന്നും മാനനഷ്ടത്തിന് കേസെടുത്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

രാഹുല്‍ സഭയിലുയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഭീരുവും അഹങ്കാരിയുമായ ഈ രാജ്യത്തെ പ്രധാനമന്ത്രിക്ക് ജനം മറുപടി നല്‍കുമെന്നും പ്രിയങ്ക തുറന്നടിച്ചു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ സത്യാഗ്രഹം തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് അനുവദിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.