ലൂയി പാസ്ചര്‍: ജീവിതത്തില്‍ വിശ്വാസവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടു പോയ പ്രശസ്തനായ പ്രഗത്ഭന്‍

ലൂയി പാസ്ചര്‍: ജീവിതത്തില്‍ വിശ്വാസവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടു പോയ പ്രശസ്തനായ പ്രഗത്ഭന്‍

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച്  ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ നാല്‍പ്പത്തിമൂന്നാം ഭാഗം.

ശാസ്ത്രജ്ഞരില്‍ പ്രഗത്ഭരുണ്ട്, പ്രശസ്തരുണ്ട്. എല്ലാ പ്രഗത്ഭരും പ്രശസ്തര്‍ ആകണമെന്നില്ല. എല്ലാ പ്രശസ്തരും പ്രഗത്ഭരാകണമെന്നില്ല. എന്നാല്‍ ചിലരുണ്ട്. അവര്‍ പ്രഗത്ഭരുമായിരിക്കും, ഒപ്പം പ്രശസ്തരുമായിരിക്കും.

ഇത്തരത്തില്‍ പ്രശസ്തിയും പ്രാഗത്ഭ്യവും ഒന്നുചേര്‍ന്ന ഒരു ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചര്‍. അദേഹം പ്രശസ്തനായത് ആകസ്മികമായല്ല. ധൈഷണികതയും പ്രാഗത്ഭ്യവുമാണ് അദേഹത്തെ പ്രശസ്തനാക്കിയത്. ലൂയി പാസ്ചറുടെ ജീവിതത്തിലേക്കും സംഭാവനകളിലേക്കും ഒന്ന് തിരിഞ്ഞു നോക്കാം.

1822 ഡിസംബര്‍ 27 ന് ഫ്രാന്‍സിലെ ഡോള്‍ എന്ന സ്ഥലത്ത് ദരിദ്രമായ ഒരു കത്തോലിക്കാ കുടുംബത്തിലാണ് അദേഹം ജനിച്ചത്. തീരെ ചെറുപ്പത്തില്‍ തന്നെ രണ്ടുവട്ടം വീട് മാറിത്താമസിക്കേണ്ടതായി വന്നു. 1831 ലാണ് പാസ്ചറുടെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. തീരെ ചെറുപ്പത്തില്‍ അദ്ദേഹത്തിന് പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

വാക്കുകള്‍ വായിക്കാനും തിരിച്ചറിയാനുമുള്ള ബുദ്ധിമുട്ട് അഥവാ dyslexic , എഴുതാനുള്ള ബുദ്ധിമുട്ട് അഥവാ dysgraphic എന്നിവ മൂലം താമസിച്ചാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ചെറുപ്പത്തില്‍ ഇത്രയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ഒരാള്‍ പിന്നീട് ബൗദ്ധികതയുടെ ഒരു പ്രതീകമായി മാറി എന്നതു തന്നെ അതിശയകരമാണ്.

വളരെ സാധാരണക്കാരനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു പാസ്ചര്‍ . മറ്റു ഹോബികളില്‍ ഏര്‍പ്പെടാനായിരുന്നു അദേഹത്തിനിഷ്ടം. 1838 ല്‍ പാരിസില്‍ പഠിക്കാനായി യാത്ര തിരിച്ചെങ്കിലും പിന്നീട് വീടിനോടുള്ള ബന്ധവും മാറിനില്‍ക്കാനുള്ള വൈഷമ്യവും മൂലം പഠനം ഉപേക്ഷിച്ച് അദ്ദേഹം തിരിച്ചു പോയി.

ലൂയി പാസ്ചറുടെ ഉന്നത വിദ്യാഭ്യാസ കാലഘട്ടത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോളും ഇതുതന്നെ നമുക്ക് കാണാം. ആദ്യമെല്ലാം കോഴ്‌സുകള്‍ പാസാകുന്നതും പരീക്ഷകള്‍ എഴുതി ജയിക്കുന്നതും അദേഹത്തിന് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ 1843 മുതലുള്ള അദേഹത്തിന്റെ വിദ്യാഭ്യാസ ചരിത്രം പരിശോധിച്ചാല്‍ വലിയൊരു കുതിപ്പ് കാണാന്‍ സാധിക്കും.

വെറും സാധാരണക്കാരനായിരുന്ന അദേഹം പഠനത്തിന്റെ പടികള്‍ സാവധാനം കയറി. ഇക്കാലഘട്ടത്തില്‍ അദേഹം രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമെല്ലാം ഡോക്ടറല്‍ പഠനം പൂര്‍ത്തിയാക്കി. അതിനുശേഷം പല സര്‍വകലാശാലകളിലും ശാസ്ത്ര അധ്യാപകനായി ജോലി ചെയ്തു.

Medical microbiology എന്ന ശാഖയുടെ ആദ്യ പിതാക്കന്മാരില്‍ ഒരാളും ആ ശാഖയെ വളര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച ആളുമാണ് ലൂയി പാസ്ചര്‍ . പുളിപ്പിനും രോഗങ്ങള്‍ക്കും പിന്നിലുള്ള microorganisms ന്റെ കണ്ടുപിടുത്തം, പാസ്ചറൈസഷന്‍ സംവിധാനം, ആന്ത്രാക്‌സ്, പേപ്പട്ടി വിഷബാധ എന്നിവക്കെതിരെയുള്ള മരുന്നുകള്‍, ഇതെല്ലം അദേഹത്തിന്റെ അനുഗ്രഹീത ജീവിതത്തില്‍ നിന്ന് ഈ ലോകത്തിന് സംഭാവനയായി ലഭിച്ചവയാണ്.

Molecular asymmetry എന്ന അക്കാലത്തെ സമസ്യക്ക് ഉത്തരം കണ്ടെത്തിയതും പാസ്ചര്‍ ആണ്. Lille എന്ന സ്ഥലത്ത് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുമ്പോള്‍ അവിടെ ഉല്‍പാദിപ്പിക്കുന്ന ബിയറിനെ അധികരിച്ചുള്ള പഠനങ്ങളാണ് പുളിപ്പിന് പിന്നിലെ ശാസ്ത്രം വെളിവാക്കിയത്. ഇതിനെ അധികരിച്ചുള്ള അദേഹത്തിന്റെ തുടല്‍ പഠനങ്ങളാണ് germ theory of fermentation രൂപീകരിക്കാന്‍ ഇടയായത്.

പുളിപ്പിക്കുന്ന ദ്രാവകത്തില്‍ oxygen കടത്തിവിട്ടാല്‍ പുളിപ്പിക്കുന്ന പ്രക്രിയ നിര്‍ത്തി വെക്കമെന്ന അദേഹത്തിന്റെ കണ്ടുപിടുത്തമാണ് പാസ്ചര്‍ എഫക്ട് എന്ന് വിളിക്കപ്പെടുന്നത്. ഈ കണ്ടുപിടുത്തമാണ് aerobic, anaerobic എന്നീ തരംതിരിവുകളുടെ അടിസ്ഥാനം. Oxygen സാന്നിധ്യത്തില്‍ ജീവിക്കുന്നവയും അസാന്നിധ്യത്തില്‍ ജീവിക്കുന്നവയും എന്ന തരംതിരിവ് തന്നെ അദേഹത്തിന്റെ സംഭാവനയാണ്.

പാസ്ചറൈസഷന്‍ എന്ന പ്രക്രിയ തന്നെ അദേഹത്തിന്റെ വലിയ സംഭാവനയാണ്. ഫ്രാന്‍സിലെ തകര്‍ന്നുകൊണ്ടിരുന്ന ബിയര്‍, വൈന്‍ വ്യവസായങ്ങളെ വളര്‍ത്താന്‍ ആരംഭിച്ച പഠനങ്ങള്‍ ഇന്ന് ഏറ്റവുമധികം പ്രയോജനപ്പെടുന്നത് പാല്‍ വ്യവസായത്തിലാണ്. അത് കേടാകുന്നത് തടയാന്‍ വേണ്ടി 50-60 ഡിഗ്രി ചൂടില്‍ തിളപ്പിക്കുക എന്നതാണ് ഈ രീതിയുടെ പ്രത്യേകത.

യൂറോപ്പില്‍ പട്ടുനൂല്‍പ്പുഴുക്കല്‍ അജ്ഞാത രോഗം ബാധിച്ചു അവസാനിക്കുന്ന ഒരു ഘട്ടം എത്തിയപ്പോള്‍ ഈ സാഹചര്യം ശരിയാക്കാന്‍ പാസ്ചറോട് ആവശ്യപ്പെട്ടു. ആ സമയത്ത് അദേഹത്തിന് പട്ടുനൂല്‍പ്പുഴുക്കളെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷം കൊണ്ട് പുഴുക്കളെപ്പറ്റി നന്നായി ഗവേഷണം നടത്തുകയും നല്ല ആരോഗ്യമുള്ള പുഴുക്കളെ പരിപാലിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അദേഹം കണ്ടെത്തുകയും ചെയ്തു.

ഇത് യൂറോപ്പില്‍ ആകമാനം പട്ടുനൂല്‍പ്പുഴുക്കളുടെ പരിപാലനത്തിന് വളരെ സഹായിച്ചു. ഈ രീതിയാണ് ഇന്ന് പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്താന്‍ ലോകത്താകമാനം ഉപയോഗിക്കുന്നത്.

പാസ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്തപ്പോളുണ്ടായ അനുഭവം വളരെ പ്രശസ്തമാണ്. ട്രെയിനില്‍ ബൈബിള്‍ വായിച്ചുകൊണ്ട് യാത്ര ചെയ്തിരുന്ന അദേഹത്തോട് നിരീശ്വരനായ ഒരു ചെറുപ്പക്കാരനായ ശാസ്ത്രജ്ഞന്‍ യുക്തിയുടെ പ്രാധാന്യത്തെയും ദൈവത്തിന്റെ അര്‍ത്ഥ ശൂന്യതയെയും കുറിച്ച് സംസാരിച്ചു. പറഞ്ഞ കാര്യങ്ങളുടെ വസ്തുതയെപ്പറ്റി സംസാരിക്കാനും കൂടുതല്‍ ശാസ്ത്രാവബോധം നല്‍കാനും യുവ ശാസ്ത്രജ്ഞന്‍ ആഗ്രഹിച്ചു.

തന്നെ ശ്രദ്ധയോടെ കേട്ട പ്രായമായ ആളോട് അഡ്രസ് ചോദിച്ചപ്പോള്‍ പോക്കറ്റില്‍ നിന്ന് വിസിറ്റിംഗ് കാര്‍ഡ് എടുത്ത് നല്‍കി. അതില്‍ എഴുതിയിരുന്ന പേര് ലൂയി പാസ്ചര്‍ എന്നായിരുന്നു. തന്റെ ശാസ്ത്ര വൈഭവത്തിന്റെ പരകോടിയിലും യാത്രാ വേളകളില്‍ പോലും ബൈബിള്‍ വായിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം നമുക്കും അനുകരണീയമാണ്.

ലൂയി പാസ്ചര്‍ എന്ന മഹാനായ ശാസ്ത്രഞ്ജന്റെ ശാസ്ത്രീയ സംഭാവനകളെ ഈയൊരു ലേഖനത്തില്‍ ഒതുക്കുക എളുപ്പമല്ല. അദേഹത്തെപ്പോലെ ജീവിതത്തില്‍ വിശ്വാസവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടുപോകാന്‍ നമുക്ക് പരിശ്രമിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.