'ആ ചിരി നിലച്ചു'; നടന്‍ ഇന്നസെന്റ് വിടവാങ്ങി

'ആ ചിരി നിലച്ചു'; നടന്‍ ഇന്നസെന്റ് വിടവാങ്ങി

കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ അതുല്യ നടന്‍ ഇന്നസെന്റ് വിടവാങ്ങി. 75 വയസായിരുന്നു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ. മന്ത്രി പി. രാജീവാണ് ഇന്നസെന്റിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മന്ത്രി മരണവാര്‍ത്ത അറിയിച്ചത്.

അര്‍ബുദരോഗം സംബന്ധിച്ച പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെ രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെനിറ്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാന്‍സറിനെ വളരെ ശക്തമായി നേരിട്ട് പലര്‍ക്കും പ്രചോദനമായ ജീവിതാനുഭവങ്ങള്‍ അദ്ദേഹം പലപ്പോഴും പങ്കിട്ടിരുന്നു. ഇതിനു ശേഷം സിനിമയില്‍ സജീവമാവുകയും ചെയ്തു.

1948 ഫെബ്രുവരി 28 ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിലാണ് ജനനം. ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി. പിന്നീട് മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.

സംവിധായകന്‍ മോഹന്‍ മുഖേനയാണ് ഇന്നസെന്റ് സിനിമാ രംഗത്തു വരുന്നത്. 1972 ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുന്‍പെ, ഓര്‍മ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. 2014 മെയില്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

നിര്‍മ്മാതാവ് എന്ന നിലയിലാണ് ഇന്നസെന്റ് സിനിമയില്‍ എത്തിയത്. പില്‍കാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ഏറെ ശ്രദ്ധ നേടി. സവിശേഷമായ ശരീര ഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളാണ്.

ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ഇന്നസെന്റിനെ തേടിയെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.