നോമ്പുതുറ സമയത്ത് മുനിസിപ്പല്‍ സൈറണ്‍ മുഴക്കണമെന്ന ഉത്തരവിറക്കി ചങ്ങനാശേരി നഗരസഭ സെക്രട്ടറി; നിയമ നടപടിയുമായി കാസ ഹൈക്കോടതിയില്‍

നോമ്പുതുറ സമയത്ത് മുനിസിപ്പല്‍ സൈറണ്‍ മുഴക്കണമെന്ന ഉത്തരവിറക്കി ചങ്ങനാശേരി നഗരസഭ സെക്രട്ടറി; നിയമ നടപടിയുമായി കാസ ഹൈക്കോടതിയില്‍

പ്രതിഷേധം ശക്തമായതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച അടിയന്തര മുനിസിപ്പല്‍ കൗണ്‍സില്‍ ചേരും.

ചങ്ങനാശേരി: റമസാന്‍ കാലത്തെ നോമ്പുതുറ സമയത്ത് മുനിസിപ്പല്‍ സൈറണ്‍ മുഴക്കണമെന്ന ചങ്ങനാശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തില്‍.

മുനിസിപ്പല്‍ പരിധിയില്‍ വരുന്ന പുത്തൂര്‍ പള്ളി മുസ്ലിം ജമാ അത്തിന്റെ അപേക്ഷ പ്രകാരം മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 21 വരെ റംസാന്‍ നോമ്പുതുറ സമയമായ വൈകിട്ട് 6.39 ന് മുനിസിപ്പല്‍ സൈറണ്‍ മുഴക്കണമെന്നാണ് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. ഇതിനെതിരെ ക്രൈസ്തവ കൂട്ടായ്മയായ കാസ രംഗത്തെത്തി.

നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് കാസ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. കാസ സംസ്ഥാന അധ്യക്ഷന്‍ കെവിന്‍ പീറ്ററിന് വേണ്ടി അഡ്വ. സി. രാജേന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നോമ്പുതുറ സമയത്ത് സൈറണ്‍ മുഴക്കുന്നതിനായി മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരന്‍ ബിജു, സൈറണ്‍ കൃത്യമായി മുഴക്കുന്നുണ്ടന്ന് ഉറപ്പ് വരുത്താന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സോണ്‍ സുന്ദര്‍ എന്നിവരെ ചുമതലപ്പെടുത്തിയാണ് നഗരസഭ സെക്രട്ടറി എല്‍.എസ് സജി ഉത്തരവിറക്കിയത്. സൈറണിന് തകരാര്‍ സംഭവിച്ചാല്‍ നഗരസഭ എന്‍ജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ നഗരസഭ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ സെക്രട്ടറി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതില്‍ പ്രതിഷേധം ശക്തമായി. മുന്‍കാലങ്ങളില്‍ നോമ്പുതുറ സമയത്ത് സൈറണ്‍ മുഴക്കാറുണ്ടെന്നും മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരമാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെന്നും നഗരസഭ സെക്രട്ടറി വിശദീകരിച്ചെങ്കിലും ഇതു സംബന്ധിച്ച വിവാദം തുടരുകയാണ്.

ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ലാത്ത ഉത്തരവാണ് നഗരസഭ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിട്ടുണ്ട്.

നഗരസഭ സെക്രട്ടറിയുടെ വിവാദ ഉത്തരവില്‍ പ്രതിഷേധം ശക്തമായതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച അടിയന്തര മുനിസിപ്പല്‍ കൗണ്‍സില്‍ ചേരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.