നിരാശയുടെ കല്ലറയില്‍നിന്ന് എഴുന്നേല്‍ക്കാം; പ്രത്യാശയുടെ വെളിച്ചത്തിന്‌ സാക്ഷ്യം വഹിക്കാം: ഫ്രാന്‍സിസ് പാപ്പ

നിരാശയുടെ കല്ലറയില്‍നിന്ന് എഴുന്നേല്‍ക്കാം; പ്രത്യാശയുടെ വെളിച്ചത്തിന്‌ സാക്ഷ്യം വഹിക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും, നമ്മെ പുനഃസ്ഥാപിക്കുകയും നവജീവന്‍ പ്രദാനം ചെയ്യുകയും ചെയ്യുന്ന യേശുവിനെ നാം സ്വാഗതം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഒരു കുഞ്ഞ് ആദ്യ ചുവടുകള്‍ വയ്ക്കാന്‍ പഠിക്കുന്നതുപോലെ നാം വീഴുകയോ നിരുത്സാഹപ്പെടുകയോ ചെയ്യുന്ന വേളകളില്‍ കൈപിടിച്ച് നടത്താന്‍ ദൈവത്തെ അനുവദിക്കണമെന്നും മാര്‍പ്പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

നോമ്പുകാലത്തിന്റെ അഞ്ചാം ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.

ദിവ്യബലി മദ്ധ്യേ വായിച്ച യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായം ഒന്നു മുതല്‍ 45 വരെയുള്ള വാക്യങ്ങളായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശത്തിന്റെ കാതല്‍. മറിയത്തിന്റെയും മാര്‍ത്തയുടെയും സഹോദരനായ ലാസറിനെ യേശു ഉയര്‍പ്പിക്കുന്ന സംഭവമായിരുന്നു അത്.

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതായി തോന്നുമ്പോഴും യേശു തന്റെ പ്രിയ സുഹൃത്ത് ലാസറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സുവിശേഷ ഭാഗം പാപ്പ ചൂണ്ടിക്കാട്ടി. നമ്മുടെ ജീവിതത്തിലും വേദനാജനകമായ സാഹചര്യം ഉണ്ടാവുകയും ഒരു പ്രതീക്ഷയും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അവിടെ ക്രിസ്തു ജീവന്‍ പകരുന്നതായി പാപ്പാ പറഞ്ഞു.

'ചില സമയങ്ങളില്‍ ഇനിയൊരു പ്രതീക്ഷയ്ക്ക് സാധ്യതയില്ലെന്നു പലരും നിരാശയോടെ പറയുന്നത് കേള്‍ക്കാം. വേദനാജനകമായ നഷ്ടം, അസുഖം, കയ്‌പേറിയ അനുഭവം എന്നിവയാല്‍ പ്രതീക്ഷ നഷ്ടപ്പെടുന്ന ആളുകളെയും കാണാം. ജീവിതം ഒരു അടഞ്ഞ ശവകുടീരം പോലെ തോന്നുന്ന നിമിഷങ്ങളാണിവ: എല്ലാം ഇരുണ്ടതാണ്, നമുക്ക് ചുറ്റും സങ്കടവും നിരാശയും മാത്രമേ കാണാനാകൂ. എന്നാല്‍ അത്തരം നിമിഷങ്ങളില്‍ ദൈവം നമ്മെ ഒറ്റയ്ക്കാക്കുകയില്ല. കൃത്യമായി ഈ നിമിഷങ്ങളിലാണ് അവിടുന്ന് നമ്മെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അടുത്തുവരുന്നത്' - പാപ്പാ പറഞ്ഞു.

ലാസറിനോട് ചെയ്തത് പോലെ ഈശോ നമ്മുടെ ശവകുടീരങ്ങളെ സമീപിച്ചു 'കല്ല് നീക്കുക' എന്ന് പറയുന്നു. നമ്മുടെ ഉള്ളില്‍ ഒരു കല്ലുണ്ട്, അത് നീക്കം ചെയ്യാന്‍ കഴിവുള്ള ഒരേയൊരു വ്യക്തി യേശുവാണ്. കല്ല് നീക്കം ചെയ്യുക എന്നാല്‍ തെറ്റുകള്‍, പരാജയങ്ങള്‍, വേദനിക്കുന്ന അനുഭവങ്ങളുടെ ഓര്‍മ്മകള്‍ ഇവയെല്ലാം നമ്മുടെ ഉള്ളില്‍ നിന്നും മാറ്റുക എന്നാണ് അര്‍ഥം. അതാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നതും - പാപ്പാ കൂട്ടിച്ചേര്‍ത്തു.

നിഷേധാത്മകമായ വികാരങ്ങളാല്‍ നമ്മെത്തന്നെ നശിപ്പിക്കാതിരിക്കാന്‍ വിശ്വാസത്തിലും പ്രത്യാശയിലും തുടരാന്‍ യേശു നമ്മെ ക്ഷണിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
വേദന, തെറ്റുകള്‍, പരാജയങ്ങള്‍ എന്നിവ നമ്മുടെയുള്ളിലെ ഇരുണ്ടതും ഏകാന്തവുമായ മുറിയില്‍ അടക്കം ചെയ്യരുത്.

'കല്ല് നീക്കം ചെയ്യുക: ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കുക, ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ അത് എന്റെ മേല്‍ എറിയുക' കര്‍ത്താവ് അരുളിചെയ്യുന്നു. 'കാരണം ഞാന്‍ നിങ്ങളോടൊപ്പമുണ്ട്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നിങ്ങള്‍ ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'.

ലാസറിനോടെന്ന പോലെ, അവിടുന്ന് നാം ഓരോരുത്തരോടും ഇത് ആവര്‍ത്തിക്കുന്നു: എഴുന്നേല്‍ക്കുക, യാത്ര പുനരാരംഭിക്കുക, ആത്മവിശ്വാസം വീണ്ടെടുക്കുക! എഴുന്നേല്‍ക്കാന്‍ ശക്തിയില്ലാത്ത ഇത്തരം അവസ്ഥ ജീവിതത്തില്‍ എത്രയോ തവണ നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ യേശു പറയുന്നു: 'പോകൂ, മുന്നേറൂ! ഞാന്‍ നിന്റെ കൂടെയുണ്ട്'. കുട്ടിക്കാലത്ത് ആദ്യ ചുവടുകള്‍ വയ്ക്കാന്‍ നീ പഠിച്ചതുപോലെ ഞാന്‍ നിന്നെ കൈപിടിച്ച് നടത്തും.

'എനിക്ക് നിന്നെ സ്വതന്ത്രനായും ജീവനോടെയും വേണം, ഞാന്‍ നിന്നെ ഉപേക്ഷിക്കയില്ല, ഞാന്‍ നിങ്ങളോടൊപ്പമുണ്ട്! വേദനയുടെയും നിരാശയുടെയും തടവിലാക്കപ്പെടരുത്, പ്രത്യാശ മരിക്കാന്‍ അനുവദിക്കരുത്: ജീവിതത്തിലേക്ക് മടങ്ങിവരൂ' - കര്‍ത്താവ് ക്ഷണിക്കുന്നു.

ഉത്ഥാനത്തിരുന്നാള്‍ ആഗതമായിരിക്കുമ്പോള്‍ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം വീണ്ടും വായിക്കാന്‍ മാര്‍പ്പാപ്പ വിശ്വാസികളെ പ്രേരിപ്പിച്ചു. 'അവനില്‍ നമ്മെത്തന്നെ ഭരമേല്‍പ്പിക്കുക. നമ്മെ നശിപ്പിക്കുന്ന ചില ഭാരങ്ങളോ കഷ്ടപ്പാടുകളോ നാം ഹൃദയത്തില്‍ വഹിക്കുന്നുണ്ടാകാം. ഈ വേളയില്‍ അടുത്തിരിക്കുന്ന യേശുവിനെ കാണാന്‍ നമുക്കു കഴിയണമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

നമുക്ക് സ്വയം ചോദിക്കാം, യേശുവിനായി നമ്മുടെ ഹൃദയം തുറന്നിടാനും നമ്മുടെ ആശങ്കകള്‍ അവിടത്തേക്ക് സമര്‍പ്പിക്കാനും നമുക്ക് സാധിക്കുന്നുണ്ടോ? പ്രശ്നങ്ങളുടെ ശവക്കുഴി തുറന്ന്, അവിടുത്തെ വെളിച്ചത്തിലേക്ക് നോക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?

ദൈവസ്‌നേഹത്തിന്റെ ചെറു കണ്ണാടികളായി നാം ജീവിക്കുന്ന ചുറ്റുപാടുകളെ വചനപ്രവര്‍ത്തികള്‍ കൊണ്ട് പ്രകാശിപ്പിക്കാന്‍ കഴിയുന്നുണ്ടോ? യേശുവിന്റെ പ്രത്യാശയ്ക്കും സന്തോഷത്തിനും നാം സാക്ഷ്യം വഹിക്കുന്നുണ്ടോ? - പാപ്പ ചോദിച്ചു.

പ്രത്യാശയുടെ അമ്മയായ മറിയമേ, ഞങ്ങളെ വലയം ചെയ്യുന്ന ഇരുട്ടിലേക്ക് വെളിച്ചം കൊണ്ടുവരാനുള്ള ആഹ്വാനം നവീകരിക്കണമേ എന്നു പ്രാര്‍ത്ഥിച്ചാണ് മാര്‍പ്പാപ്പ ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.