സമൂഹ മാധ്യമങ്ങള്‍ പുതിയ മിഷന്‍ മേഖല; ഡിജിറ്റല്‍ യാഥാര്‍ത്ഥ്യത്തെ പ്രയോജനപ്പെടുത്തണം

സമൂഹ മാധ്യമങ്ങള്‍ പുതിയ മിഷന്‍ മേഖല; ഡിജിറ്റല്‍ യാഥാര്‍ത്ഥ്യത്തെ പ്രയോജനപ്പെടുത്തണം

ഗവീണ്‍ ജോര്‍ജ്
കോ-ഓര്‍ഡിനേറ്റര്‍ മീഡിയ കമ്മിഷന്‍
മെല്‍ബണ്‍ സിറോ മലബാര്‍ രൂപത

നാം ജീവിക്കുന്ന ഈ കാലത്ത് നൊടിയിടയില്‍ വാര്‍ത്തകള്‍ എവിടെയും പറന്നെത്തുന്നു. നിമിഷാര്‍ദ്ധം കൊണ്ട് യൂട്യൂബ് സെലിബ്രിറ്റികള്‍ പിറക്കുന്നു, അമ്പതു കോടിയിലധികം ഉപയോക്താക്കളുടെ പിന്‍ബലത്തില്‍ ഫേസ്ബുക്ക് അതിശക്തമായ ഓണ്‍ലൈന്‍ സമൂഹമായി വളരുന്നു. ഈ സാഹചര്യത്തിലാണ് കാതലായൊരു ചോദ്യത്തെ നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. മാറുന്ന കാലത്തിന്റെ ഈ ഡിജിറ്റല്‍ യാഥാര്‍ത്ഥ്യത്തെ ക്രിസ്ത്യാനികളെന്ന നിലയില്‍ നമ്മള്‍ ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയായിരിക്കണം?

ഓണ്‍ലൈന്‍ ലോകത്ത് ദിവസേന എന്നോണം സമൂഹ മാധ്യമ കൂട്ടായ്മകള്‍ പിറവിയെടുത്തുകൊണ്ടേയിരിക്കുമ്പോള്‍ ഇവയോരോന്നിലും നമ്മുടെ സാന്നിധ്യം അനിവാര്യമാണോ? സംശയിക്കുകയേ വേണ്ട, ഇന്നോളം ലോകം ദര്‍ശിച്ചിട്ടുള്ളതിനേക്കാള്‍ ഗൗരവമായി സൈബര്‍-സുവിശേഷ പ്രവര്‍ത്തകരുടെ തലമുറയാകാനും ഇന്റര്‍നെറ്റിനെ നമ്മുടെ മിഷന്‍ മേഖലയാക്കി മാറ്റാനുമാണ് മാറിയ സാഹചര്യങ്ങള്‍ നമ്മോടാവശ്യപ്പെടുന്നത്.

സമൂഹ മാധ്യമങ്ങള്‍ ക്രിസ്തീയതയ്ക്ക് ഇടം കണ്ടെത്താനാവാത്ത തരിശു നിലങ്ങളാണെന്ന തരത്തിലുള്ള നിര്‍വികാരതയിലേക്കോ നിരാശാവാദത്തിലേക്കോ നാമൊരിക്കലും വീണുകൂടാ. പകരം സമൂഹ മാധ്യമ ലോകത്തെ നമ്മുടെ ഓരോ ഇടപെടലിലും യേശുവിന്റെ സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും ചൈതന്യം കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ വഴിയറിയാതെ ഉഴലുന്ന ലോകത്തിനു വെളിച്ചമാകാന്‍ നമുക്കു കഴിയും; തീര്‍ച്ച.

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന അവസരങ്ങളിലെല്ലാം സ്വയം വെളിപ്പെടുത്തുന്ന വിധം ഉത്തരവാദിത്വ ബോധമുള്ളവരാകാന്‍ വിളിക്കപ്പെട്ടവരാണ് കത്തോലിക്കരായ നാം. നമ്മള്‍ ദൃശ്യരായിരിക്കുക എന്നാല്‍ യേശു ദൃശ്യനായിരിക്കുക, സഭ ദൃശ്യയായിരിക്കുക, കത്തോലിക്കാ മൂല്യങ്ങള്‍ ദൃശ്യമായിരിക്കുക എന്നൊക്കെ കൂടിയായിരിക്കണം അര്‍ത്ഥം.

നമ്മുടെ പ്രാദേശിക സഭയുടെയും ആഗോള സഭയുടെയും ഉത്തരവാദിത്വങ്ങള്‍ കൂടി ഇത്തരം വേദികളില്‍ പങ്കു വയ്ക്കുന്നവരാകുക എന്നതാണ് ഓരോ ക്രൈസ്തവനും ഏറ്റെടുക്കുന്ന അധിക ഉത്തരവാദിത്വം. മതനിരപേക്ഷമെന്നു വിളിക്കാവുന്ന ഇടങ്ങളിലൊക്കെ ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും പ്രഹരിച്ചൊതുക്കാനുള്ള സംഘടിതമായ ഏതു നീക്കത്തെയും പ്രതിരോധിച്ചു തോല്‍പ്പിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാനായി വിളിക്കപ്പെട്ടവരായിരിക്കണം നമ്മള്‍. ഈ ഉത്തരവാദിത്വമാണ് നമ്മുടെ അടിസ്ഥാനപരമായ വിളി എന്നു മാത്രമല്ല, സമൂഹ മാധ്യമങ്ങളാണ് ഈ വിളിക്ക് പ്രത്യുത്തരം നല്‍കാനുള്ള ഏറ്റവും മികച്ച വേദിയൊരുക്കുകയും ചെയ്യുന്നത്. നാം ഇതു ചെയ്യുന്നില്ലായെന്നു സങ്കല്‍പിക്കുക; മഹത്തായ സാധ്യതയും അവസരവും നഷ്ടപ്പെടുന്നുവെന്നു മാത്രമല്ല, ഇനിയുള്ള തലമുറയ്ക്ക് ഇത്തരം അവസരം കിട്ടാനുള്ള സാധ്യത തുലോം ഇല്ലാതെ പോകുകയും ചെയ്യുന്നു.

നമ്മുടെ വിശ്വാസത്തെയും ധാര്‍മികതയെയും സംരക്ഷിക്കുന്നതില്‍ നാം പരാജയപ്പെടുന്നതനുസരിച്ച് നാം ഉള്‍പ്പെടുന്ന സമൂഹത്തിന്റെ മധ്യത്തില്‍ പോലും കറുത്ത ശക്തികള്‍ക്ക് വേരോട്ടം കിട്ടുകയായിരിക്കും ഫലം. ഒരുപക്ഷേ, നമുക്കു ചെയ്യാന്‍ സാധിക്കുന്നത് വളരെ കുറച്ചു മാത്രമായിരിക്കും, എങ്കില്‍ കൂടി പ്രതിരോധമെന്ന നിലയില്‍ ആ ചെറിയ കാര്യത്തിനു പോലും പ്രാധാന്യമേറെയായിരിക്കും. എങ്ങനെയാണ് നമുക്ക് പ്രവര്‍ത്തിക്കാനാവുകയെന്നു നോക്കാം.

1. ജാഗ്രതയോടെയും വസ്തുനിഷ്ഠമായും സമൂഹ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുക

ഓര്‍ക്കുക, ഓണ്‍ലൈനില്‍ നാം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്തും യഥാര്‍ഥ മനുഷ്യരെത്തന്നെയാണ് സ്വാധീനിക്കുന്നത്. ഗുണാത്മകവും ആകര്‍ഷകവുമായ ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുക. ആത്യന്തികമായി യേശു നമ്മോടു കാണിച്ച സ്നേഹം മറ്റുള്ളവര്‍ക്കു കൂടി കാണാനാവുന്ന വിധത്തില്‍ അവതരിപ്പിക്കുക.

ഓണ്‍ലൈനിലെ നമ്മുടെ ഇടപെടലുകള്‍ക്ക് അനുകൂല ഭാവത്തിലും പ്രതികൂല ഭാവത്തിലും മനുഷ്യരില്‍ ഫലം ചെലുത്താന്‍ സാധിക്കുമെന്നു മറക്കേണ്ട. സത്യത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഒരു കാരണവശാലും പിന്‍വലിയരുത്. സത്യമെന്നാല്‍ അര്‍ഥസത്യമായിക്കൂടാ, സൗകര്യപ്രദമായ സത്യവുമായിക്കൂടാ, പൂര്‍ണമായ സത്യം തന്നെയായിരിക്കണം.

2. ഓണ്‍ലൈനില്‍ ചെറു ക്രിസ്ത്യന്‍ കൂട്ടായ്മകള്‍ രൂപീകരിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക

ഒരുപക്ഷേ, വിഘടിച്ചു നില്‍ക്കുന്ന കുറേയധികം ആള്‍ക്കാരെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നു എന്നതാണ് സമൂഹ മാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രയോജനം. സഭകളുടെയും സമുദായങ്ങളുടെയും കാര്യത്തിലും ഇതു വളരെ പ്രധാനപ്പെട്ടതാണ്.

3. ഓണ്‍ലൈനില്‍ സജീവമായി ഇടപെടുന്നവരാകുക

ഓണ്‍ലൈനിലെ സംഘടിതവും വിഷയാധിഷ്ഠിതവുമായ പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവരാകുക, പള്ളി സംബന്ധമായ കാര്യങ്ങളും നമ്മുടെ വിശ്വാസ-ധാര്‍മിക സംബന്ധിയായ കാര്യങ്ങളും പ്രചരിപ്പിക്കുക, സാധാരണക്കാരായ മനുഷ്യരെ നേരിട്ടു ബാധിക്കുന്ന സാമൂഹിക-രാഷ്ട്രീയ-മത വിഷയങ്ങളില്‍ ഇടപെടുക തുടങ്ങി നമുക്ക് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന മേഖലകള്‍ നിരവധിയാണ്.

വിശ്വാസ ജീവിതം പിന്തുടരുന്ന കത്തോലിക്കര്‍ എന്ന നിലയില്‍ ഓണ്‍ലൈന്‍ ലോകത്ത് നമുക്ക് ലഭിക്കുന്ന ദൃശ്യത എന്നത് ജനകീയ വിഷയങ്ങളെ മുന്‍നിര്‍ത്തി കത്തോലിക്കാ സഭയ്ക്കു ലഭിക്കുന്ന ദൃശ്യത തന്നെയായിരിക്കണം. രാഷ്ട്രീയ വിഷയങ്ങളില്‍ ക്രൈസ്തവര്‍ ഇടപെടരുത് എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അതിനെ അസംബന്ധം എന്നല്ലാതെ എന്തു വിളിക്കാന്‍.

മുന്‍കാലങ്ങളില്‍ ഒരാള്‍ എന്ത് സമ്പാദിച്ചോ അതായിരുന്നു അയാള്‍, എന്നാല്‍ ഇന്നത്തെ ഓണ്‍ലൈന്‍ കാലത്ത് ഒരാള്‍ എന്തു ഷെയര്‍ ചെയ്യുന്നുവോ അതാണ് അയാള്‍. എവിടെയൊക്കെ നാം എത്തിച്ചേരുന്നുവോ, അവിടെയെല്ലാം നമ്മള്‍ നമ്മുടെ രക്ഷകനെ പ്രതിനിധീകരിക്കുന്നവരായിരിക്കണം. ഓണ്‍ലൈന്‍ ലോകത്ത് ക്രിസ്തുവിന്റെ പ്രതിനിധികളാണ് നാം. പ്രൊഫൈലുകളും പേജുകളും ന്യൂസ് ഫീഡുകളും മുഖേന സ്വന്തം ജീവിതത്തിലേക്കു സദാ തുറക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാതിലാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇനിമേല്‍ നമുക്കാര്‍ക്കും കേവലമായ ഭൗതിക ജീവിതം മാത്രമല്ല ഉള്ളത്, പിന്നെയോ സൈബര്‍ ജീവിതം കൂടിയാണ്.

നിര്‍വ്യാജമായ ജീവിതം നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിന്റെ ഓണ്‍ലൈന്‍ ആവിഷ്‌കാരം എന്നത് സ്വന്തം ജീവിതത്തിന്റെ ഭൗതികാവിഷ്‌കാരം പോലെ തന്നെ യഥാര്‍ഥ്യ ബോധത്തോടെയുള്ളതാണ്. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തിന് സമൂഹ മാധ്യമങ്ങളില്‍ ഒരു ഓണ്‍ലൈന്‍ അനുബന്ധം ലഭിച്ചിരിക്കുകയാണ്. സ്വന്തം ജീവിതത്തില്‍ എങ്ങനെ സുവിശേഷത്തോടു വിശ്വസ്തത പുലര്‍ത്തുകയും സുവിശേഷം പങ്കുവയ്ക്കുകയും ചെയ്യുന്നുവോ അതുപോലെ തന്നെ ഓണ്‍ലൈന്‍ ജീവിതത്തിലും ചെയ്യേണ്ടതുണ്ട്.

'ഇതേ രീതിയില്‍ തന്നെ, നിങ്ങളുടെ വിളക്കുകള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രകാശിക്കട്ടെ, അതുവഴി അവര്‍ നിങ്ങളുടെ നല്ല പ്രവര്‍ത്തികള്‍ കാണുകയും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തുകയും ചെയ്യട്ടെ.' (മത്തായി 5:16)

സീന്യൂസ് ലൈവ് ആരംഭിച്ച ഈ അഭിപ്രായ രൂപീകരണത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

പ്രകാശ് ജോസഫ്
അഡ്വൈസറി എഡിറ്റര്‍
ഇ-മെയില്‍: [email protected]

പരമ്പരയുടെ നാലു ഭാഗങ്ങള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക:

ക്രിസ്തീയ വിശ്വാസം നിലനില്‍ക്കണം; എങ്ങനെ ചിറകെട്ടാം വിശ്വാസ മൂല്യങ്ങള്‍ക്ക്?..

ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും

യുവജനങ്ങള്‍ നമ്മുടെ കരുത്തും നിക്ഷേപവും ആകട്ടെ

നവ സംരംഭകരായി പുതു തലമുറ വളരണം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.