യുവജനങ്ങള്‍ നമ്മുടെ കരുത്തും നിക്ഷേപവും ആകട്ടെ

യുവജനങ്ങള്‍ നമ്മുടെ കരുത്തും നിക്ഷേപവും ആകട്ടെ

ഡോ. ജോണ്‍സണ്‍ ജോര്‍ജ്
പ്രൊക്യുറേറ്റര്‍ (മെല്‍ബണ്‍ സെന്റ് തോമസ്‌ സിറോ മലബാര്‍ രൂപത)

യൂറോപ്യന്‍ മണ്ണിലും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളിലുമെല്ലാം നഷ്ടപ്പെട്ട വിശ്വാസ മൂല്യങ്ങള്‍ തിരികെ ലഭിക്കണമെങ്കില്‍ യുവജനത നമ്മുടെ കരുത്തും നിക്ഷേപവുമായി മാറേണ്ടതുണ്ട്. എല്ലാ ക്രൈസ്തവ വിഭാഗങ്ങളും തങ്ങളുടെ യുവജനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തിനും സമൂഹത്തിനും ഉണര്‍ത്തുശക്തിയായി അവരെ വളര്‍ത്തിയെടുക്കുമ്പോള്‍ രാഷ്ട്രങ്ങള്‍ സാവധാനം വിശ്വാസ മൂല്യങ്ങളിലേക്കു മടങ്ങിവരും.

ദൈവത്തെ അറിയാത്ത ജനതയുമായി അടുത്തിടപഴകാനും വിശ്വാസങ്ങളും മൂല്യങ്ങളും അനുദിന ജീവിതത്തിലൂടെ എളുപ്പത്തില്‍ പകര്‍ന്നു നല്‍കാനും യുവജനതയ്ക്കു കഴിയണം. യൂണിവേഴ്‌സിറ്റികള്‍, തൊഴില്‍ മേഖലകള്‍, കളി സ്ഥലങ്ങള്‍ മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ വിശ്വാസവും മൂല്യങ്ങളും പകരാന്‍ പ്രാപ്തരാകട്ടെ നമ്മുടെ യുവത്വം. ഓരോ രാഷ്ട്രങ്ങളിലും സംസ്ഥാന-പ്രാദേശിക തലങ്ങളിലും ഉയര്‍ന്നു വരേണ്ട ക്രിസ്തീയ കൂട്ടായ്മകളുടെ ഊര്‍ജമായി യുവാക്കള്‍ വരണം.

വൃദ്ധരായ ആളുകളുടെ എണ്ണം പാശ്ചാത്യ രാജ്യങ്ങളില്‍ അനുദിനം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ മുതല്‍ മുടക്കേണ്ടത് യുവജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിലും സ്വഭാവ രൂപീകരണത്തിലും മാനസികവും ശാരീരികവുമായ ആരോഗ്യത്തിലുമാണ്.

യുവജന പങ്കാളിത്തം സഭാ പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലകളിലും ഉറപ്പു വരുത്തേണ്ട ഒന്നാണ്. കുടുംബ കൂട്ടായ്മകളില്‍ തുടങ്ങി ദേവാലയങ്ങളിലെ എല്ലാ സംഘടനകളിലും ശുശ്രൂഷകളിലും പ്രവര്‍ത്തനങ്ങളിലും രൂപതാ തലത്തിലും അതിനുമപ്പുറവും യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തണം. അവരുടെ അഭിപ്രായങ്ങളും താല്‍പര്യങ്ങളും കണക്കിലെടുത്തു മാത്രമേ തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്യാവൂ.

ചില മേഖലകളില്‍ പരിചയക്കുറവുണ്ടെങ്കില്‍ പോലും നൂതനമായ കാര്യങ്ങളിലുള്ള പ്രാവീണ്യവും സാങ്കേതികവിദ്യ പരിജ്ഞാനവും അവര്‍ക്കുണ്ട്. ഒരു പ്രശ്‌നത്തിന് പല പരിഹാരങ്ങള്‍ ഉണ്ടെന്നും പല വിധത്തില്‍ ഒരേ കാര്യം ചെയ്യാമെന്നും പല വഴികളിലൂടെ സഞ്ചരിച്ച് ഒരേ ലക്ഷ്യത്തില്‍ എത്താമെന്നുമുള്ള സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു.

മുന്‍ തലമുറ സാമ്പത്തിക ഭദ്രതയ്ക്കും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള നെട്ടോട്ടത്തില്‍ പലപ്പോഴും വേണ്ടെന്നു വെക്കുന്നത് നമ്മുടെ യുവജനങ്ങളുടെ ആത്മീയമായ വളര്‍ച്ചയ്ക്കു വേണ്ട കാര്യങ്ങളിലുള്ള ശ്രദ്ധയും സമയവും ആണ്. ആരോഗ്യമുള്ള ശരീരവും മനസുമാണ് ഏറ്റവും വലിയ സമ്പത്തെന്നും അതിന് പ്രാര്‍ത്ഥനയിലും ത്യാഗത്തിലും അധിഷ്ഠിതമായ ഒരു ജീവിതമാണ് അനിവാര്യമെന്ന സത്യവും തിരിച്ചറിയാന്‍ പലപ്പോഴും ആളുകള്‍ താമസിച്ചു പോകുന്നു.

പാരമ്പര്യങ്ങള്‍ മുറുകെപ്പിടിക്കുന്നതിലും വിശ്വാസം സംരക്ഷിക്കുന്നതിലും കല്‍ദായ സമൂഹത്തിലെ യുവജനങ്ങള്‍ പ്രകടിപ്പിക്കുന്ന തീഷ്ണത നമുക്ക് നല്ല മാതൃകയാകേണ്ടതാണ്. വിദ്യാലയങ്ങളില്‍ പിന്തുടരുന്ന 'ബഡ്ഡി സിസ്റ്റം' നമുക്കും അവലംബിക്കാവുന്നതേയുള്ളൂ. അതുവഴി അവര്‍ക്ക് വളരെ എളുപ്പത്തില്‍ പാരമ്പര്യങ്ങള്‍ മനസിലാക്കാനും നമ്മുടെ പൈതൃകങ്ങളുടെ മൂല്യങ്ങള്‍ മനസിലാക്കാനും എല്ലാവരെയും ഉള്‍ക്കൊണ്ട് സഭയെ മുന്നോട്ടു നയിക്കാനും വളരെ ചെറിയ പ്രായത്തില്‍ തന്നെ കഴിയും.

ഇങ്ങനെ പങ്കാളികളാകുമ്പോള്‍ അവര്‍ക്ക് സഭയോടുള്ള പ്രതിബന്ധതയും താല്‍പര്യവും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരും. അങ്ങനെ ഒരു നല്ല ഭാവി തലമുറയെ കെട്ടിപ്പടുക്കാന്‍ സാധിക്കും. കൊച്ചുകൊച്ചു ത്യാഗങ്ങളും അതിനു ലഭിക്കുന്ന അംഗീകാരവും കൂടുതല്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്കു പ്രചോദനമേകും.

സീന്യൂസ് ലൈവ് ആരംഭിച്ച ഈ അഭിപ്രായ രൂപീകരണത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

പ്രകാശ് ജോസഫ്
അഡ്വൈസറി എഡിറ്റര്‍
ഇ-മെയില്‍: [email protected]

പരമ്പരയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക:

ക്രിസ്തീയ വിശ്വാസം നിലനില്‍ക്കണം; എങ്ങനെ ചിറകെട്ടാം വിശ്വാസ മൂല്യങ്ങള്‍ക്ക്?..

ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.