നവ സംരംഭകരായി പുതു തലമുറ വളരണം

നവ സംരംഭകരായി               പുതു തലമുറ വളരണം

സിബി മാത്യു (യു.കെ)
ബിസിനസ് / ഹെല്‍ത്ത് കെയര്‍ സെക്ടര്‍


അതിവേഗം മാറ്റങ്ങള്‍ സംഭവിക്കുന്ന ഈ ലോകത്ത് നാം മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വ്യാവസായിക-വിപണന-രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ ക്രൈസ്തവ സമൂഹം ഇന്നും വളരെ പിന്നിലാണ്. ശരിയായ ദിശാബോധമുള്ള, ക്രൈസ്തവ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന യുവ സമൂഹം ബിസിനസ് രംഗത്ത് അഗോള തലത്തില്‍ ഉയര്‍ന്നു വരണം. ഇതിനായി എല്ലാ ക്രൈസ്തവ സഭാ നേതൃത്വങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെയും നമ്മുടെ നിലനില്‍പിന്റെയും കൂടി ആവശ്യമായി മാറിയിരിക്കുന്നു.

ബിസിനസ് മേഖലകളില്‍ മറ്റ് മത വിഭാഗങ്ങളെ അപേക്ഷിച്ച് ക്രൈസ്തവന്റെ പങ്കാളിത്തം വളരെ കുറവാണ്. ഇന്നലെ പ്രസക്തമായിരുന്ന, അതുപോലെ ലാഭകരമായിരുന്ന ബിസിനസ് മോഡലുകളല്ല ഇന്ന് ആവശ്യമുള്ളത്. ഭാവിയിലെ ട്രെന്‍ഡ് മുന്നില്‍ കണ്ടുകൊണ്ടുള്ള ചെറുതും വലുതുമായ നൂതന ബിസിനസ് 'സ്റ്റാര്‍ട്ട് അപ്പുകള്‍' തുടങ്ങണം. ഇത്തരം ബിസിനസ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ക്രൈസ്തവ സഭാ നേതൃത്വവും സംഘടനകളും യുവജനങ്ങളും മുന്നോട്ടു വരണം. ഇതിനാവശ്യമായ പരിശീലനങ്ങളും സഹായങ്ങളും സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുകയും യുവാക്കളെ ഇതിനായി പ്രോല്‍സാപ്പിക്കുകയും വേണം. ഇത്തരം ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപയോക്താക്കളും പ്രചാരകരുമായി നാം ഓരോരുത്തരും മാറുമ്പോള്‍ ദേശത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ നമ്മളും അഭിവാജ്യ ഘടകമായി മാറും.

ഓരോ പ്രദേശത്തെയും പ്രധാന ബിസിനസുകള്‍ ആരുടെ കൈവശമാണെന്ന് നോക്കിയാല്‍ മനസിലാക്കാം അവിടുത്തെ രാഷ്ട്രീയ ഭരണകൂടങ്ങളും ഔദ്യോഗിക സംവിധാനങ്ങളും ആരോടൊപ്പമാണെന്നും ആര്‍ക്കു വേണ്ടിയാണു തീരുമാനങ്ങള്‍ എടുക്കുന്നതെന്നും. ഇവിടെയാണ് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള ബിസിനസ് സംസ്‌കാരത്തിന്റെ പ്രസക്തി.

നാം മക്കളോട് നന്നായി പഠിച്ച് നല്ല ജോലി നേടി ഭാവി സുരക്ഷിതമാക്കാന്‍ ഉപദേശിക്കുന്നു. എന്നാല്‍ പറയത്തക്ക വിദ്യാഭ്യാസ യോഗ്യത ഇല്ലാതിരുന്നിട്ടും പലരും അവരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് വലിയ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നത് നാം കാണാറുണ്ട്. നമ്മുടെ മക്കള്‍ അവരുടെ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിക്കാരാവുകയും, എന്റെ മകന്‍ / മകള്‍ ആ കമ്പനിയില്‍ മാനേജര്‍ ആണെന്നു പറഞ്ഞ് അഭിമാനിക്കുകയും ചെയ്യുന്നവരാണ് നമ്മില്‍ അധികവും. എന്നാല്‍ നാം ഓര്‍ക്കണം, അനേകര്‍ക്ക് ജോലി കൊടുക്കാന്‍ കഴിയുന്ന സംരംഭങ്ങള്‍ തുടങ്ങി വിജയിപ്പിക്കാന്‍ കഴിവുള്ളവരാണ് നമ്മുടെ മക്കളും. ഈ അവബോധം മാതാപിതാക്കള്‍ക്കും സഭാ സമുദായിക നേതൃത്വങ്ങള്‍ക്കും ഉണ്ടാകണം.

രാഷ്ട്രീയ അധികാര സിരാകേന്ദ്രങ്ങളില്‍ ക്രൈസ്തവരുടെ ആവശ്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ ഒറ്റപ്പെടുത്തുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന ഒരു സംഘടിത കൂട്ടം ഇതിനു പിന്നിലുണ്ട്. ഇന്ത്യയില്‍ ഇത് സാമുദായിക ശക്തികളും രാഷ്ട്രീയ പാര്‍ട്ടികളും ആണെങ്കില്‍ ഓസ്‌ട്രേലിയയിലും യുറോപ്യന്‍ രാജ്യങ്ങളിലും ഇത് സഭാ വിരുദ്ധ ശക്തികളാണ്.

വിലമതിക്കാനാവാത്ത ക്രിസ്തീയ വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും സംരക്ഷകരും പ്രഘോഷകരുമാകേണ്ട നാം ഇന്ന് മൗനം പാലിച്ചാല്‍ വരും തലമുറയെ എങ്ങനെ വിശ്വാസത്തിലും ക്രിസ്തീയ മൂല്യങ്ങളിലും വളര്‍ത്തികൊണ്ടുവരും?

ആരും നമ്മുടെ മക്കളെ വഞ്ചിക്കാതിരിക്കാന്‍ നമുക്കിപ്പോഴേ അവര്‍ക്ക് ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വേലിയും കാവലുമാകാം. അവരെ സ്‌നേഹവും തീഷ്ണതയും ചേര്‍ത്തു നെയ്‌തെടുത്ത ഒരു പുതിയ സ്‌നേഹ-സംസ്‌കാരത്തിന്റെ ശില്‍പികളാക്കാന്‍ നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.

സീന്യൂസ് ലൈവ് ആരംഭിച്ച ഈ അഭിപ്രായ രൂപീകരണത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

പ്രകാശ് ജോസഫ്
അഡ്വൈസറി എഡിറ്റര്‍
ഇ-മെയില്‍: [email protected]

പരമ്പരയുടെ ആദ്യ മൂന്നു ഭാഗങ്ങള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക:

ക്രിസ്തീയ വിശ്വാസം നിലനില്‍ക്കണം; എങ്ങനെ ചിറകെട്ടാം വിശ്വാസ മൂല്യങ്ങള്‍ക്ക്?..

ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും

യുവജനങ്ങള്‍ നമ്മുടെ കരുത്തും നിക്ഷേപവും ആകട്ടെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.