ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി നാളെ നടത്തുന്ന ഭാരത് ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശ്യം തങ്ങള്‍ക്കില്ലെന്നും രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയായിരിക്കും ബന്ദെന്നും നേതാക്കള്‍ വ്യക്തമാക്കി.
രാവിലെ 11 മണിക്കാണ് ബന്ദ് തുടങ്ങുക എന്നതിനാല്‍ എല്ലാവര്‍ക്കും ഓഫിസില്‍ എത്താന്‍ സാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തികൈത് പറഞ്ഞു. ആംബുലന്‍സ്, വിവാഹം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ തടയില്ല. വിവിധ മോട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകള്‍ ബന്ദിനെ പിന്തുണയ്ക്കുന്നതിനാല്‍ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കു ഗതാഗതം സ്തംഭിക്കും. സമാധാനപരമായ പ്രകടനങ്ങള്‍ നടത്തുന്ന യൂണിയനുകള്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിവേദനം കൈമാറും. ബാങ്ക് യൂണിയനുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെങ്കിലും സേവനങ്ങളെ ബാധിക്കില്ല. അഞ്ചു പ്രാവശ്യം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച ആറാം ഘട്ട ചര്‍ച്ച നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
ബന്ദിന് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, എസ്പി, ആര്‍ജെഡി, എസ്പി, ഡിഎംകെ, നാഷനല്‍ കോണ്‍ഫറന്‍സ്, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ-എംഎല്‍, ആംആദ്മി പാര്‍ട്ടി, ടിആര്‍എസ്, അകാലിദള്‍, ശിവസേന തുടങ്ങിയ കക്ഷികള്‍ പിന്തുണയറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ബുധനാഴ്ച രാഷ്ട്രപതിയെ കാണും. കര്‍ഷകര്‍ക്കു പിന്തുണയുമായി വിവിധ ബാങ്ക് യൂണിയനുകളും ഡല്‍ഹി ഗുഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.
കര്‍ഷക സമരം ശക്തമായതോടെ ഡല്‍ഹി പൊലീസ് പൊതു ജനങ്ങളുടെ യാത്രയ്ക്ക് സമാന്തര പാതകള്‍ നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ തമ്പടിച്ചതോടെയാണ് മറ്റു വഴികള്‍ തേടാന്‍ പൊലീസിന്റെ നിര്‍ദേശം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയിലെ ദേശീയ പാതകള്‍ കര്‍ഷകരുടെ നിയന്ത്രണത്തിലാണ്. ട്രാക്ടറുകള്‍ നിരത്തി ഗതാഗതം തടഞ്ഞതോടെ മറ്റു വഴികളിലൂടെ മാത്രമേ വാഹനങ്ങള്‍ക്ക് അതിര്‍ത്തി കടക്കാന്‍ സാധിക്കൂ. ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസും അതിര്‍ത്തികളില്‍ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഡല്‍ഹിയിലേക്ക് വരാനും ഡല്‍ഹിയില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കു പോകാനും ട്വിറ്ററിലൂടെയാണ് ഡല്‍ഹി പൊലീസ് മറ്റു വഴികള്‍ നിര്‍ദേശിച്ചത്. നോയിഡ ലിങ്ക് റോഡിനു പകരം ഡിഎന്‍ഡി വഴി ഡല്‍ഹിയിലേക്ക് എത്തണമെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്കുള്ള നിര്‍ദേശം. ഗാസിയാബാദില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ദേശീയപാത 24 അടച്ചിട്ടിരിക്കുകയാണ്. പകരം അപ്‌സര, ഭോപ്ര, ഡിഎന്‍ഡി വഴി ഡല്‍ഹിയിലേക്ക് എത്താന്‍ കഴിയുമെന്ന് പൊലീസ് അറിയിച്ചു. ഹരിയാന അതിര്‍ത്തിയിലും പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. സിംഘു, ലംപുര്‍, മനിയാരി, മംഗേഷ് എന്നീ അതിര്‍ത്തികളിലെ ഗതാഗതം സ്തംഭിച്ചു.
അതിനിടെ വളരെ കരുതലോടെയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നീങ്ങുന്നത്. സമരത്തെക്കുറിച്ച് അനാവശ്യവും പ്രകോപനപരവുമായ പരാമര്‍ശങ്ങളൊഴിവാക്കാന്‍ ബിജെപി വക്താക്കള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശമുണ്ട്. വിവാദ കര്‍ഷക ബില്ലുകള്‍ക്കെതിരായ സമരം രാഷ്ട്രീയപ്രേരിതമാണെന്നു സ്ഥാപിച്ചെടുക്കാന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സമരം ഖലിസ്ഥാന്‍ വാദികളുടേതാണെന്ന പ്രചാരണം തിരിച്ചടിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കര്‍ഷക സമരത്തെ കരുതലോടെ സമീപിക്കാനാണ് ബിജെപി തീരുമാനം.
സമരം അവസാനിക്കാത്തതിനാല്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സമ്മേളനം ചേര്‍ന്നാലും ഇല്ലെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.