തിരുവനന്തപുരം: നിക്ഷേപ കരാര്‍ ലംഘനം നടത്തിയതിന് വിവാദ കമ്പനി സോണ്‍ട ഇന്‍ഫ്രാടെക്കിന് എതിരെ കേസ്. ബംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോണ്‍ടയില്‍ നിക്ഷേപം നടത്തിയ ജര്‍മന്‍ പൗരനായ പാട്രിക് ബോര്‍ ആണ് പരാതി ഫയല്‍ ചെയ്തത്.
കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. 20 കോടി രൂപയുടെ നിക്ഷേപത്തിന് ലാഭ വിഹിതമായി 82 ലക്ഷം നല്‍കാമെന്ന കരാര്‍ ലംഘിച്ചെന്നാണ് പരാതി. കരാറില്‍ പറഞ്ഞ തുക നല്‍കാതെ പറ്റിച്ചു എന്ന് ജര്‍മന്‍ പൗരന്‍ പരാതിയില്‍ ആരോപിക്കുന്നു.
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ലെഗസി വേസ്റ്റ് ബയോമൈനിംഗ് നടത്തുന്നതിന് കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് സോണ്‍ട ഇന്‍ഫ്രാടെക്. ഒരു വര്‍ഷം പിന്നിട്ടിട്ടും 20 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനിക്ക് നടത്താനായത്.
ഇതിനിടെ ഈ മാസം രണ്ടാം തീയതി ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തില്‍ തീ പടരുകയും അത് വലിയ വര്‍ത്ത ആകുകയും ചെയ്തു. ഇതോടെ സോണ്‍ടയുമായി സര്‍ക്കാര്‍ ഏജന്‍സിയായ കെഎസ്‌ഐഡിസി നടത്തിയ കരാറിലെ ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തുവന്നു.
സോണ്‍ടയ്ക്ക് ഈ മേഖലയില്‍ മതിയായ അനുഭവ പരിചയം ഇല്ലെന്നായിരുന്നു ആദ്യ ആക്ഷേപം. 16 കോടി രൂപയ്ക്ക് മറ്റൊരു കമ്പനി താല്‍പര്യം കാട്ടിയെങ്കിലും ആ കമ്പനിയെ ഒഴിവാക്കിയാണ് 54 കോടി രൂപയ്ക്ക് സോണ്‍ടയ്ക്ക് കരാര്‍ നല്‍കിയത്.
ഇതിനിടെ കണ്ണൂര്‍, കോഴിക്കോട്, കൊല്ലം നഗരസഭകള്‍ സോണ്‍ടയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്തു. കരാര്‍ ലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ കൊച്ചി കോര്‍പറേഷന്‍ അത്തരമൊരു നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് ഡയറക്ടറായിട്ടുള്ള കമ്പനിയാണ് സോണ്‍ട.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.