വത്തിക്കാന്‍ സിറ്റി: വന്‍ നാശം വരുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പബാധിതരെ സഹായിക്കാന്‍ മരുന്നുകള്‍ തുര്‍ക്കിയിലേക്ക് അയച്ച് ഫ്രാന്‍സിസ് പാപ്പ. തുര്‍ക്കി എംബസിയുമായി സഹകരിച്ചാണ് ആയിരക്കണക്കിന് മരുന്നുകള്‍ അയക്കുന്നത്. ടര്‍ക്കിഷ് എയര്‍ലൈന്‍സ് വഴി ദിനങ്ങള്‍ക്കുള്ളില്‍ മരുന്നുകള്‍ അയയ്ക്കുന്നത് പൂര്‍ത്തിയാക്കുമെന്ന് ജീവകാരുണ്യ സംരംഭങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി വെളിപ്പെടുത്തി. 50,000-ത്തിലധികം ആളുകളാണ് രണ്ടു രാജ്യങ്ങളിലുമുണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞത്.
ഭൂകമ്പവും യുദ്ധവും മൂലം 15 ദശലക്ഷം ആളുകള്‍ ദുരിതത്തില്‍ കഴിയുന്ന സിറിയയിലെ ജനങ്ങളെ സഹായിക്കുന്നതിനായി മാര്‍പ്പാപ്പ ഇതിനകം തന്നെ സാമ്പത്തിക സഹായം അയച്ചിട്ടുണ്ട്. 'തുര്‍ക്കി വിമാനങ്ങള്‍ വഴിയാണ് സഹായം അയക്കുന്നത്' - കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി വിശദീകരിച്ചു.
സിറിയയിലെയും തുര്‍ക്കിയിലെയും ആളുകളെ സഹായിക്കാന്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ധനസമാഹരണ കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്. ഭൂകമ്പബാധിതരുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കായി എല്ലാ വിശ്വാസികളുടെയും പങ്കാളിത്തത്തോടെയുള്ള ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായി ധനസമാഹരണം നടത്തുന്നുണ്ട്. സംഭാവനകള്‍ക്കായുള്ള ധനസമാഹരണ കാമ്പെയ്ന്‍ 2023 ഏപ്രില്‍ 30 വരെ തുടരും.
സര്‍വതും തരിപ്പണമാക്കിയ ഭൂകമ്പത്തിന്റെ നടുക്കത്തില്‍നിന്ന് തുര്‍ക്കിയും സിറിയയും ഇനിയും മുക്തമായിട്ടില്ല. ദുരന്തം ഉണ്ടായ ഉടന്‍തന്നെ ഭക്ഷണവും വസ്ത്രവുമടക്കമുള്ള അവശ്യ സാധനങ്ങള്‍ വത്തിക്കാന്‍ തുര്‍ക്കിലേക്ക് അയച്ചിരുന്നു.
സാമ്പത്തിക സഹായം അര്‍ഹിക്കുന്നവരിലേക്ക് കൃത്യമായി എത്തിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയ അപ്പസ്തോലിക് ന്യൂണ്‍ഷേച്ചറിനും ഈ ദിവസങ്ങളില്‍ തുര്‍ക്കിയിലേക്ക് മരുന്നുകള്‍ അയക്കാന്‍ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്‌കി അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി ആറിനാണ് തുര്‍ക്കിയിലും സിറിയയിലും ഭുകമ്പമുണ്ടായത്. അരലക്ഷത്തില്‍പ്പരം ആളുകള്‍ മരണമടയുകയും അനേകായിരങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അനേകം വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നടിയുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.