ചാരവൃത്തി ആരോപിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ റഷ്യയില്‍ അറസ്റ്റില്‍

ചാരവൃത്തി ആരോപിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ റഷ്യയില്‍ അറസ്റ്റില്‍

മോസ്‌കോ: വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ ചാരവൃത്തി ചുമത്തി റഷ്യ തടവിലാക്കി. അമേരിക്കന്‍ സര്‍ക്കാരിന് വേണ്ടി ഇവാന്‍ ഗെര്‍ഷ്‌കോവിച്ച് റഷ്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായാണ് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഏജന്‍സിയുടെ ആരോപണം. വാള്‍സ്ട്രീറ്റ് ജേണലിന്റെ മോസ്‌കോ ബ്യൂറോയിലെ ലേഖകനാണ് ഗെര്‍ഷ്‌കോവിച്ച്.

റഷ്യന്‍ സൈനിക രഹസ്യങ്ങളടക്കം ചോര്‍ത്തിയെന്നാണ് ആരോപണം. 31 വയസുകാരനായ ഗെര്‍ഷ്‌കോവിച്ച് നേരത്തേ ഏജന്‍സ് ഫ്രാന്‍സ് പ്രസിലും ദ മോസ്‌കോ ടൈംസിലും ജോലി ചെയ്തിട്ടുണ്ട്.

അതേസമയം, ചാരപ്പണി ആരോപണം വാള്‍ സ്ട്രീറ്റ് ജേണല്‍ നിഷേധിച്ചു. ഇവാനെ വിട്ടയയ്ക്കണമെന്നും അമേരിക്കന്‍ മാധ്യമം ആവശ്യപ്പെട്ടു. ഉക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ രാജ്യങ്ങളും റഷ്യയും ഇരു ധ്രുവങ്ങളില്‍ നില്‍ക്കെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്ന റഷ്യന്‍ നടപടി.

അറസ്റ്റിലായ യുഎസ് റിപ്പോര്‍ട്ടറുടെ പ്രവര്‍ത്തനങ്ങള്‍ മാധ്യമപ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ അവകാശപ്പെട്ടു.

നിര്‍ഭാഗ്യവശാല്‍ ഇതാദ്യമായല്ല വിദേശത്തു നിന്നെത്തിയവര്‍ വിദേശ ലേഖകന്‍ എന്ന പദവിയും പത്രപ്രവര്‍ത്തന വിസയും അക്രഡിറ്റേഷനും മാധ്യമപ്രവര്‍ത്തനമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാന്‍ ഉപയോഗിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ക്ക് കയ്യോടെ പിടികൂടുന്ന ആദ്യത്തെ പാശ്ചാത്യന്‍ ഇയാളല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ സുരക്ഷാ സേവനമായ എഫ്.എസ്.ബി ഗെര്‍ഷ്‌കോവിച്ചിനെ യുറല്‍സ് നഗരമായ യെക്കാറ്റെറിന്‍ബര്‍ഗിലാണ് തടഞ്ഞുവച്ചത്. അദ്ദേഹം അമേരിക്കന്‍ ഭാഗത്തുനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്നും അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ റഷ്യന്‍ സൈനിക വ്യാവസായിക സമുച്ചയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രഹസ്യ വിവരങ്ങള്‍ ശേഖരിച്ചുവെന്നുമാണ് റഷ്യ ആരോപിക്കുന്നത്.

1986ല്‍ ശീത യുദ്ധ കാലത്താണ് അവസാനമായി ഒരു അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ റഷ്യയില്‍ പിടിയിലാകുന്നത്. യു.എസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടര്‍ നികൊളാസ് ഡാനിലോഫിനെ അന്ന് കെ.ജി.ബി ആണ് കസ്റ്റഡിയിലെടുത്തിരുന്നത്. അമേരിക്കന്‍ ഏജന്‍സിയായ എഫ്.ബി.ഐ പിടികൂടിയ റഷ്യക്കാരനു പകരം 20 ദിവസം കഴിഞ്ഞാണ് ഡാനിലോഫിനെ വിട്ടയച്ചത്.

കസ്റ്റഡിയിലുള്ള ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ അന്വേഷണ വിധേയമായി ജയിലിലടക്കാന്‍ മോസ്‌കോ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല.

ചാരപ്പണി സ്ഥിരീകരിച്ചാല്‍ ഗെര്‍ഷ്‌കോവിച്ചിന് 20 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെയെടുത്താകും അന്വേഷണം പൂര്‍ത്തിയാകുക. ഈ സമയത്ത് പുറംലോകവുമായി ബന്ധപ്പെടാന്‍ അവസരം തീരെ കുറവാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.