തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമ ഭേദഗതിയെ എതിര്‍ത്ത് കേരളം. ഇത് വ്യക്തമാക്കി സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് കേന്ദ്രത്തിന് കത്തയച്ചു.
1875 ലെ നിയമ പ്രകാരം പ്രായപൂര്‍ത്തി വോട്ടവകാശം 18 വയസാണെന്നതും സമ്മത പ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസായിരിക്കണമെന്ന പോക്‌സോ നിയമത്തിലെ വ്യവസ്ഥയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് വിവാഹ പ്രായമുയര്‍ത്തുന്നതിനെതിരെ കേരളം നിലപാടെടുത്തത്.
യൂണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍, യുണിസെഫ് എന്നിവരുടെ പ്രമേയങ്ങള്‍ പ്രകാരം 18 വയസിന് താഴെയുള്ള വിവാഹങ്ങള്‍ ശൈശവ വിവാഹത്തിന്റെ പരിധിയില്‍ വരും. വിവാഹപ്രായം ഉയര്‍ത്തുന്നത് അന്താരാഷ്ട്ര ധാരണകളെ ലംഘിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വിവാഹം കഴിക്കാനുള്ള പ്രായപരിധി 21 വയസായി ഉയര്‍ത്തുകയും എന്നാല്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകുന്നത് 18 വയസായിരിക്കുകയും ചെയ്യുന്നത് നിയമ പ്രശ്‌നങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകും. 2017 ലെ സുപ്രീം കോടതി വിധിക്കെതിരായിരിക്കും ഈ നീക്കം.
മാത്രമല്ല വിവാഹ പ്രായം ഉയര്‍ത്തുന്നത് അപ്രതീക്ഷിത ഗര്‍ഭധാരണത്തിന് വഴിതെളിക്കുകയും അങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നും കത്തില്‍ പറയുന്നു. നിര്‍ബന്ധിത ഗര്‍ഭം അലസിപ്പിക്കലിന് കാരണമാകും. അതുകൊണ്ട് വിവാഹ പ്രായമുയര്‍ത്തുന്നത് പ്രായോഗിക തലത്തില്‍ സാധ്യമാകില്ല എന്നും കേരളം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പതിനെട്ട് വയസായ ഒരു പെണ്‍കുട്ടിക്ക് തന്റെ നേതാവിനെ തിരഞ്ഞെടുക്കാന്‍ അവകാശം ലഭിക്കുന്നു. എന്നാല്‍ തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അവകാശം നല്‍കാതിരിക്കുന്നത് സ്വാതന്ത്ര്യ നിഷേധമാണ്.
പതിനെട്ട് വയസാകുന്നതോടെ നിയമപരമായി അവള്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞു. എല്ലാ വ്യവസ്ഥാപിത മാര്‍ഗങ്ങളും അവളെ പ്രായപൂര്‍ത്തിയായതായി കണക്കാക്കും. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ മാത്രം പ്രായപൂര്‍ത്തിയാകാത്തതായി കണക്കാക്കുന്നത് വൈരുദ്ധ്യമാണെന്നും വനിതാ-ശിശുവികസന വകുപ്പ് കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ നിയമ ഭേദഗതിയെ എതിര്‍ക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v