ഫൊക്കാന കേരളാ കൺവെൻഷനിലേക്ക് ഏവർക്കും സ്വാഗതം: ഡോ. ബാബു സ്റ്റീഫൻ

ഫൊക്കാന കേരളാ കൺവെൻഷനിലേക്ക് ഏവർക്കും  സ്വാഗതം: ഡോ. ബാബു സ്റ്റീഫൻ

ന്യുയോർക്ക്: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിലായിരിക്കും കൺവൻഷൻ നടക്കുക.

ഫൊക്കാനയുടെ ഈ വർഷത്തെ കേരളാ കൺവെൻഷൻ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും. ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫൊക്കാനയുടെ കേരളാ കൺവെൻഷൻ തിരുവനന്തപുരത്തു വച്ചു നടത്താൻ തീരുമാനിച്ചപ്പോൾ തന്നെ ഏറെ പ്രത്യേകതകളോടെയായിരിക്കണം ഈ കൺവെൻഷൻ നടത്തേണ്ടതെന്ന് ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിലൂടെ ഫൊക്കാനയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കാൻ അദ്ദേഹത്തിനു കഴിയുന്നു.
കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഗോവാ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള , പശ്ചിമ ബംഗാൾ ഗവർണർ സി. വി. ആനന്ദബോസ്, കേന്ദ്ര മന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ വി. ശിവൻ കുട്ടി, ആന്റണി രാജു, മുഹമ്മദ് റിയാസ്, ആർ ബിന്ദു, ജി. ആർ. അനിൽ, എം.പി മാരായ ഡോ. ശശി തരൂർ, ജോൺ ബ്രിട്ടാസ്, അബ്‍ദുൾ വാഹിദ്, എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ മന്ത്രി എം. എ. ബേബി, വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതിദേവി തുടങ്ങി കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കുമെന്ന് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

ഉദ്ഘാടന യോഗത്തിനു ശേഷം 'ഭാഷയ്ക്കൊരു ഡോളർ' പുരസ്‌കാരം നൽകപ്പെടും. 2022 ലെ ‘ഭാഷയ്ക്കൊരു ഡോളർ' പുരസ്കാരത്തിന് കേരളാ സർവ്വകലാശാല മലയാള വിഭാഗവുമായി ബന്ധപ്പെട്ടു ‌പ്രവീൺ രാജ് ആർ. എൽ. നടത്തിയ ‘മലയാള വിമർശനത്തിലെ സർഗ്ഗാത്മകത: തിരഞ്ഞെടുത്ത വിമർശകരുടെ കൃതികളെ മുൻനിർത്തി ഒരു പഠനം’ എന്ന ഗവേഷണപ്രബന്ധം അർഹമായി. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രബന്ധം സർവ്വകലാശാല പ്രകാശന വിഭാഗം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.
ഇതോടൊപ്പം വിമെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 10 നഴ്സിംഗ് കുട്ടികൾക്ക് 1000 ഡോളർ വീതം സ്കോളർഷിപ്പും മറിയാമ്മ പിള്ള മെമ്മോറിയൽ അവാർഡും വിതരണം ചെയ്യും.
ഫൊക്കാനയുടെ സന്തതസഹചാരി ആയിരുന്ന സതീഷ് ബാബുവിന്റെ പേരിൽ ഈ വർഷം മുതൽ ഏർപ്പെടുത്തുന്ന സതീഷ് ബാബു മെമ്മോറിയൽ സാഹിത്യ അവാർഡും മറ്റു സാഹിത്യ അവാർഡുകളും സാഹിത്യ സെമിനാറിൽ വെച്ച് വിതരണം ചെയ്യും.

ബിസിനസ്സ് സെമിനാർ കേരളാ കൺവെൻഷന്റെ മറ്റൊരു പ്രത്യേകതയാണ്. മികച്ച മന്ത്രി മുഹമ്മദ് റിയാസ്, മികച്ച എം. പി. ജോൺ ബ്രിട്ടാസ്, മികച്ച എം. എൽ. എ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ ഈ കൺവെൻഷനിൽ വെച്ച് ആദരിക്കുന്നതാണ്. ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേയുടെ റിലീസിങ്ങും നടക്കും.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ചിട്ടയോടെയുള്ള പദ്ധതികള്‍ക്കാണ് ഫൊക്കാന രൂപം നൽകുന്നത്. അമേരിക്കയിൽ നിന്നും എത്തിയ ഫൊക്കാന അംഗങ്ങളടക്കം അഞ്ഞൂറിൽപ്പരം പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ കേരളീയം നേതൃത്വം നല്‍കുന്ന ഫൊക്കാന കണ്‍വന്‍ഷൻ അവിസ്മരണീയമായ ഒന്നാവുമെന്ന് ഡോ. ബാബു സ്റ്റീഫൻ കൂട്ടിച്ചേർത്തു.

ഫൊക്കാന കേരളാ കണ്‍വെന്‍ഷന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന, അതിന്റെ പ്രവര്‍ത്തന മികവിലൂടെ ഒരു പടികൂടി മുന്‍പോട്ടു പോയിരിക്കുന്നു. ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്ന ഹൃദയങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാൻ, നിരാലംബര്‍ക്ക്, വീട് നഷ്ടപ്പെട്ടവര്‍ക്ക്, മക്കള്‍ ഉപേക്ഷിച്ചവര്‍ക്ക്, അനാഥരായ കുട്ടികള്‍ക്ക്, അങ്ങനെ എവിടെയെല്ലാം സഹായ ഹസ്തം നീട്ടാൻ കഴിയുമോ അവിടെയെല്ലാം ഫൊക്കാന സഹായമാകുമെന്ന് ഡോ ബാബു സ്റ്റീഫൻ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.