ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധിച്ച രണ്ട് വര്‍ഷം തടവു ശിക്ഷക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തി അപ്പീല്‍ സമര്‍പ്പിക്കും. ഡല്‍ഹിയില്‍ നിന്ന് രാഹുല്‍ ഉച്ചയോടെ സൂറത്തിലെത്തും. കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരും ഒപ്പമുണ്ടാകും. അപ്പീല്‍ ഇന്നു തന്നെ കോടതി പരിഗണിക്കുകയാണെങ്കില്‍ കുറ്റക്കാരനാണെന്ന് കണ്ടത്തിയ വിധിയും, ശിക്ഷയും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടും.
അയോഗ്യത നീങ്ങി വയനാട് എംപി സ്ഥാനം പുനസ്ഥാപിച്ചു കിട്ടാന്‍ സെഷന്‍സ് കോടതിയുടെ നിലപാട് നിര്‍ണായകമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ രൂപീകരിച്ച മുതിര്‍ന്ന അഭിഭാഷകരുടെ സമിതിയാണ് അപ്പീല്‍ തയാറാക്കിയത്. അഭിഭാഷകരായ ആര്‍.എസ്. ചീമ, അഭിഷേക് സിംഗ്വി, പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, വിവേക് തന്‍ഖ എന്നിവരാണ് സമിതിയിലുളളത്.
മാര്‍ച്ച് 23നാണ് സൂറത്ത് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ രാഹുലിന് മുപ്പത് ദിവസം അനുവദിക്കുകയും അതുവരെ ശിക്ഷ മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിധി സ്റ്റേ ചെയ്യാന്‍ തയാറായില്ല. വിധി വന്ന് പതിനൊന്നാം ദിവസമാണ് രാഹുല്‍ അപ്പീല്‍ നല്‍കുന്നത്.
സെഷന്‍സ് കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍ രാഹുലിന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. ഗുരുതരമല്ലാത്ത വകുപ്പും, രണ്ട് വര്‍ഷം മാത്രം ശിക്ഷയുമുളള കേസായതിനാല്‍ സാധാരണ നിലയില്‍ സ്റ്റേ ലഭിക്കാനാണ് സാദ്ധ്യതയെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. കര്‍ണാടകയിലെ പ്രസംഗത്തില്‍ ഗുജറാത്തില്‍ കേസ് നിലനില്‍ക്കില്ലെന്നാണ് അഭിഭാഷകരുടെ നിരീക്ഷണം. കേസ് നടപടികളിലെ അസാധാരണ വേഗതയും പരാമര്‍ശിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.