'രാഹുല്‍ ഗാന്ധിക്ക് അയോധ്യയിലെ ക്ഷേത്ര ആശ്രമത്തില്‍ താമസമൊരുക്കാം': പിന്തുണയുമായി ഹനുമാന്‍ഗഡി ക്ഷേത്ര പൂജാരി

'രാഹുല്‍ ഗാന്ധിക്ക് അയോധ്യയിലെ ക്ഷേത്ര ആശ്രമത്തില്‍ താമസമൊരുക്കാം': പിന്തുണയുമായി ഹനുമാന്‍ഗഡി ക്ഷേത്ര പൂജാരി

ലഖ്നൗ: ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ് ലഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോധ്യയിലെ ക്ഷേത്ര ആശ്രമത്തിലേക്ക് ക്ഷണിച്ച് പൂജാരി. പ്രശ്തമായ ഹനുമാന്‍ഗഡി ക്ഷേത്രത്തിലെ പൂജാരി മഹന്ത് സഞ്ജയ് ദാസാണ് രാഹുലിനെ ആശ്രമത്തിലേക്ക് ക്ഷണിച്ചത്.

അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കുകയും പിന്നീട് വീടൊഴിയാന്‍ നോട്ടീസ് നല്‍കുകയുമായിരുന്നു.

'രാഹുല്‍ ഗാന്ധി നിര്‍ബന്ധമായും അയോധ്യയിലേക്ക് വരണം. ഹനുമാന്‍ഗഡിയിലെത്തി പ്രാര്‍ത്ഥന നടത്തണം. ഹനുമാന്‍ഗഡി ക്ഷേത്രത്തിന്റെ ക്യാമ്പസില്‍ ധാരാളം ആശ്രമങ്ങളുണ്ട്. അദ്ദേഹത്തിന് വന്ന് ഞങ്ങളുടെ ആശ്രമത്തില്‍ താമസിക്കാം. ഞങ്ങള്‍ സന്തോഷമായിരിക്കും' - സഞ്ജയ് ദാസ് പറഞ്ഞു.

പത്താം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രത്തിന്റെ മുഖ്യപൂജാരി മഹന്ത് ഗ്യാന്‍ ദാസിന്റെ പിന്തുടര്‍ച്ചക്കാരനാണ് സഞ്ജയ് ദാസ്. ക്ഷേത്ര നഗരമായ അയോധ്യയില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന ഹൈന്ദവ ദേവാലയമാണ് ഹനുമാന്‍ഗഡി. 2016ല്‍ രാഹുല്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

ഈ വര്‍ഷം ആദ്യം നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസില്‍ നിന്ന് രാഹുല്‍ അനുഗ്രഹം സ്വീകരിച്ചിരുന്നു. സര്‍വ ജനങ്ങളുടെയും നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന യജ്ഞത്തില്‍ അദ്ദേഹം സത്യേന്ദ്രദാസിനെ ആശംസ അറിയിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.