കോഴിക്കോട് ട്രെയിനില്‍ തീവെച്ച പ്രതിയെന്ന് കരുതുന്ന യുവാവ് ഉത്തര്‍പ്രദേശ് എടിഎസിന്റെ പിടിയില്‍

കോഴിക്കോട് ട്രെയിനില്‍ തീവെച്ച പ്രതിയെന്ന് കരുതുന്ന യുവാവ് ഉത്തര്‍പ്രദേശ് എടിഎസിന്റെ പിടിയില്‍

ലക്‌നൗ: കോഴിക്കോട് എലത്തൂരില്‍ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇരുപത്തിയഞ്ചുകാരനായ ഇയാളെ പിടികൂടിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.

മാര്‍ച്ച് 31 ന് ഹരിയാനയില്‍ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണ്‍ ഓഫ് ആയത്. ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നയാള്‍ ഹരിയാനയില്‍ പോയിരുന്നോ എന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ പ്രതിയെയാണോ പിടികൂടിയത് എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരൂ.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ അജ്ഞാതന്‍ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് വീശിയൊഴിച്ച ശേഷം തീ കൊളുത്തിയത്. സംഭവത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞടക്കം യാത്രക്കാരായ മൂന്നു പേരെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തീവെപ്പില്‍ പൊള്ളലേറ്റ ഒമ്പതുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തി വിട്ടിരുന്നു.

എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ഇംഗ്ലീഷിലും ഹിന്ദിയലുമുള്ള കുറിപ്പുകള്‍ അടങ്ങിയ ബുക്കും അരക്കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ടിഫിന്‍ ബോക്‌സുമാണ് കണ്ടെടുത്തിരുന്നു.

അതിനിടെ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കണ്ണൂരിലെത്തി. കൊച്ചി, ബെംഗളൂരു ഓഫിസിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. തീവയ്പ്പുണ്ടായ ബോഗി ഇവര്‍ പരിശോധിച്ചു. ആര്‍പിഎഫ് സതേണ്‍ റെയില്‍വേ സോണല്‍ ഐജി ജി.എം. ഈശ്വര റാവുവും ബോഗി പരിശോധിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.