ന്യൂയോര്‍ക്ക്: വിവാഹേതര ലൈംഗിക ബന്ധം മറച്ചു വെക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ  കുറ്റപത്രം വായിച്ചു കേള്‍ക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് ശേഷം  വിട്ടയച്ചു. 
ക്രിമിനല്‍കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്. കുറ്റപത്രം വായിച്ചു കേട്ട ട്രംപ് ആരോപണങ്ങള്‍ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് ചുമത്തിയത്. 
മണിക്കൂറുകളോളം നീണ്ട കോടതി നടപടികള്‍ക്കും വാദം പൂര്‍ത്തിയായതിനും ശേഷമാണ് ട്രംപ് മടങ്ങിയത്. കേസിലെ അടുത്ത ഘട്ട വാദം കേള്‍ക്കല്‍ ഡിസംബര്‍ നാലിന് നടക്കും. വിചാരണ നടപടികള്‍ 2024  ജനുവരിയില്‍ ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഫ്‌ളോറിഡയിലെ വസതിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ട്രംപ് ന്യൂയോര്‍ക്കിലെത്തിയത്. മുതിര്‍ന്ന ഉപദേഷ്ടാവ് ജാസന്‍ മില്ലര്‍, വക്താവ് സ്റ്റീവന്‍ഷെങ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ നിന്ന് മാന്‍ഹാട്ടന്‍ കോടതിയിലേക്ക് കനത്ത സുരക്ഷയിലായിരുന്നു ട്രംപിന്റെ യാത്ര. കോടതി പരിസരത്തും വന്‍തോതില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗിക ബന്ധം മറച്ചു വെക്കാന്‍ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നാണ് ട്രംപിനെതിരായ കേസ്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ട്രംപ് പണം നല്‍കിയതെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞയാഴ്ചയാണ് മന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് ഡോണാള്‍ഡ് ട്രംപിന് തിരിച്ചടിയായി ലൈംഗികാരോപണക്കേസ് വന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.