വെല്ലിങ്ടണ്‍: മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും സ്വപ്‌നം കണ്ട് ഓസ്ട്രേലിയയില്‍ ജോലിക്കായി കാത്തിരിക്കുന്നത് അയ്യായിരത്തിലേറെ ന്യൂസിലന്‍ഡ് നഴ്സുമാര്‍. ജീവനക്കാരുടെ ക്ഷാമം മൂലം ഇപ്പോള്‍ തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന ന്യൂസിലന്‍ഡ് ആരോഗ്യ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ കൊഴിഞ്ഞു പോക്കെന്ന് നഴ്‌സസ് യൂണിയനുകള്‍ പറയുന്നു.
ജീവനക്കാരുടെ ക്ഷാമവും അമിതമായ തൊഴില്‍ ഭാരവും മൂലം കടുത്ത സമ്മര്‍ദമനുഭവിക്കുന്ന ന്യൂസിലന്‍ഡിലെ നഴ്‌സുമാരാണ് കൂട്ടത്തോടെ ഓസ്ട്രേലിയയിലേക്കു കുടിയേറാനായി കാത്തിരിക്കുന്നത്.
ഓഗസ്റ്റ് മുതല്‍ ഏകദേശം 5,000-ത്തിലേറെ ന്യൂസിലന്‍ഡ് നഴ്സുമാര്‍ ഓസ്ട്രേലിയയില്‍ പ്രാക്ടീസ് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഓസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സി വക്താവിനെ ഉദ്ധരിച്ച് 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയയിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏകദേശം 65,000 നഴ്സുമാരുടെ എട്ടു ശതമാനം വരുമിത്.
'ഓസ്ട്രേലിയയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള നഴ്സുമാരുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് ന്യൂസിലന്‍ഡ് നഴ്സസ് ഓര്‍ഗനൈസേഷന്‍ ഭാരവാഹിയായ കെറി നുകു പറഞ്ഞു.
വൈദഗ്ധ്യവും അനുഭവ സമ്പത്തുമുള്ള ഇത്രയധികം നഴ്സുമാരെ രാജ്യത്തിനു നഷ്ടപ്പെടുന്നത് ആരോഗ്യ മേഖലയില്‍ കടുത്ത ആഘാതം സൃഷ്ടിക്കും. നഴ്‌സുമാരുടെ നിലവിലുള്ള ക്ഷാമം വര്‍ധിക്കുകയും രോഗീ പരിചരണത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യും.
ന്യൂസിലന്‍ഡിലെ ആരോഗ്യ പരിചരണ മേഖലയിലെ ഒഴിവുകള്‍ കഴിഞ്ഞ വര്‍ഷം 11 ശതമാനമായിരുന്നു. കൂടുതല്‍ നഴ്സുമാര്‍ വിട്ടു പോകുമ്പോള്‍, നിലവിലുള്ള ജീവനക്കാര്‍ക്ക് അമിത ജോലി ഭാരമുണ്ടാകുമെന്ന് നുകു പറഞ്ഞു. ഇതിനകം തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്ത് ക്ഷീണിതരാണ്.
കോവിഡ് മഹാമാരിക്കും ഗബ്രിയേല്‍ ചുഴലിക്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും ശേഷം ജോലി ഭാരം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി ഓസ്ട്രേലിയയിലേക്കു പോകാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂട്ടിയത്.
ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലും നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ശമ്പള നിരക്കുകളില്‍ വ്യത്യാസമുണ്ട്. ഓസ്ട്രേലിയയിലേക്ക് മാറിയ ചില നഴ്സുമാരോട് സംസാരിച്ചപ്പോള്‍, ഇപ്പോള്‍ അവര്‍ക്ക് ന്യൂസിലന്‍ഡില്‍ ലഭിച്ചിരുന്നതില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞതായി കെറി നുകു വിശദീകരിച്ചു.
കൂടുതല്‍ ശമ്പളത്തിനായി നഴ്സുമാര്‍ മറ്റൊരു രാജ്യത്തേക്കു പോകുന്നതില്‍ തനിക്ക് അത്ഭുതമില്ലെന്ന് പ്രതിപക്ഷ വക്താവ് ഡോ. ഷെയ്ന്‍ റെറ്റി പറഞ്ഞു. ഓസ്ട്രേലിയയില്‍ ശമ്പള നിരക്ക് വളരെ ഉയര്‍ന്നതാണെന്നും ആരോഗ്യ മേഖലയിലെ റിക്രൂട്ട്‌മെന്റിനായി അവിടുത്തെ സംസ്ഥാനങ്ങള്‍ ശതകോടികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ ന്യൂസിലന്‍ഡിലെ ആരോഗ്യ സംവിധാനം പാടെ തകര്‍ന്നിരിക്കുകയാണെന്നും ഡോ. ഷെയ്ന്‍ റെറ്റി കൂട്ടിച്ചേര്‍ത്തു.
മെച്ചപ്പെട്ട വേതനത്തിനായി ന്യൂസിലന്‍ഡ് നഴ്സുമാര്‍ കഴിഞ്ഞ വര്‍ഷം നിരവധി സമര പരിപാടികള്‍ നടത്തി. ഇതേതുടര്‍ന്ന് നഴ്സുമാര്‍ക്ക് 15% ശമ്പള വര്‍ദ്ധന ന്യൂസിലന്‍ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നഴ്‌സുമാരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഷെയ്ന്‍ റെറ്റി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.