ഉയിര്‍പ്പു തിരുനാള്‍; ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ക്രൈസ്തവ മത നേതാക്കള്‍

ഉയിര്‍പ്പു തിരുനാള്‍; ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ക്രൈസ്തവ മത നേതാക്കള്‍

ജറുസലേം: ഉയിര്‍പ്പു തിരുനാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജറുസലേമിലെ പുണ്യസ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഭരണാധികാരികളോട് ആവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍. കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് നേതാക്കള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് ഈ ആവശ്യം ഉന്നയിച്ചത്.

സമീപ കാലത്തായി വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ വിശുദ്ധ ഭൂമിയെ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് പ്രാദേശിക ക്രിസ്ത്യാനികള്‍ അവിടെ കഴിയുന്നത്.

ക്രൈസ്തവ ദേവാലയങ്ങളും മൃതസംസ്‌കാര ഘോഷയാത്രകളും പൊതുസമ്മേളന വേദികളും ആക്രമണത്തിന്റെ ലക്ഷ്യമായിത്തീര്‍ന്നിരിക്കുന്നതായി പ്രസ്താവനയില്‍ നേതാക്കള്‍ ആശങ്ക പങ്കുവയ്ക്കുന്നു.

'പുണ്യസ്ഥലങ്ങളും സെമിത്തേരികളും അശുദ്ധമാക്കപ്പെട്ടു. സംഘര്‍ഷം മൂലം ഓശാന ഞായറിലെ പ്രദക്ഷിണം, ഹോളി ഫയര്‍ ചടങ്ങ് ഉള്‍പ്പെടെയുള്ള പുരാതന ആരാധനാക്രമങ്ങളില്‍ ചിലത് ആചരിക്കാനാകുന്നില്ല. വിശുദ്ധ നാടുകളിലേക്കുള്ള തീര്‍ത്ഥാടനവും മുടങ്ങി.

മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത മതവിഭാഗങ്ങള്‍ ഒരുപോലെ ജറൂസലേമിനെ വിശുദ്ധ ഭൂമിയായി കണക്കാക്കുന്നു. മൂന്ന് മത വിഭാഗങ്ങള്‍ക്കും വരും ആഴ്ചകളില്‍ മതപരമായ പ്രധാനപ്പെട്ട ചടങ്ങുകളുണ്ട്. ഈ സമയത്ത് നിരവധി പേര്‍ ജറുസലേമിലെ പഴയ നഗരത്തില്‍ തിങ്ങിക്കൂടും.

ഗ്രിഗോറിയന്‍ കലണ്ടര്‍ പിന്തുടരുന്ന ക്രൈസ്തവര്‍ക്ക് ഏപ്രില്‍ ഒന്‍പതിനാണ് ഉയിര്‍പ്പു തിരുനാള്‍. അതേസമയം ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ തുടര്‍ന്നുള്ള ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കും. ജൂതന്മാരെ സംബന്ധിച്ചിടത്തോളം പെസഹാ ആചരണം ഏപ്രില്‍ അഞ്ചിന് സൂര്യാസ്തമയം മുതല്‍ ഏപ്രില്‍ 13 വരെ നീണ്ടുനില്‍ക്കും. മുസ്ലീങ്ങള്‍ക്ക് റമദാന്‍ മാര്‍ച്ച് 22-ന് ആരംഭിച്ചു.

ഫെബ്രുവരിയില്‍ പുരാതന നഗരമായ നബ്ലസിലും സമീപ പട്ടണമായ ഹുവാരയിലും ഇസ്രായേലികളും പലസ്തീനിയും തമ്മില്‍ വലിയ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.

ജറുസലേമിലെ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരുടെ ദ കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡ് എന്ന കത്തോലിക്കാ സംഘടനയ്ക്കാണ് വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണച്ചുമതല. ക്രൈസ്തവര്‍ക്കെതിരേ സമീപകാലത്ത് നടന്ന നിരവധി ആക്രമണങ്ങള്‍ നടന്നതായി ഇവര്‍ റിപ്പോര്‍ട്ട് ചെയ്തു.

യെരുശലേമിലെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ളാഗലേഷന്‍ പള്ളിയിലെ യേശുക്രിസ്തുവിന്റെ പ്രതിമ ഒരു യഹൂദ വിശ്വാസി തകര്‍ത്തിരുന്നു. ജനുവരിയില്‍ ജറുസലേമിലെ ഒരു ക്രിസ്ത്യന്‍ സെമിത്തേരി നശിപ്പിക്കപ്പെട്ടു. അര്‍മേനിയന്‍ ക്വാര്‍ട്ടറില്‍ 'ക്രിസ്ത്യാനികള്‍ക്ക് മരണം' എന്ന വാചകം ഒരു മഠത്തിന്റെ ചുവരുകളില്‍ കോറിയിട്ടു.

ജെറുസലേമിലെ പഴയ നഗരത്തില്‍ ഈസ്റ്റര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്ന ക്രിസ്ത്യാനികളുടെ എണ്ണം സമീപ വര്‍ഷങ്ങളിലായി ഇസ്രായേല്‍ സൈന്യം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ജറുസലേമിലെ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പിന്റെ ചാപ്ലിന്‍ ഡൊണാള്‍ഡ് ബൈന്‍ഡര്‍ പറഞ്ഞു.

പതിനായിരക്കണക്കിന് ജൂതന്മാര്‍ക്കും അതിലും കൂടുതല്‍ മുസ്ലീങ്ങള്‍ക്കും അവരുടെ വിശുദ്ധ സ്ഥലങ്ങളിലേക്ക് സൗജന്യ പ്രവേശമുണ്ട്. അതിനാല്‍ ഈ രീതി വ്യക്തമായ വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.