ഹനുമാന്‍ ജയന്തി ദിനത്തിലും ആക്രമണത്തിന് സാധ്യത: രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം; പ്രശ്‌ന സാധ്യത മേഖലകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചു

ഹനുമാന്‍ ജയന്തി ദിനത്തിലും ആക്രമണത്തിന് സാധ്യത: രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം; പ്രശ്‌ന സാധ്യത മേഖലകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചു

ന്യൂഡല്‍ഹി: രാമനവമി ദിനത്തിലെ അക്രമ സംഭവങ്ങളുട പശ്ചാത്തലത്തില്‍ ഹനുമാന്‍ ജയന്തി ദിനാഘോഷ പരിപാടികള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം. സമാന രീതിയില്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ക്രമസമാധാനം തകരാതിരിക്കാന്‍ കേന്ദ്ര സേനയെ ആഘോഷ മേഖലകളില്‍ വിന്യസിക്കും. ഏപ്രില് 16നാണ് ഹനുമാന്‍ ജയന്തി ദിനം.

അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ എന്താണെന്ന് പശ്ചിമ ബംഗാള്‍ ഹൈക്കോടതി മമതാ സര്‍ക്കാരിനോട് ചോദിച്ചു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ബംഗാള്‍ പൊലീസിന് കഴിയുന്നില്ലെങ്കില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചയിടങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അവിടെ ഘോഷയാത്ര ഉള്‍പ്പെടയുള്ളവ നടത്തരുതെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹനുമാന്‍ ജയന്തി ദിനത്തില്‍ ബംഗാളില്‍ സമാധാനം ഉറപ്പാക്കണമെന്നും എല്ലാവരും സന്തോഷത്തോടെ ആഘോഷിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ജനങ്ങളോട് അഭ്യര്‍ഥിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പും ഹനുമാന്‍ ജയന്തി സംബന്ധിച്ച് മമത പ്രസ്താവന ഇറക്കിയിരുന്നു. ഹനുമാനോട് എല്ലാവര്‍ക്കും ബഹുമാനമുണ്ടെന്നും എന്നാല്‍ അക്രമം വെച്ചുപൊറുപ്പിക്കില്ലെന്നുമാണ് മമത പറഞ്ഞത്. ചില ദുഷ്ടശക്തികള്‍ക്ക് അക്രമം വ്യാപിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹിയും ജാഗ്രതയിലാണ്. കഴിഞ്ഞ വര്‍ഷം ഹനുമാന്‍ ജയന്തി ദിനത്തിലെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമം. ജഹാംഗീര്‍പുരിയില്‍ സുരക്ഷാസേന മാര്‍ച്ച് നടത്തി. ഘോഷയാത്ര നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നഗരമാണ് ജഹാംഗീര്‍പുരി. ഇതിന് ആദ്യം പൊലീസ് അനുമതി നല്‍കിയിരുന്നില്ലെങ്കിലും ഇപ്പോള്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കനത്ത സുരക്ഷയുടെ നടുവിലാണ് ഘോഷയാത്ര നടക്കുന്നത്.

മഹാരാഷ്ട്രയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഹനുമാന്‍ ജയന്തിക്ക് മുമ്പു തന്നെ അഹമ്മദ് നഗറില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം കല്ലേറും തീവെപ്പിലുമാണ് കലാശിച്ചത്. പ്രതികള്‍ ഒരു കാറും രണ്ട് ബൈക്കുകളും കത്തിച്ചു. കല്ലേറില്‍ നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ജാര്‍ഖണ്ഡിലും സ്ഥിതിഗതികള്‍ സംഘര്‍ഷ ഭരിതമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ സാഹിബ്ഗഞ്ച് പ്രദേശത്ത് ഹനുമാന്‍ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇതിനെത്തുടര്‍ന്ന് അവിടെ വലിയ തോതില്‍ അക്രമം നടന്നിരുന്നു. മൂന്ന് മണിക്കൂറോളം ആളുകള്‍ ദേശീയപാത ഉപരോധിച്ചു.

ബീഹാറിലും രാമനവമി ദിനത്തില്‍ അക്രമം നടന്നിരുന്നു. ഇപ്പോള്‍ പട്‌നയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് വിപുലമായ പരിപാടികള്‍ നടക്കുന്നതിനാല്‍ സുരക്ഷയ്ക്കായി അവിടെ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. രാമനവമിയിലേത് പോലെയുള്ള അക്രമങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.