പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും; അവസാന ദിവസവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍ സാധ്യത

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും; അവസാന ദിവസവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍ സാധ്യത

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത, അദാനി, ജെപിസി വിഷയങ്ങളില്‍ സ്തംഭിച്ച ബജറ്റ് സമ്മേളനം രണ്ടാം ഘട്ടത്തിന്റെ അവസാന ദിവസത്തിലും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം ഇന്ന് പ്രതിപക്ഷ നേതാക്കള്‍ ത്രിവര്‍ണ പതാകയുമായി പാര്‍ലമെന്റ് ഹൗസില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തും.

മാര്‍ച്ച് 13 ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കം മൂലം കാര്യമായ നടപടികളൊന്നും സ്വീകരിക്കാനായില്ല. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം. മറുവശത്ത് ലണ്ടനില്‍ നടത്തിയ 'ജനാധിപത്യം ആക്രമിക്കപ്പെടുന്നു' എന്ന പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപിയും ആവശ്യപ്പെടുന്നു. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയും കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.

അതേസമയം പ്രതിപക്ഷ നേതാക്കള്‍ ത്രിവര്‍ണ പതാകയുമായി പാര്‍ലമെന്റ് ഹൗസില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തും. പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞ ശേഷമായിരിക്കും മാര്‍ച്ച് നടക്കുക. കൂടാതെ പ്രതിപക്ഷ എംപിമാര്‍ വിജയാ ചൗക്കില്‍ പത്രസമ്മേളനം നടത്തുമെന്നും ബജറ്റ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന എല്ലാ പ്രശ്‌നങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.