വത്തിക്കാന്‍ സിറ്റി: ഭൂകമ്പത്തില്‍ തകര്‍ന്ന 15-ാം നൂറ്റാണ്ടിലെ കുരിശ് ഉയിര്‍പ്പു തിരുനാളിനോടനുബന്ധിച്ച് പുനഃസ്ഥാപിച്ചു. 2016 ഓഗസ്റ്ററില്‍ വേനല്‍ക്കാലത്തിന്റെ അവസാനം മധ്യ ഇറ്റലിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടം ഉണ്ടായിരുന്നു. ചരിത്ര പ്രധാന്യമുള്ള നിരവധി പള്ളികളും കെട്ടിടങ്ങളും തകര്‍ന്നു.
ഇറ്റലിയിലെ ഏറ്റവും പഴയ സന്യാസ സമുച്ചയങ്ങളിലൊന്നായ സാന്റ് യൂട്ടിസിയോയുടെ ആശ്രമത്തില്‍ സ്ഥാപിച്ചിരുന്ന കുരിശിന്റെ ചിത്രം അന്നത്തെ ഭൂകമ്പത്തില്‍ 30 കഷണങ്ങളായി തകര്‍ന്നിരുന്നു. ഇതോടൊപ്പം പള്ളിയുടെ മേല്‍ക്കൂരയും മണിമാളികയും തകര്‍ന്നു. 1472-ല്‍ നിക്കോള ഡി ഉലിസെ ഡാ സിയീന വരച്ചതായിരുന്നു ഈ കുരിശിന്റെ ചിത്രം.
പള്ളിയുടെ അള്‍ത്താരയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന കുരിശിന്റെ ശകലങ്ങള്‍ ആഴ്ചകള്‍ക്ക് ശേഷം അഗ്‌നിശമന സേനാംഗങ്ങളും വത്തിക്കാനില്‍ നിന്നുള്ള കലാ പുനരുദ്ധാരണ പ്രവര്‍ത്തകരും ചേര്‍ന്നാണ് വീണ്ടെടുത്തത്. നാളുകള്‍ക്കു ശേഷമാണ് ഈ കുരിശിന്റെ പുനരുദ്ധാരണം ആരംഭിച്ചത്. ഫ്രാന്‍സിസ് പാപ്പാ ഈ കുരിശിന്റെ പുനരുദ്ധാരണത്തില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
വത്തിക്കാന്‍ മ്യൂസിയത്തിലെ കലാസൃഷ്ടികള്‍ പുനരുദ്ധരിക്കുന്ന പെയിന്റിംഗ് ആന്‍ഡ് വുഡ് റിസ്റ്റോറേഷന്‍ ലബോറട്ടറിയിലെ ഒരു സംഘം 2018 മുതല്‍ കുരിശിനെ പഴയതു പോലെയാക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു. വത്തിക്കാന്‍ മ്യൂസിയത്തില്‍, 'പ്രതീക്ഷയുടെ ശകലങ്ങള്‍' എന്ന താല്‍ക്കാലിക പ്രദര്‍ശനത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഈ കൃതി. ക്രൂശിത രൂപത്തിന്റെ പുനരുദ്ധാരണത്തിന്റെ കഥ വിവരിക്കുന്നതാണ് പ്രദര്‍ശനം.
ഈ വേനല്‍ക്കാലത്ത് സ്പോലെറ്റോ-നോര്‍ഷ്യ അതിരൂപതയിലെ ജനങ്ങള്‍ക്ക് കുരിശ് തിരികെ നല്‍കുകയും രൂപതയുടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. 2022 സെപ്റ്റംബറില്‍ ആശ്രമത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു, പൂര്‍ത്തിയാകാന്‍ നിരവധി വര്‍ഷങ്ങള്‍ എടുക്കും.
ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളും വീണ്ടെടുക്കാന്‍ കഴിയാതിരുന്നിട്ടും കുരിശിന്റെ പുനരുദ്ധാരണം അവിശ്വസനീയമായ നേട്ടമാണെന്ന് മധ്യകാല കലയില്‍ വിദഗ്ധയായ അന്ന പിസമാനോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.